തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണത്തില്‍ സുരേഷിനെ മര്‍ദിച്ചിട്ടില്ലെന്ന പോലീസിന്റെ വാദം പൊളിയുന്നു. സുരേഷിന്റെ ശരീരത്തിലേറ്റ ചതവുകള്‍ ഹൃദ്രോഗത്തിന് ആക്കം കൂട്ടിയെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. മരണകാരണം ഹൃദയാഘാതമാണെങ്കിലും ചതവുകളില്‍ അന്വേഷണം വേണമെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
സുരേഷിന്റെ ശരീരത്തില്‍ 12 ഇടങ്ങളില്‍ ചതവുകള്‍ കണ്ടെത്തിയിട്ടുണ്ട് എന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കഴുത്തിന്റെ മുന്‍പിലും വശങ്ങളിലും, വലത് തുടയുടെ പിന്നിലും, കാല്‍മുട്ടിന് മുകളില്‍ മുന്നില്‍, തോളിന് താഴെ ഇടത് കയ്യിന് പിന്‍ഭാഗത്ത്, ഇടത് തുടയും പിന്നില്‍ കാല്‍മുട്ടിന് പിന്നില്‍, മുതുകില്‍ ഇടതും വലതുമായി ആറു ഭാഗങ്ങളിലും ചതവുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. പരിക്കുകളുടെ വിശദമായ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍മാര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് നല്‍കുന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കും എന്നാണ് വിവരം.
കഴിഞ്ഞ മാസം 28 നാണ് തിരുവല്ലം നെല്ലിയോട് മേലെ ചരുവിള പുത്തന്‍വീട്ടില്‍ സുരേഷ് മരിച്ചത്. തിരുവല്ലത്തിനടുത്ത ജഡ്ജിക്കുന്ന് സന്ദർശിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ചതായി ആരോപിച്ചാണ് സുരേഷടക്കം അഞ്ചുപേരെ കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോലീസുകാരെ സസ്‌പെൻഡ് ചെയ്തിരുന്നു. എസ്.ഐ വിപിൻ, ഗ്രേഡ് എസ്.ഐ സജീവ്, വൈശാഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്യുമ്പോഴുള്ള നടപടിക്രമം പാലിക്കാതിരുന്നതിന് സിറ്റി പോലീസ് കമ്മീഷണർ സ്പർജൻകുമാർ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: