തിരുവനന്തപുരം: മലയാളിയുടെ ഗൃഹാതുരത്വം തുളുമ്പുന്ന ഗ്രാമങ്ങളും ഗ്രാമഭംഗിയും എല്ലാം ഓര്‍മകളാകുന്നു. സംസ്ഥാനത്തെ ഗ്രാമങ്ങള്‍ ഇല്ലാതാകുന്നുവെന്ന് കണക്കുകള്‍. നഗരങ്ങളുടെ എണ്ണത്തില്‍ 366 ശതമാനം വര്‍ധനവ്. സംസ്ഥാന ജനസംഖ്യയുടെ 47.7 ശതമാനവും നഗരവാസികളെന്നും പഠനം.
രാജ്യത്തെ ഏറ്റവും കൂടുതല്‍ നഗരവത്കരിക്കപ്പെട്ട സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനമാണ് കേരളത്തിന്. 2001ലെ സെന്‍സസ് അനുസരിച്ച് ഗ്രാമ ജനസംഖ്യ 2.35 കോടിയും നഗരവാസികള്‍ 82.66 ലക്ഷവുമായിരുന്നു. എന്നാല്‍ 10 വര്‍ഷം കഴിഞ്ഞുള്ള 2011ലെ സെന്‍സസില്‍ നഗര ജനസംഖ്യ 1.59 കോടിയും (47.7 ശതമാനം) ഗ്രാമീണ ജനസംഖ്യ 1.74 കോടിയും (52.3 ശതമാനം) ആയി. എറണാകുളം ജില്ലയില്‍ ഗ്രാമജനസംഖ്യയേക്കാള്‍ കൂടുതല്‍ നഗരവാസികളുമായി.
2001ലെ കണക്കുകള്‍ പ്രകാരം സെന്‍സസ് നഗരങ്ങള്‍ (സെന്‍സസില്‍ നഗരമായി കണ്ടെത്തിയവ) 99, സ്റ്റാറ്റിയൂട്ടറി നഗരങ്ങള്‍ 60 ആയിരുന്നു. എന്നാല്‍ 2011ല്‍ സെന്‍സസ് നഗരങ്ങള്‍ 461 ആയി കുതിച്ചുയര്‍ന്നു. സ്റ്റാറ്റിയൂട്ടറി നഗരങ്ങള്‍ (നഗരങ്ങളായി പ്രഖ്യാപിച്ചവ) 59 ആയി. 366 ശതമാനമാണ് ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്കുള്ള വളര്‍ച്ചാനിരക്ക്.
തൃശ്ശൂരാണ് ഏറ്റവുമധികം പട്ടണങ്ങളുള്ളത്. 35 പട്ടണങ്ങള്‍. ആകെ പട്ടണങ്ങളുടെ 25 ശതമാനത്തിലധികമാണിത്. 60 ശതമാനം പട്ടണങ്ങളും തൃശ്ശൂര്‍, കണ്ണൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ്. എട്ടു ജില്ലകളില്‍ നാഗരിക ജനസംഖ്യ ദശലക്ഷം കടന്നു. ഇതില്‍ എറണാകുളമാണ് മുന്നില്‍. തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് തൊട്ടുപിന്നില്‍. സംസ്ഥാനത്തെ ആകെ നഗരജനസംഖ്യയുടെ 50 ശതമാനത്തോളം ഈ നാലു ജില്ലകളിലാണ്.
വയനാട്, ഇടുക്കി ജില്ലകളില്‍ ഓരോ സ്റ്റാറ്റിയൂട്ടറി ടൗണുകളൊഴികെ പുതിയ പട്ടണങ്ങളൊന്നും രൂപപ്പെട്ടില്ല. ഏറ്റവും കുറവ് നഗരവാസികളുള്ള ജില്ല വയനാടാണ് (3.8 ശതമാനം). ഇടുക്കി ഒഴികെയുള്ള എല്ലാ ജില്ലകളിലും നഗര ജനസംഖ്യയില്‍ വര്‍ധനവുണ്ടായി. മലപ്പുറം ജില്ലയില്‍ നഗര ജനസംഖ്യാ വളര്‍ച്ചയില്‍ ഗണ്യമായ വര്‍ധനവുണ്ടായി. പിന്നിലായി കൊല്ലം, തൃശ്ശൂര്‍, കാസര്‍കോട് എന്നിവയാണ്. വയനാട്ടിലാണ് ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്ക്. ഗ്രാമീണ ജനസംഖ്യയുടെ 25 ശതമാനത്തോളം മലപ്പുറം, പാലക്കാട് ജില്ലകളിലാണ്. കാസര്‍കോട്, കോട്ടയം, പത്തനംതിട്ട, കൊല്ലം, ഇടുക്കി, വയനാട് ജില്ലകളില്‍ ഗ്രാമീണ ജനസംഖ്യ നഗര ജനസംഖ്യയേക്കാള്‍ കൂടുതലുണ്ട്. ഇടുക്കിയിലും വയനാട്ടിലും ആകെ ജനസംഖ്യയുടെ 95 ശതമാനത്തിലധികവും ഗ്രാമീണ ജനസംഖ്യയാണ്.
ഇരുപതാം നൂറ്റാണ്ടിലെ ആദ്യ സെന്‍സസ് നടന്ന 1901ല്‍ സംസ്ഥാന ജനസംഖ്യ 64 ലക്ഷം ആയിരുന്നു. ഇതില്‍ 59 ലക്ഷം (92.9 ശതമാനം) ജനങ്ങളും ഗ്രാമീണ മേഖലയിലായിരുന്നു. നഗര ജനസംഖ്യ അഞ്ച് ലക്ഷം മാത്രമായിരുന്നു. ഇത് മൊത്തം ജനസംഖ്യയുടെ 10 ശതമാനത്തില്‍ താഴെയായിരുന്നു. നൂറു വര്‍ഷത്തിനിടയില്‍ മൊത്തം ജനസംഖ്യയില്‍ ഗ്രാമീണ ജനതയുടെ അനുപാതം കുറയുകയും 2001ല്‍ അത് 74 ശതമാനം ആയിത്തീരുകയും ചെയ്തുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2022 ലെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക