ന്യൂദല്‍ഹി : റഷ്യ- ഉക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മുന്‍കരുതലുകള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര ഉന്നതതല സമിതിയോഗം ചേര്‍ന്നു. രാജ്യത്തെ നിലവിലെ സുരക്ഷാ മുന്‍ കരുതലുകള്‍ വിലയിരുത്തുന്നതിനും ആഗോള സാഹചര്യവും യോഗത്തില്‍ വിലയിരുത്തി.
ഉച്ചയോടെ ചേര്‍ന്ന യോഗത്തില്‍ കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍, കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്, വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്ദ്ധന് ശൃംഗ്ല, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ ഇന്ത്യയുടെ അതിര്‍ത്തികളിലേയും കര, സമുദ്ര, വ്യോമ മേഖലകളിലേയും ഇന്ത്യയുടെ സുരക്ഷാ തയ്യാറെടുപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്തു.
യുദ്ധത്തെ തുടര്‍ന്ന് ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെയും ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ പൗരന്മാരെയും ഒഴിപ്പിച്ച ഓപ്പറേഷന് ഗംഗയുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി തേടി. കാര്‍കീവില്‍ മരിച്ച വിദ്യാര്‍ത്ഥി നവീന്റെ മൃതദേഹം തിരികെ കൊണ്ടുവരാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് പ്രധാനമന്ത്രി മോദി നിര്‍ദ്ദേശിച്ചു.
പ്രതിരോധ മേഖലയിലെ സാങ്കേതിക വിദ്യയുടെ ഉപയോഗത്തെക്കുറിച്ചും ഇന്ത്യയുടെ മുന്നേറ്റത്തെക്കുറിച്ചും പ്രധാനമന്ത്രി അവലോകനം നടത്തി. സുരക്ഷാ സംവിധാനത്തില്‍ അത്യാധുനിക സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിക്കുന്നതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി വിശദീകരിച്ചു.
പ്രതിരോധ മേഖലയില്‍ ഇന്ത്യയെ സ്വാശ്രയമാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണമെന്നും അതുവഴി സുരക്ഷ ശക്തിപ്പെടുത്തുക മാത്രമല്ല സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: