ന്യൂദല്‍ഹി: ഭാര്യ സ്ത്രീയല്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് വിവാഹമോചനത്തിന് കോടതിയെ സമീപിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാര്യം തന്റെ ഭാര്യ സ്ത്രീയല്ലെന്ന് ആരോപിച്ചാണ് വിവാഹമോചനം ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് കോടതി ഭാര്യയുടെ പ്രതികരണം തേടി.
കഴിഞ്ഞ വര്‍ഷം ജൂലൈ 29ലെ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഭര്‍ത്താവ് നല്കിയ ഹര്‍ജിയിലാണ് മറുപടി നല്കാന് ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗളും, എം.എം. സുന്ദ്രേഷും വെള്ളിയാഴ്ച യുവതിയോട് ആവശ്യപ്പെട്ടത്. സംഭവത്തില്‍ നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് സുപ്രീം കോടതി പരാതിക്കാരന്റെ ഭാര്യയ്ക്ക് നോട്ടീസ് അയച്ചു.
മെഡിക്കല്‍ തെളിവില്ലാതെ വാക്കാലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ വഞ്ചനാക്കുറ്റം സ്ഥാപിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഭാര്യയുമായി ഇടപഴകാന്‍ ശ്രമിച്ചപ്പോളാണ് കാര്യം മനസ്സിലായത്, താന്‍ വഞ്ചിക്കപ്പെട്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ശരീരശാസ്ത്രപരമായി അണ്ഡാശയം ഉള്ളിലുള്ള സ്ത്രീയാണെങ്കിലും യോനിയില്‍ തുറസ്സുള്ള ഒരു സാന്നിധ്യം ഇല്ലെന്നും ഒരു ചെറിയ ലിംഗം ഉണ്ടെന്നുമാണ് ഹരജിയില്‍ പറയുന്നത്. ഇവരെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയപ്പോള്‍ ”ഇംപെര്‍ഫോറേറ്റ് ഹൈമെന്‍” എന്ന മെഡിക്കല്‍ പ്രശ്നമുണ്ടെന്ന് കണ്ടെത്തിയത്. കന്യാചര്‍മ്മം യോനിയുടെ ദ്വാരം മറയ്ക്കുന്ന അവസ്ഥയാണ് ഇംപെര്‍ഫോറേറ്റ് കന്യാചര്‍മം.
ഗ്വാളിയാര്‍ സ്വദേശിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഭാര്യയും ഭാര്യാപിതാവും തന്നെ വഞ്ചിച്ചുവെന്ന് ഇയാള്‍ ആരോപിക്കുന്നു. തന്റെ ഭാര്യയുടെ അവസ്ഥ ശസ്ത്രക്രിയയിലൂടെ ശരിയാക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍ പറഞ്ഞതായും ഹര്‍ജിയില്‍ പറയുന്നുണ്ട്. ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിച്ചിട്ടുണ്ട്. വിഷയം ആദ്യ പരിഗണിക്കാന്‍ കോടതി വിമുഖത കാണിച്ചെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ട് കണ്ടതോടെയാണ് വിഷയത്തില്‍ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: