കൊച്ചി: വയനാടന്‍ ചുരം തീര്‍ത്ത കരിന്തണ്ടന് മൂപ്പന്, ചരിത്രത്തിന്റെ മറവിയില്‍ നിന്ന് ഉയിര്ത്തെഴുന്നേല്ക്കുന്നു. പണിയകുലത്തിന്റെ വീരപുരുഷന്റെ പൂര്‍ണകായ പ്രതിമ വയനാട്ടിലെ ലക്കിടിയില്‍ കരിന്തണ്ടന് സ്മൃതി മണ്ഡപത്തില്‍ ഇന്ന് ഉയരും. ശില്പി രമേശ് ലക്ഷ്മണനായിരുന്നു പ്രതിമ തീര്‍ക്കാന്‍ നിയോഗം. എളമക്കര ഭാസ്കരീയത്തില്‍ ഫെബ്രുവരി രണ്ടിന് ആരംഭിച്ചതാണ് പത്തടി ഉയരമുള്ള ശില്പ നിര്‍മാണം. വനവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പീപ്പിന്റെ (പീപ്പിള്‍സ് ആക്ഷന്‍ ഫോര്‍ എജ്യൂക്കേഷനല്‍ ആന്‍ഡ് എക്കണോമിക് ഡെവലപ്മെന്റ് ഓഫ് ട്രൈബല്‍ പീപ്പിള്‍) ഡയറക്ടര്‍ എസ്. രാമനുണ്ണിയുടെ നിര്‍ദേശ പ്രകാരമാണ് ശില്പ നിര്‍മാണം.
കരിന്തണ്ടന്റെ കഥ മുഖ്യധാരയിലെത്തിച്ചത് ആര്‍എസ്എസ് ആണെന്നും തന്റെ പ്രയത്നം സംഘത്തിന് വേണ്ടിയായതില്‍ ഏറെ സന്തോഷമുണ്ടെന്നും രമേശ് ലക്ഷ്മണന് പറയുന്നു. ബ്രിട്ടീഷുകാര്‍ ചതിയില്‍പ്പെടുത്തി ജീവനെടുത്ത കരിന്തണ്ടന്റെ ആത്മാവിനെ ബന്ധിച്ചുവെന്ന് വിശ്വസിക്കുന്ന ചങ്ങല മരം കല്പറ്റയിലേക്കുള്ള വഴിയില്‍ റോഡിന്റെ ഇടതുവശത്താണ്. ഇതിന് സമീപമാണ് ശില്പമുയരുന്നത്.
താമരശ്ശേരി സ്വദേശി ആര്‍ട്ടിസ്റ്റ് അയ്യപ്പന് തയ്യാറാക്കിയ ചിത്രമാണ് ആധാരം. രേഖാ ചിത്രത്തിലെ തലമുടിയില്‍ നിന്നു വ്യത്യസ്തമാണ് ശില്പത്തിലേത്. കടുക്കനും മാലയും പട്ടും വളയും അരയില്‍ കെട്ടും വലംകൈയില്‍ വാക്കത്തിയും ഇടംകൈയില്‍ വടിയുമായി നില്ക്കുന്ന കരിന്തണ്ടന്റെ രൂപമാണ് പ്രതിമയില്‍ ആവിഷ്കരിച്ചത്. ഇത്ര ഉയരത്തില്‍ രമേശ് നിര്‍മിച്ച ആദ്യ ശില്പമാണിത്. വിഗ്രഹ നിര്‍മാണത്തിന്റെ അളവ് അടിസ്ഥാനപ്പെടുത്തി സപ്തതലത്തിലാണ് ശില്പംചെയ്തതെന്ന് രമേശ് ജന്മഭൂമിയോട് പറഞ്ഞു.
കൊച്ചി നേവല്‍ ബേസിലെ മറൈന്‍ മ്യൂസിയത്തിന് വേണ്ടി വരുണദേവന്റെ റിലീഫ് ഉള്‍പ്പെടെ നാലോളം ശില്പങ്ങള്, പാലക്കാട് വ്യാസ വിദ്യാപീഠത്തില്‍ സ്ഥാപിച്ചിരിക്കുന്ന വ്യാസശില്പം തുടങ്ങി നിരവധി സൃഷ്ടികള്‍ രമേശിന്റേതായുണ്ട്. സുധീന്ദ്ര തീര്‍ഥ സ്വാമികളുടെ കാശി മഠത്തില്‍ സാളഗ്രാമങ്ങള്‍ സൂക്ഷിച്ചിരുന്ന, ഏഴു തലയുള്ള സര്‍പ്പം ചുറ്റിയ ആകൃതിയിലുള്ള വെള്ളിപ്പെട്ടി മഠത്തിന്റെ ആവശ്യ പ്രകാരം സ്വര്‍ണത്തില്‍ പൊതിഞ്ഞതും ആലപ്പുഴ തിരുമല ദേവസ്വം ക്ഷേത്രത്തില്‍ ലക്ഷ്മീ നരസിംഹ വിഗ്രഹത്തില്‍ ലക്ഷ്മീ ദേവിയുടെ ഗോളക സ്വര്‍ണത്തില്‍ ചെയ്തതും രമേശാണ്.
തിരുവനന്തപുരത്ത് വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ഭാരതീയ വിചാര കേന്ദ്രത്തിന്റെ ലോഗോ തയ്യാറാക്കിയത്. ബാല സംസ്കാര കേന്ദ്രത്തിന്റെയും അമൃത ഭാരതിയുടെയും ലോഗോ രമേശിന്റെ ഭാവനയില്‍ വിരിഞ്ഞതാണ്. വിചാരകേന്ദ്രത്തിന് വേണ്ടി പി. പരമേശ്വരന്റെയും രാഷ്ട്രധര്‍മ പരിഷത്തിന് വേണ്ടി ഛത്രപതി ശിവാജിയുടെയും ശില്പങ്ങള് തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് രമേശ് ലക്ഷ്മണന്. തൃപ്പൂണിത്തുറയിലാണ് താമസം. ഭാര്യ: ജ്യോതി രമേശ്. മകന്: ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ലക്ഷ്മണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: