തിരുവനന്തപുരം: സില്‍വര്‍ ലൈൻ പദ്ധതിയുടെ പേരില്‍ ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത് പോലീസ് ഗുണ്ടായിസമാണെന്ന് പി സി വിഷ്ണുനാഥ്. സംസ്ഥാനത്ത് ഗുണ്ടകൾ അഴിഞ്ഞാടുമ്പോൾ പോലീസ് കെ-റെയിലിന്റെ മഞ്ഞക്കുറ്റികൾക്ക് കാവൽ നിൽക്കുകയാണെന്ന് വിഷ്ണുനാഥ് ആരോപിച്ചു. കേരള പോലീസ് കുട്ടികളുടെ മുന്നില്‍ വച്ച് മാതാപിതാക്കളെ മര്‍ദ്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി സംബന്ധിച്ച് അടിയന്തര പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി സി വിഷ്ണുനാഥാണ് ചര്‍ച്ച തുടങ്ങിയത്.
പ്രമേയത്തില്‍ ചര്‍ച്ചയ്‌ക്ക് സര്‍ക്കാര്‍ തയ്യാറായത് പ്രതിപക്ഷത്തിന്റെയും സമരക്കാരുടെയും വീട്ടമ്മമാരുടെയും വിജയമാണ്. നേരത്തേ വിഷയത്തില്‍ ചര്‍ച്ചയേ ആവശ്യമില്ലെന്ന നിലപാടായിരുന്നു സര്‍ക്കാരിന്. അതില്‍ നിന്നാണ് ഇപ്പോള്‍ പിന്നാക്കം പോയത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കല്ലിടല്‍. സാമൂഹിക ആഘാത പഠനമല്ല സാമൂഹിക അതിക്രമമാണ് നടക്കുന്നത്.സര്‍ക്കാരിന്റെ പൊങ്ങച്ച പദ്ധതിയാണിത്.
കമ്മീഷനടിക്കാനുള്ളതാണ് കെ റെയില്‍. കാലഹരണപ്പെട്ട സാമഗ്രികള്‍ അടിച്ചേല്‍പ്പിക്കുകയാണ്. പദ്ധതിയില്‍ അടിമുടി ദുരൂഹതയാണ്. ആരാണ് പദ്ധതി ആവശ്യപ്പെട്ടത്. വിനാശകരമായ മഞ്ഞക്കുറ്റിക്ക് പൊലീസ് കാവല്‍ നില്‍ക്കുകയാണ്. കെ റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യം ഉയര്‍ത്തി പ്രതിപക്ഷം മുന്നോട്ടുപോകുമെന്നും വിഷ്ണുനാഥ് പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പ്രതിപക്ഷം കൊണ്ടു വന്ന അടിയന്തരപ്രമേയ നോട്ടീസ് അംഗീകരിച്ച് സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാവുകയായിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ചര്‍ച്ച ചെയ്യുന്ന ആദ്യത്തെ അടിയന്തരപ്രമേയ നോട്ടീസാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: