തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കൊടുംകുറ്റവാളികള്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി സംസ്ഥാനത്ത് എത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് തൊഴില്‍വകുപ്പു മന്ത്രി വി. ശിവന്‍കുട്ടി. തൊഴിലാളികളെന്ന വ്യാജേനയാണ് ഇവരെത്തുന്നതെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. സംസ്ഥാന ആഭ്യന്തര വകുപ്പ് നല്‍കിയവിവരങ്ങളനുസരിച്ച് ആലപ്പുഴ ജില്ലയിലെ വെണ്മണി പോലീസ് സ്റ്റേഷനില്‍ രണ്ട് കേസുകളും കാസര്‍കോട് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനില്‍ ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംസ്ഥാനത്ത് അഞ്ചര ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികൾ വിവിധ തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണവും രജിസ്ട്രേഷനും തിരിച്ചറിയല്‍ കാര്‍ഡും ആരോഗ്യ പരിരക്ഷയും ലക്ഷ്യമിട്ടുകൊണ്ടുള്ള ആവാസ് പദ്ധതി മുഖേന തൊഴിലാളികളുടെ രജിസ്ട്രേഷന് നടന്നുവരുന്നതായും 5,13,359 രജിസ്റ്റര്‍ ചെയ്ത് ആവാസ് കാര്‍ഡ് വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇത് മാര്‍ച്ച് ഏഴ് വരെയുള്ള കണക്കുകളാണ്. കൂടാതെ കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി പ്രകാരം 58,888 തൊഴിലാളികളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും പശ്ചിമബംഗാള്‍, തമിഴ്നാട്, കര്‍ണ്ണാടക, ഒഡീഷ, ജാര്‍ഖണ്ഡ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, അസാം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. പശ്ചിമ ബംഗാളില്‍ നിന്നുള്ളവരാണ് കൂടുതല്‍. വിവിധ സംസ്ഥാനങ്ങളിലെ 194 ജില്ലകളില്‍ നിന്നാണ് കേരളത്തിലേക്ക് തൊഴിലാളികള്‍ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: