ആലപ്പുഴ: കഞ്ചാവില്‍ നിന്ന് വാറ്റിയെടുക്കുന്ന ഹാഷിഷ് ഓയിലുമായി കുമ്പളങ്ങി സ്വദേശികളായ രണ്ടു യുവാക്കളെ അര്‍ത്തുങ്കല്‍ പോലീസും ജില്ലാ ഡാന്‍സാഫും, ചേര്‍ത്തല ഡിവൈഎസ്പി യുടെ പ്രത്യേക സ്ക്വാഡും ചേര്ന്ന്പിടികൂടി. കുമ്പളങ്ങി എന്‍കെഎന്‍ ആശുപത്രിക്ക് പടിഞ്ഞാറ് പുളിക്കല്‍ ജോസഫ് ഷാന്‍ജിന്‍(22), കുമ്പളങ്ങി ഇടക്കൊച്ചി ഫെറി റോഡ് ബാവക്കാട്ട് ബി. പി. റിതിക്ക്(22) എന്നിവരെയാണ് പിടികൂടിയത്.
മാരകശേഷിയുള്ള മയക്കുമരുന്നായ 110 ഗ്രാം ഹാഷിഷ് ഓയിലാണ് 56 ചെറു ബോട്ടിലുകളിലാക്കി ഇവര്‍ സഞ്ചരിച്ചു വന്ന ബൈക്കിന്റെ ടൂള്‍ ബോക്സിനുള്ളില്‍ നിന്നും കണ്ടെടുത്തത് . നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം. കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടിമും, ചേര്‍ത്തല ഡിവൈഎസ്പി വിജയന്റെ നേത്വത്വത്തിലുള്ള അര്‍ത്തുങ്കല്‍ സിഐ പി. ജി. മധു ഉള്‍പ്പെട്ട പ്രത്യേക സംഘവുമാണ് ഇവരെ കുടുക്കിയത്. എറണാകുളത്തു നിന്നും വാങ്ങി ചേര്‍ത്തല, അര്‍ത്തുങ്കല്‍, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ വില്ക്കാന് കൊണ്ടുവന്നതാണെന്നും ഒരു കുപ്പിക്ക് 7,000 മുതല്‍ 10,000 രൂപ വിലപറഞ്ഞുറപ്പിച്ച് കൊണ്ടുവന്നതാണെന്നും പോലീസിനോട് പറഞ്ഞു.
വലിയ അളവില്‍ കഞ്ചാവ് വാറ്റിയെടുത്താണ് ഹാഷിഷ് ഓയില്‍ നിര്‍മ്മിക്കുന്നത് . വീര്യം കുടുതലും കൈകാര്യം ചെയ്യാന്‍ എളുപ്പവുമായ തിനാലാണ് ഹാഷിഷ് ഓയിലിന് ചെറുപ്പക്കാരുടെ ഇടയില്‍ പ്രിയമേറുന്നത്. ആന്ധ്ര പ്രദേശില്‍ നിന്നും സംസ്ഥാനത്തിന്റെ പല ഭാഗത്തുള്ള രഹസ്യ കേന്ദ്രങ്ങളില്‍ എത്തിച്ച് ചെറുബോട്ടിലുകളിലാക്കി നിറച്ച് ചില്ലറ വില്‍പ്പനയ്ക്ക് എത്തിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: