തിരുവനന്തപുരം: കടുത്ത ചൂടില്‍ കേരളം വെന്തുരുകുമ്പോള്‍ ആശ്വാസം പകരാന്‍ വേനല്‍മഴ എത്തുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്നു മുതല്‍ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 4 ദിവസങ്ങളില്‍ ഇതു തുടരും. അടുത്തയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടും. അതോടെ സംസ്ഥാനത്തൊട്ടാകെ വേനല്‍മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ 18 ന് നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ എസ് സന്തോഷ് പറഞ്ഞു. വടക്കന്‍ കേരളത്തില്‍ ഈ ദിവസങ്ങളില്‍ മഴയ്ക്കു സാധ്യതയില്ല. അന്തരീക്ഷ ആര്‍ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ മഴ ലഭിക്കും. തെക്കന്‍കേരളത്തിലാണ് കൂടുതല്‍ സാധ്യത. ഇന്ന് വൈകീട്ടോടെ തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ മഴക്ക് സാധ്യതയുണ്ട്. കണ്ണൂര്‍, വയനാട് വനമേഖലകളിലും മഴ പെയ്തേക്കും. മലപ്പുറം, പാലക്കാട് ജില്ലകളിലെ അതിര്‍ത്തിയിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്.
ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലും മഴ ലഭിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരദേശ മേഖലയിലും മഴക്ക് സാധ്യതയുണ്ട്. മാര്‍ച്ച് 20വരെ ശരാശരി വേനല്‍മഴ ലഭിച്ചേക്കും. 20ന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദത്തിന്റെ സഞ്ചാരപാത വ്യക്തമായിട്ടില്ലെങ്കിലും കേരളത്തില്‍ മഴക്ക് സാധ്യതയുണ്ട്.
സംസ്ഥാനത്ത് ഇന്നലെയും കടുത്ത ചൂടിനു ശമനമില്ലായിരുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്തു പകല്‍ ഏറ്റവും ഉയര്‍ന്ന താപനില കൊല്ലം ജില്ലയിലെ പുനലൂരില്‍ രേഖപ്പെടുത്തി: 38.8 ഡിഗ്രി സെല്‍ഷ്യസ്. തൃശൂര്‍ വെള്ളാനിക്കരയാണ് തൊട്ടടുത്ത്. 38.6 ഡിഗ്രി സെല്‍ഷ്യസ്. മറ്റു ജില്ലകളില്‍ 35നും 38 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ് ഉയര്‍ന്ന താപനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: