കുറവിലങ്ങാട്: ഗ്രാമീണ വിനോദ സഞ്ചാര ഭൂപടത്തില്‍ കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ, ഞരളപ്പുഴ ടൂറിസം പദ്ധതി. കുന്നുകളും താഴ്വാരങ്ങളും, വീശിയടിക്കുന്ന ഇളംകാറ്റും, തടാകങ്ങളും ഭംഗിയേറ്റുന്ന ഇവിടെ അറുന്നൂറ് വര്‍ഷത്തിലേറെ പഴക്കമുള്ള അയ്യപ്പ ക്ഷേത്രവും ഉണ്ട്. ഈ കുന്നിന് മുകളില്‍ നിന്നാല്‍ സമീപ പട്ടണങ്ങളിലെ മനോഹര കാഴ്ചകളും കാണാം.
പ്രദേശത്തെ മലകളെ ബന്ധിപ്പിച്ച് റോപ്പ്വേ നിര്‍മിച്ചാല്‍ സഞ്ചാരികള്‍ക്ക് ആകാശ യാത്ര സാധ്യമാകും. തടാകങ്ങളില്‍ പെഡല്‍ ബോട്ടുകളോ കുട്ടവഞ്ചികളോ എത്തിച്ചാല്‍ ജലയാത്രയുടെ അനുഭവവും ഒരുക്കാം. കൂടാതെ ഈ പ്രദേശം ഒരു അഡ്വഞ്ചര്‍ സോണ്‍ കൂടിയാണ്. ഇത് വിദ്യാര്‍ഥികള്‍ക്ക് വിനോദത്തോടൊപ്പം വിജ്ഞാനവും വികസിപ്പിക്കുവാന്‍ സാധിക്കും. മലകയറ്റ സാഹസിക യാത്രികര്‍ക്ക് ഇവിടം ഒരു പുത്തന്‍ അനുഭവമായിത്തീരും.
സമീപ ടൂറിസം കേന്ദ്രങ്ങളായ കുമരകത്തേക്കും വാഗമണ്ണിലേക്കും ഇവിടുന്ന് കുറഞ്ഞ ദൂരം മാത്രമേയുള്ളുവെന്നതും ഞരളപ്പുഴയുടെ ടൂറിസം സാധ്യതകളെ വര്‍ധിപ്പിക്കുന്നു. ഞരളപ്പുഴയിലെ മലകള്ക്കിടയിലേക്കുള്ള സൂര്യന്റെ യാത്ര കാണികള്‍ക്ക് ഒരു അനുഭവം തന്നെയാണ്. ഇവിടെ നിന്നു നോക്കിയാല്‍ കിടങ്ങൂര്‍, കാപ്പൂര്, കാണക്കാരി, പട്ടിത്താനം പ്രദേശങ്ങളിലെ തോടുകളും മലനിരകളും കണ്‍കുളിര്‍ക്കെ ദര്‍ശിക്കാം.
സാഹസിക വിനോദങ്ങളായ ബന്ഞ്ചി ജംപിങ് റാപ്പിളിങ് തുടങ്ങിയവയ്ക്കും ഈ മനോഹര പ്രദേശം പ്രയോജനപ്പെടുത്താം. ഞരളപ്പുഴ ടൂറിസം പദ്ധതിക്ക് സര്‍വ്വ പിന്തുണയുമായി കടപ്ലാമറ്റം പഞ്ചായത്തും വിവിധ രാഷ്ട്രീയ കക്ഷികളും സമുദായിക സംഘടനകളും രംഗത്തുണ്ട്. ആദ്യ ഘട്ടമായി ഡിടിപിസി 20 കോടി രൂപയുടെ പദ്ധതിക്കാണ് രൂപം നല്‍കുന്നത്.
വിദേശികള്‍ക്കും സ്വദശികള്ക്കുമായി താമസ സൗകര്യം, ഭക്ഷണശാല തുടങ്ങിയവ ഒന്നാം ഘട്ടത്തില്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: