കീവ്: ഉക്രൈനില്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കും ആക്രമണം വര്‍ധിപ്പിച്ച് റഷ്യ. ലവീവ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ മിസൈലാക്രമണവും സ്ഫോടനങ്ങളും തുടര്‍ന്നതോടെ നിരവധി പേര് മരിച്ചു. ലവീവിലെ സൈനിക ക്യാമ്പില്‍ സ്ഫോടനമുണ്ടായതില്‍ 35 പേര് മരിച്ചെന്ന് ഗവര്‍ണര്‍ അറിയിച്ചു. പോളണ്ടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്തിനടുത്താണ് സൈനിക ക്യാമ്പ് ഉണ്ടായിരുന്നത്. സ്ഫോടനത്തില്‍ ഉക്രൈന്റെ നിരവധി ആയുധങ്ങളും നശിപ്പിക്കപ്പെട്ടു. അമ്പതില്‍ അധികം പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം.
സൈനിക ക്യാമ്പിലേക്ക് 30 ക്രൂയിസ് മിസൈലുകള്‍ സ്ഫോടനത്തിനുപയോഗിച്ചെന്നാണ് ഉക്രൈന്റെ വാദം. പോളണ്ട് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഉക്രൈനിലേക്ക് ആയുധ സഹായം നല്‍കിയത് ആക്രമണം നടന്ന പ്രദേശത്താണ്. നാറ്റോയും നിരവധി ആയുധ സഹായമാണ് ഈ പ്രദേശത്ത് നല്‍കിയത്. യുദ്ധം കൂടുതല്‍ രൂക്ഷമാക്കുകയാണ് റഷ്യയെന്ന് ഉക്രൈന് ആരോപിച്ചു. സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തെ ലോക രാജ്യങ്ങള്‍ അപലപിച്ചു.
ഇതിനിടെ റഷ്യയെ വിമര്‍ശിച്ച് പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്തെത്തി. ഉക്രൈനെ ശവപ്പറമ്പാക്കുകയാണ് റഷ്യയെന്നും യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നും പോപ്പ് ആവശ്യപ്പെട്ടു. റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യുഎസും യുകെയും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: