മുണ്ടമറ്റം രാധാകൃഷ്ണന്
പുത്രന് എന്ന പദവിയ്ക്കര്ഹതയുള്ളവനേ അമ്മയുടെ മാനം കാക്കാനാവൂ. ഭാരതമാതാവിന്റെ, അങ്ങനെയുള്ള സല്‍പുത്രനാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ ദാസ് മോദി. റഷ്യയും ഉക്രൈനും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. അത് യുദ്ധമായിത്തീരാന് സാധ്യതയേറി. യുദ്ധമൊഴിവാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് ചില നിര്‍ദേശങ്ങള്‍ വച്ചു. നാറ്റോയും അംഗരാഷ്ട്രങ്ങളും അതംഗീകരിച്ചില്ല. കാര്യം ഗുരുതരമാവുന്നു എന്നു കണ്ടപ്പോള്‍ ഇക്കൂട്ടര്‍ പുടിന്റെ പടിവാതില്ക്കല് പലകുറി മുട്ടിവിളിച്ചു. പടി തുറക്കപ്പെട്ടില്ല. ”മലയിളകിയാലും മഹാജനാനാം മനമിളകാ”യെന്ന് പുടിന് കാണിച്ചുകൊടുത്തു. യുദ്ധമാരംഭിച്ചു. നാറ്റോയും അംഗരാഷ്ട്രങ്ങളും ഇന്ത്യാ ഗേറ്റില്‍ മുട്ടിവിളിച്ചു. മോദിജി വരൂ, ലോകത്തെ രക്ഷിക്കൂ എന്നതായിരുന്നു അവരുടെ പ്രാര്‍ത്ഥന. പുടിന് പറഞ്ഞു, ”ഇന്ത്യ ചര്‍ച്ചയ്ക്കു വന്നാല്‍ ഞങ്ങള്‍ സ്വീകരിക്കും.” ഉക്രൈനില്‍ കുടുങ്ങിയ ഭാരത പൗരന്മാരെ ഓപ്പറേഷന് ഗംഗ എന്നു പേരിട്ട രക്ഷാദൗത്യത്തിലൂടെ സുരക്ഷിതരായി നാട്ടിലെത്തിച്ചു. മോദിയുടെ നയതന്ത്ര കുശലതയുടെ വിജയം. ലോകരാഷ്ട്രങ്ങള്‍ പോലും അംഗീകരിച്ച രക്ഷാ പ്രവര്‍ത്തനം.
എല്ലാ അര്‍ത്ഥത്തിലും ഭാരതപുത്രനാണ് മോദി. അദ്ദേഹത്തിന്റെ അപ്രമാദിത്വം, മഹത്വം ലോകമംഗീകരിച്ചിരിക്കുന്നു. ആത്മാഭിമാനത്തിന്റെ ഔന്നത്യത്തിലെത്തിയത് അദ്ദേഹത്തിലൂടെ ഈ രാഷ്ട്രം മുഴുവനുമാണ്. രാജ്യദ്രോഹികള്‍ക്കിതു മനസ്സിലാവില്ല. അവര്‍ക്കു വെള്ളവും വളവും കൊടുത്തു വളര്‍ത്തിയത് ഇവിടുത്തെ രാഷ്ട്രീയക്കാര്‍ തന്നെ. വോട്ടിനും അധികാരത്തിനും വേണ്ടി എന്തു ഹീന കൃത്യം ചെയ്യാനും മടിക്കാത്തവര്‍. മോദി ഭരണം തുടര്‍ന്നാല്‍ രാഷ്ട്രീയ കുപ്പത്തൊട്ടിയിലാവും തങ്ങളുടെ സ്ഥാനം എന്ന തിരിച്ചറിവില്‍ നിന്നുണ്ടായ ഭയം. കോണ്‍ഗ്രസും സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പ്രധാന പ്രതിപക്ഷമായിരുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയും പല്ലിയുടെ മുറിഞ്ഞവാല്‍ പോലെ കിടന്നുപിടക്കുകയാണിന്ന്. രണ്ടിനും നേതാവെന്നു പറയാന്‍ ആരുമില്ല. ഒരു യോഗ്യതയുമില്ലാത്തവരെ പാടിപ്പുകഴ്ത്തി വലിയവരാക്കാന്‍ ശ്രമിക്കുകയാണ് അനുയായികള്‍. കാക്കയെ അമ്പലപ്രാവാക്കാനുള്ള പാഴ്ശ്രമം.
ലോകത്തിലെ പ്രധാനമന്ത്രിമാരില്‍ ഒന്നാം സ്ഥാനത്താണ് നരേന്ദ്ര മോദി. സ്വാതന്ത്ര്യലബ്ധിക്കു ശേഷമുണ്ടായ ആദ്യ കേന്ദ്ര സര്‍ക്കാരില്‍ ഇതുപോലൊരാള്‍ ആയിരുന്നു പ്രധാനമന്ത്രിയെങ്കില്‍ ഇന്ത്യയിന്ന് ലോകത്തില്‍ ഒന്നാംസ്ഥാനത്തായിരുന്നേനെ. സ്വാതന്ത്ര്യസമരത്തില്‍ നെഹ്റുവിന്റെ നിര്‍ണായക പങ്കെന്തായിരുന്നു! ജീവത്യാഗം ചെയ്തവരുണ്ട്. ക്രൂരപീഡനത്തിനിരയായവരുണ്ട്. ബ്രിട്ടീഷ് ജയിലുകളില്‍ നരകയാതനയനുഭവിച്ചവരുണ്ട്. ഇങ്ങനെ എന്തെങ്കിലും അനുഭവം നെഹ്റുവിനുണ്ടോ. അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, ജയില്‍വാസം അദ്ദേഹത്തിനു വിശ്രമവേളകളായിരുന്നു. പുസ്തകരചനയായിരുന്നു പ്രധാന പണി. ഇന്ത്യയെ കണ്ടെത്തല്‍, ഒരച്ഛന് മകള്‍ക്കയച്ച കത്തുകള്‍ എല്ലാം ജനിച്ചത് ജയിലിലാണ്. വിട്ടുവീഴ്ചയില്ലാത്ത സമരാവേശത്തില്‍ സ്വജീവിതം കുരുതി കൊടുത്തവര്‍ വര്‍ഗീയവാദി, രാജ്യദ്രോഹി എന്നെല്ലാം ആക്ഷേപിക്കപ്പടുമ്പോള് ചുളുവില്‍ പ്രധാനമന്ത്രി പദത്തിലെത്തിയ നെഹ്റു രാഷ്ട്ര ശില്പി. കഴിവുകേടിനെ വിട്ടുവീഴ്ച കൊണ്ടു മറയ്ക്കാന്‍ ശ്രമിച്ച രാഷ്ട്ര ശില്പി. ആയിരമായിരം ച:കിലോമീറ്റര്‍ ചൈന കയ്യടക്കി. പുല്ലുപോലും മുളയ്ക്കാത്ത സ്ഥലം കൊണ്ടുപോകട്ടെയെന്നു വിട്ടുവീഴ്ച ചെയ്തു. പാക്കധീന കശ്മീര്‍ ഭാരതാംബയുടെ കണ്ണിലെ അടര്‍ന്നുവീഴാത്ത കണ്ണീര്ക്കണമായിന്നും അവശേഷിക്കുന്നു. കുടുംബ കാരണവര്‍ സ്വത്തു ഭാഗം വയ്ക്കുന്നതുപോലെ തന്റെ കാലശേഷം ഭാരതവര്‍ഷത്തെ മകള്‍ക്കും കൊച്ചുമക്കള്‍ക്കുമായി മനസ്സാ തീറെഴുതിയ ഭാരത രത്നം.
നെഹ്റു രാഷ്ട്രത്തിനു വേണ്ടി ഒന്നും ചെയ്തില്ലെന്നു പറയാനാവില്ല. ഡാം പണിതു, പാലം പണിതു, ഇങ്ങനെ പലതും ചെയ്തു. അതെല്ലാം ഭൗതികമായ കാര്യങ്ങളാണ്. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കാവശ്യവുമാണ്. വളര്‍ച്ചയോടൊപ്പം വികാസവുമുണ്ടാവണം. ആഹാരം കഴിച്ചാല്‍ വളര്‍ച്ചയുണ്ടാവും. വികാസമുണ്ടാവണമെന്നില്ല. നല്ല വളര്‍ച്ചയുണ്ട്. 100 മീറ്റര്‍ നടന്നാല്‍ പട്ടിയെപ്പോലെ കിതയ്ക്കും. കുനിഞ്ഞൊരു സാധനമെടുക്കാനാവില്ല. വളര്‍ച്ചയോടൊപ്പം വികാസവും വേണം. ഇതു സാധിച്ചില്ലായെന്നതാണ് നെഹ്റുവിന്റെ ഇന്ത്യയ്ക്കു സംഭവിച്ച കെടുതി.
വളര്‍ച്ച കാണാനാകണം. വികാസം അനുഭവിച്ചറിയണം. ഭാരതമെന്ന വടവൃക്ഷം സ്ഥിതിചെയ്യുന്നത് ആത്മീയതയുടെ മണ്ണിലാണ്. ധര്‍മ്മമാണതിന്റെ തായ്വേര്. ദയ, ത്യാഗം, സ്നേഹം, സഹിഷ്ണുത എന്നിവയാണ് ശാഖകള്‍. ഇവയെപ്പറ്റിയൊന്നും ഭാരതീയരെ പറഞ്ഞു മനസ്സിലാക്കാനായില്ല. അവയെ എല്ലാം അവഗണിച്ചു. മെക്കാളെയുടെ മനസ്സും ബുദ്ധിയും കടമെടുത്ത് പാശ്ചാത്യ ചിന്താധാരയിലധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായം ആവിഷ്കരിച്ചു. അന്നു തുടങ്ങി ഹിന്ദുസ്ഥാന്റെ അധപ്പതനം. ഇതിനു കാരണക്കാരന്‍ നെഹ്റു വല്ലാതെ മറ്റാരുമല്ല.
ആത്മീയതയെന്തെന്നറിയാന് മോദിജിയുടെ ജീവിതം പഠിച്ചാല്‍ മതി. കാവിവസ്ത്രം ധരിക്കുന്നതും രുദ്രാക്ഷമാല ധരിക്കുന്നതും കാട്ടില്‍ തപസ്സു ചെയ്യുന്നതുമൊന്നുമല്ല ആത്മീയത. അത് നാടിന്റെ, ജനങ്ങളുടെ നന്മയ്ക്കുവേണ്ടിക്കൂടിയുള്ളതാണ്. അതാണ് മോദിയില്‍ നാമിന്നു കാണുന്നത്.ഉക്രൈന് പ്രസിഡന്റ് വിചാരിച്ചു യുദ്ധമുണ്ടായാല്‍ നാറ്റോയും സഖ്യകക്ഷികളുമെല്ലാം തന്നെ സഹായിക്കാന്‍ ഓടിയെത്തുമെന്ന്. വഞ്ചി്ക്കപ്പെട്ടു എന്നു തിരിച്ചറിഞ്ഞ അദ്ദേഹം മോദിജിയോട് സഹായം അഭ്യര്‍ത്ഥിച്ചു. പ്രശ്ന പരിഹാരം മോദിയിലൂടെ നടക്കുമെന്നദ്ദേഹം വിശ്വസിക്കുന്നു. ബൈഡനും
മാക്രോണുമെല്ലാം ഇങ്ങോട്ടുനോക്കുന്നു; ഭാരതീയ ഗുരുപരമ്പരയിലെ ഒരു ചെറിയ കണ്ണിയില്‍ കണ്ണും മനസ്സുമര്‍പ്പിച്ചു പ്രതീക്ഷാ നിര്‍ഭരമായി കാത്തിരിക്കുന്നു. മോദി ഭാരതത്തെ എവിടെയെത്തിച്ചു എന്നു നോക്കൂ. ഭാരതത്തിന്റെ ലോകഗുരു സ്ഥാനം തിരിച്ചുവരുന്നു. മോദിയെന്ന മഹാമാന്ത്രികന്റെ ഭരണ സാമര്‍ത്ഥ്യത്തില്‍ ഇന്ത്യ കുതിക്കുകയാണ്. പൂനിലാവില്‍ ചന്ദ്രനെ നോക്കി ഓരിയിടുന്നവര്‍ക്ക് ഈ യാഗാശ്വത്തെ പിടിച്ചുകെട്ടാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: