ബെംഗളൂരു: യൂണിഫോമിന് പകരമായി ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികള്‍ക്കും സ്കൂളുകളില്‍ പ്രവേശനം നല്‍കാമോ എന്ന പ്രശ്നത്തില്‍ കര്‍ണ്ണാടക ഹൈക്കോടതി ചൊവ്വാഴ്ച വിധി പ്രസ്താവിക്കും.
ചൊവ്വാഴ്ച രാവിലെ 10.30 ന് കര്‍ണ്ണാടക ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി അധ്യക്ഷനും ജസ്റ്റിസുമാരായ കൃഷ്ണ ദീക്ഷിത്, ജെ.എം. ഖാസി എന്നിവര്‍ അംഗങ്ങളുമായ മൂന്നംഗ ബഞ്ചാണ് വിധി പറയുക. ഈ കേസില്‍ ഹൈക്കോടതി 11 ദിവസമായി തുടര്‍ച്ചയായി വാദം കേട്ടിരുന്നു. ഹിജാബ് ധരിച്ച് സ്കൂളില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം വിദ്യാർത്ഥിനികൾ നൽകിയ വിവിധ ഹര്‍ജികളിലാണ് മൂന്നംഗ ബഞ്ച് വിധി പറയുന്നത്. അതേസമയം വിധി വരുന്നതുമായി ബന്ധപ്പെട്ട് ബെംഗളൂരു നഗരത്തിൽ മാര്‍ച്ച് 21 വരെ ഒരാഴ്ചത്തേയ്‌ക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു . പ്രതിഷേധങ്ങളും ആഹ്ലാദ പ്രകടനങ്ങളും വിലക്കിയിട്ടുണ്ട്. അന്തിമ ഉത്തരവ് വരുന്നതുവരെ മതപരമായ വസ്ത്രധാരണങ്ങള്‍ സ്കൂളില്‍ പാടില്ലെന്ന് ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വിധിച്ചിരുന്നു.
ഹിജാബ് ഒഴിച്ചുകൂടാനാകാത്ത മതപരമായ ആചാരമല്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതപരമായ ഒന്നും വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് ഹിജാബ് ധരിച്ചതിന് ആറ് മുസ്ലിം വിദ്യാര്‍ഥിനികളെ ക്ലാസില്‍ നിന്ന് വിലക്കിയതിനെ തുടര്‍ന്നാണ് ഹിജാബ് വിവാദം ആരംഭിച്ചത്. ഇതേ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ പലയിടങ്ങളിലും അക്രമങ്ങള്‍ അരങ്ങേറിയിരുന്നു. അക്രമം മൂലം സ്കൂളുകള്‍ ദിവസങ്ങളോളം അടച്ചിടേണ്ടി വന്നു. മുസ്ലിം വിദ്യാര്‍ഥിനികളാണ് ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: