ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് കശ്മീര്‍ ഫൈല്‍സിന്റെ വന്‍ മുന്നേറ്റം. ചിത്രം നാലാം ദിവസം പിന്നിട്ടപ്പോള്‍ 47.85 കോടി രൂപ കളക്ഷന്‍ ലഭിച്ചതായി നിര്‍മ്മാതാക്കളായ സീ സ്റ്റുഡിയോ അറിയിച്ചു. റിലീസ് തീയറ്ററുകളുടെ എണ്ണത്തിലും കശ്മീര്‍ ഫയല്‍സ് റെക്കോര്‍ഡ് തിരുത്തിയിരുന്നു. ആദ്യ ദിനം 600 സ്ക്രീനുകളിലായിരുന്നു പ്രദര്ശനമായിരുന്നതെങ്കില് നാലാം ദിനം പിന്നിടുമ്പോള്‍ അത് 2000ല്‍ അധികമായി ഉയര്‍ന്നു.
ചിത്രം വിജയകരമായി മുന്നേറുമ്പോള്‍ ചര്‍ച്ചയാകുന്നത് കശ്മീരിലെ ഹിന്ദുക്കളുടെ വംശഹത്യയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന ചരിത്രമാണ്. ഇതില്‍ താന്‍ അഭിനയിക്കുകയായിരുന്നില്ലായെന്നും തന്റെ ജീവിതത്തിലെ ചില ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്നും കശ്മീരി ഹിന്ദുവായ നടന് അനുപം ഖേര്‍ പ്രതികരിച്ചിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ചിത്രത്തിന് നികുതി ഒഴിവാക്കിയിരുന്നു.
കാശ്മീരി പണ്ഡിറ്റുകളുടെ നേരെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ക്രൂരതയുടെ കണ്ണ് നനയിപ്പിക്കുന്ന രംഗങ്ങള്‍ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നു. ഭയം കൊണ്ടും വര്‍ഗീയ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ കൊണ്ടും വര്‍ഷങ്ങളായി പറയാന്‍ മടിച്ചിട്ടുള്ള, സൗകര്യപൂര്‍വം മറച്ചു പിടിക്കുന്ന, പൊള്ളുന്ന സംഭവങ്ങളുടെ നേര്‍ക്കാഴ്ചകള്‍.
സിനിമയ്ക്ക് അനുകൂലമായി കേരളത്തിലും നവ മാധ്യമങ്ങളില്‍ വലിയ പ്രചാരണം ഉണ്ടായി. സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളില്‍ ഒരു ഷോയ്ക്ക് പോലും ഒരു സീറ്റ് പോലും ഒഴിഞ്ഞു കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക, സ്വയം തിയേറ്ററില്‍ പോവാന്‍ പറ്റാത്തവര്‍ അവിടെ അടുത്തുള്ള സുഹൃത്തുക്കള്‍ക്ക് ടിക്കറ്റ് സ്പോണ്സര് ചെയ്തു കൊടുക്കുക, സോഷ്യല്‍ മീഡിയയില്‍ കശ്മീര്‍ ഫയല്‍സ് ചര്‍ച്ച സജീവമായി നിലനിര്‍ത്തുക എന്നീ നിലപാടുകളുമായി യുവാക്കള്‍ രംഗത്തുവന്നു. ‘ദി കശ്മീര്‍ ഫയല്‍സ്’ സിനിമ വിജയിപ്പിക്കുന്നതു ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും പ്രചരിപ്പിച്ചു. അതിന്റെ ഫലം കൂടിയാണ് കൂടുതല്‍ തീയേറ്ററുകളിലേക്ക് സിനിമ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: