Categories: Travel

സഞ്ചാരികളെ വരവേല്‍ക്കാന്‍ പടിഞ്ഞാറേകല്ലട, ശാസ്താംകോട്ട കായലിനെയും കല്ലടയാറിനെയും ഉള്‍പ്പെടുത്തി ഗ്രാമീണ ടൂറിസം

എംപിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി, ജൈവവൈവിധ്യ ബോര്‍ഡ്, കെഎസ്ഇബി, ഫിഷറീസ് വകുപ്പുകള്‍ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Published by

കൊല്ലം: സഞ്ചാരികളെ വരവേല്‍ക്കാന്‍ പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് ഒരുങ്ങുന്നു. ശാസ്താംകോട്ട കായലിനെയും കല്ലടയാറിനെയും ഉള്‍പ്പെടുത്തി ഗ്രാമീണ ടൂറിസം പദ്ധതിയുടെ ഭാഗമാകും വിധമുള്ള തയ്യാറെടുപ്പാണ് നടത്തുന്നത്.  

എംപിയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ധതി, ജൈവവൈവിധ്യ ബോര്‍ഡ്, കെഎസ്ഇബി, ഫിഷറീസ് വകുപ്പുകള്‍ എന്നിവയുടെ സഹായത്തോടെയാണ്  പദ്ധതി നടപ്പാക്കുന്നത്. പൂര്‍ണമായും ഹരിത ചട്ടങ്ങള്‍ പാലിച്ചുള്ള പദ്ധതിയുടെ ഭാഗമായി കായല്‍ ബണ്ട് റോഡ് 1.5 കിലോമീറ്റര്‍ നീളത്തിലും, രണ്ട് മീറ്റര്‍ വീതിയിലും ടൈലുകള്‍ പാകും. ഇതിനായി 10 ലക്ഷം രൂപ അനുവദിച്ചു. കായല്‍ ബണ്ടിലെ പാതയുടെ ഇരു വശങ്ങളിലും ഓരോ നൂറു മീറ്ററിലും ബെഞ്ചുകള്‍ സ്ഥാപിക്കും. ഇരു വശങ്ങളിലും കയര്‍ഭൂവസ്ത്രം ഉപയോഗിച്ച് മണ്ണൊലിപ്പ് തടയും. ഇവിടെ കെഎസ്ഇബി യുടെ സൗരവൈദ്യുതി പാനലുകള്‍ സ്ഥാപിക്കുന്നത് വഴി വൈദ്യുതി ഉല്പാദനവും ലക്ഷ്യം വെയ്‌ക്കുന്നു. ചെറിയ മരങ്ങള്‍ നട്ട് മനോഹരമാക്കുന്നതോടെ കായലിന്റെ സൗന്ദര്യം ആസ്വദിച്ചു പ്രഭാത-സായാഹ്ന നടത്തത്തിനുള്ള സൗകര്യം ഒരുങ്ങും.

കായല്‍ ബണ്ടിലേക്കുള്ള കളീലീല്‍ മുക്ക് റോഡിന് മുഖ്യമന്ത്രിയുടെ വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കായല്‍ തീരത്തെ വയലുകള്‍ക്ക് ഇടയിലൂടെയുള്ള മനോഹരയാത്ര സാധ്യമാക്കുന്ന ഐക്കരഴികത്തുമുക്ക് റോഡിന് ഫിഷറീസ് വകുപ്പിന്റെ 45 ലക്ഷം രൂപ ഫണ്ട് ലഭിച്ചു. ഇരു റോഡുകളുടെയും നിര്‍മ്മാണം തുടങ്ങി കഴിഞ്ഞു.

ഡിടിപിസിയുമായി സഹകരിച്ച് കടപുഴ കല്ലടയാറിന്റെ തീരത്തുള്ള  വിനോദസഞ്ചാര പദ്ധതിയും ഇതിന്റെ ഭാഗമാകും. കഫറ്റേറിയ, നാടന്‍ ഭക്ഷണശാല, കുട്ടികളുടെ പാര്‍ക്ക്, കല്ലടയേയും മണ്ട്രോതുരുത്തിനെയും ബന്ധിപ്പിക്കുന്ന ബോട്ട്യാത്ര എന്നിവയാണ് ആകര്‍ഷണം. കല്ലട വലിയപള്ളി ഉള്‍പ്പെടെയുള്ള തീര്‍ഥാടനകേന്ദ്രങ്ങളും സന്ദര്‍ശിക്കാം.

തദ്ദേശീയര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക കൂടിയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts