ആയിരത്തി അഞ്ഞൂറിലേറെ വര്‍ഷം പഴക്കമുള്ള ഒരു ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. കണ്ണശ്ശ കവികളില്‍ ഒരാളായ മാധവപ്പണിക്കര്‍ മയില്‍പ്പീലിയില്‍ കണ്ണനെ ഉപാസിച്ച് ഭാഷാ ഭഗവദ്ഗീത എഴുതിയത് ഈ ക്ഷേത്ര ഗോപുരത്തിലിരുന്ന് എന്നത് ചരിത്രം. കണ്ണശ്ശ ഗീതയുടെ ജന്മത്തിലൂടെ പുണ്യം പകര്‍ന്നു കിട്ടിയ ഈ ഭഗവത് സന്നിധിയുടെ പേരാണ് മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം.
തിരുനടയിലെ ബൃഹത്തായ ഗോപുരവും നീണ്ട നടപ്പന്തലും ചുറ്റുമതിലിനുള്ളിലെ ആല്‍മരവും ക്ഷേത്രത്തിന് നല്‍കുന്നത് ആകര്‍ഷണഭാവം. ക്ഷേത്രത്തിന് മുന്നില്‍ വലിപ്പമുള്ള ധ്വജം. ഇത് ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് സ്ഥാപിച്ചതാണ്. ചുവട്ടില്‍ ചുറ്റും മനോഹരമായ കൊത്തുപണികള്‍. ശ്രീകോവിലിന്റെ കഴുക്കോലില്‍ തെളിയുന്ന പുരാതന ലിപികള്‍. നാലമ്പലത്തിനകത്തെ തൂണികളിലെ ശില്പങ്ങള്. പാരമ്പര്യം ഇവിടെ ചാരുത പകരുന്നു. വടക്കുവശത്ത് വിസ്തൃതമായ കുളമുണ്ട്. ശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശനമായി ശ്രീകൃഷ്ണന്. തിരുവല്ലയിലെ പഞ്ചലോഹ വിഗ്രഹമാണിവിടെ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചതെന്നും വില്വമംഗലത്തു സ്വാമിയാര് പൂജിച്ചതാണെന്നും ഐതിഹ്യം. മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമിയെ തിരുവല്ലാഴപ്പന് എന്നും വിളിച്ചു പ്രാര്‍ത്ഥിക്കുന്നു.
മലയിന്‍കീഴ് ക്ഷേത്രം പണ്ട് തിരുവല്ല ക്ഷേത്രത്തിന്റെ കീഴേടമായിരുന്നുവെന്നും തിരുവല്ലം പത്തില്ലത്തില് പോറ്റിമാരുടെ വകയായിരുന്നുവെന്നും പഴമ. ശിവനും ഗണപതിയും, ശാസ്താവും, ബ്രഹ്മരക്ഷസ്സും, നാഗവും, ഉപദേവന്മാരായുണ്ട്. ധര്‍മ്മശാസ്താവിന്റെ അമ്പലത്തിന് മേല്‍ക്കൂരയില്ല. പണ്ട് ഇവിടെ ഉണ്ടായിരുന്ന ഒരു ശാന്തിക്കാരനോട് കഴകക്കാരില്‍ ചിലര്‍ക്ക് വിരോധം തോന്നി. ശത്രുത വളര്‍ന്നപ്പോള്‍ ക്ഷേത്രപറമ്പില്‍ വച്ച് ശാന്തിക്കാരന് ശത്രുക്കളാല്‍ വധിക്കപ്പെട്ടു. ദുര്‍മരണം സംഭവിച്ച ശാന്തിക്കാരനെ ബ്രഹ്മരക്ഷസായി ഇവിടെത്തന്നെ കുടിയിരുത്തിയിരിക്കുന്നു. വടക്കുവശത്ത് കിഴക്കോട്ട് ദര്‍ശനമായി പ്രതിഷ്ഠിച്ചിട്ടുള്ള നാഗര്‍ക്കും ചുറ്റുമതിലിനുപുറത്ത് യക്ഷിക്കുമുണ്ട് പൂജകള്‍.
സ്വാമിയാര് മഠത്തിന്റെ അധിപതി ആറുദേശപ്പറ്റി സ്വാമികള്‍ മലയിന്‍കീഴ് ക്ഷേത്രത്തില്‍ പൂജാദികര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചിരുന്നതായി ചരിത്രം പറയുന്നു. അദ്ദേഹം നൈഷ്ഠിക ബ്രഹ്മചാരിയായതിനാല്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയിരുന്നില്ല. എന്നാല്‍ ആചാരങ്ങള്‍ ലംഘിച്ച് ശ്രീകൃഷ്ണ ഭക്തയായ ഒരു സ്ത്രീ ഭഗവത് ദര്‍ശനത്തിനായി നാലമ്പലത്തിനുള്ളില്‍ പ്രവേശിക്കുകയും അവര്‍ പിന്നീട് മടങ്ങിവരാതിരിക്കുകയും ചെയ്തു. അവര്‍ ഭഗവാനില്‍ ലയിച്ചുചേര്‍ന്നു എന്നത് ഐതിഹ്യം. ഇന്നും ഇവിടെ നാലമ്പലത്തിനകത്ത് സ്ത്രീകള്‍ക്ക് പ്രവേശനമില്ല.
പീതാംബരധാരിയായി, മൗലിയില്‍ മയില്‍പ്പീലി ചാര്‍ത്തിയ വേണുഗോപാലനാണ് ഈ ക്ഷേത്രത്തില്‍ അനന്തചൈതന്യമായി നിലകൊള്ളുന്നനത്. കദളിപ്പഴവും പാല്‍പ്പായസവും ഉണ്ണിയപ്പവുമാാണ് ഭഗവാന് പ്രധാന നിവേദ്യങ്ങള്‍.ചിങ്ങത്തിലെ തിരുവോണം, വിഷു, അഷ്ടമിരോഹിണി, മകരം ഒന്ന്, മിഥുനം ഒന്ന് എന്നിവയാണ് ഭഗവാന് വിശേഷ ദിവസങ്ങള്‍. മീനമാസത്തിലാണ് പ്രസിദ്ധമായ മലയിന്‍കീഴ് ഉത്സവം. തിരുവോണ ദിവസത്തിലാണ് ആറാട്ട്. ആദ്യദിവസം രാത്രിയിലാണ് കൊടിയേറ്റ്. എട്ടാം ദിവസം വൈകിട്ട് ആറാട്ട്. ആറാട്ട് ദിവസം രാവിലെ കൊടിയിറങ്ങും. ഇവിടെനിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള കുഴക്കാട് ദേവീക്ഷേത്രത്തിനു സമീപമുള്ള നീരുറവയിലാണ് ആറാട്ട്.
ഭക്തിനിര്‍ഭരമായ ഈ ചടങ്ങിനു പിന്നിലുമുണ്ട് ഒരു ഐതിഹ്യം. ശ്രീകൃഷ്ണന് വിവാഹത്തിന് ആഗ്രഹിച്ചാണ് ആ ദേവീക്ഷേത്രത്തിലേക്ക് പോകുന്നത്. ശ്രീവല്ലാഴപ്പന് ഒപ്പം പോരുന്നവര്‍ കുഴക്കാട്ടു ക്ഷേത്രത്തിലെ പ്രമാണികള്‍ക്ക് സ്ത്രീധനപ്പണം കൈമാറും. പിന്നെ കൊട്ടും കുരവയും സദ്യവട്ടങ്ങളും ആചാരപ്രകാരം നടക്കും. ഭഗവാന് ആറാട്ടു കഴിഞ്ഞ് കുഴക്കാട് സന്നിധിയില്‍ എത്തുമ്പോള്‍ ദേവി രജസ്വലയാവുന്നു. ഈ സമയം ചുവന്ന പട്ടുകൊണ്ട് ദേവിയെ മറയ്ക്കുന്നു. അടുത്ത വര്‍ഷം പരിണയമെന്ന് വാക്കുനല്കി ആഗ്രഹം സഫലമാകാതെ ഭഗവാന്റെ മടക്കം.
തങ്ങളെ അനാഥരാക്കി ദേവി ഭഗവാനൊപ്പം പോകരുതെന്ന് ദേശക്കാര്‍ കണ്ണീരോടെ യാചിക്കുന്നതിനാലാന്ന് ഓരോ വരവിലും കുഴക്കാടമ്മ മലയിന്കീഴപ്പനെ രജസ്വലതയാണെന്നു ചൊല്ലി മടക്കി അയക്കുന്നതെന്നും ചൊല്ലുണ്ട്. പക്ഷേ, ഐതിഹ്യങ്ങളും ആചാരങ്ങളും അണുവിട തെറ്റിക്കാതെ എല്ലാ വര്‍ഷവും തിരുവല്ലാഴപ്പന് കുഴക്കാടെത്തും. പരിണയം അടുത്താണ്ടിലെന്ന് ചൊല്ലിപ്പിരിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: