സി വി തമ്പി
ആത്മീയശ്രേയസ്സിനുതകുന്ന ജ്ഞാനശേഖരങ്ങളാണല്ലോ ഉപനിഷത്തുകള്‍. വേദമന്ത്രങ്ങളെ വിവിധ ഋഷികുലങ്ങളില്‍ പഠനത്തിനുപയോഗിക്കുകയും ഇങ്ങനെയുള്ള പഠന പാഠനത്തിന്റെ ഭാഗമായി ചര്‍ച്ചകള്‍ ഉണ്ടാവുകയും ചെയ്തു. അത്തരം ചര്‍ച്ചകളില്‍ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങളുടെ സമാഹരണമാണ് പ്രധാന ഉപനിഷത്തുകള്‍. ചുരുക്കിപ്പറഞ്ഞാല്‍, ഉപനിഷത്തുകള്‍ സംവാദത്തിന്റെ പുസ്തകങ്ങളാണ് എന്ന് സാരം.
എല്ലാ സംശയങ്ങള്‍ക്കും നിവൃത്തി വരുത്തുന്ന അറിവിനെയാണ് ഉപനിഷത്തുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്. അശാന്തി പരത്തുന്ന സന്ദേഹങ്ങള്‍ മനസ്സിന്റെ ആകുലത വര്‍ധിപ്പിക്കുമ്പോള്‍ ഉപനിഷദ്ചിന്തകള്‍ വിസ്മയകരവും ശാശ്വതവുമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നു.
‘നമ്മെ ശൂന്യതയില്‍ നിന്നു സൃഷ്ടിച്ച് പലതരം ദുരിതങ്ങള്‍ക്കും വിധേയരാക്കുന്ന ഈശ്വരന്റെ സ്ഥാനത്ത് ഓരോ ജീവിയിലും കുടികൊള്ളുന്ന ഈശ്വരനെയാണ് ഉപനിഷത്തുകള്‍ ഉള്‍ക്കൊള്ളുന്നത്’ എന്നാണ് ഉപനിഷത്തുകളെക്കുറിച്ച് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിരിക്കുന്നത്.
പ്രപഞ്ചത്തിലെ സകല പരിണാമങ്ങള്‍ക്കും നിദാനമായ, ഒഴുകുന്ന നദിക്ക് ആധാരമായ ഒഴുകാത്ത തീരം അതാണ് ഈശ്വരന്‍ എന്ന് നാദബിന്ദൂപനിഷത്ത് നമ്മെ പഠിപ്പിക്കുന്നു. നമ്മള്‍ ഭാരതീയര്‍ക്കിടയില്‍ അദൈ്വത സിദ്ധാന്തവും ദൈ്വതസിദ്ധാന്തവും ത്രൈതസിദ്ധാന്തവും പ്രബലമാണ്. ഈശ്വരന്‍, പ്രകൃതി, ജീവന്‍ എന്നിവയാണല്ലോ ആ മൂന്നു മൗലിക സത്തകള്‍. ഇവ ഒന്നാണെന്നും രണ്ടാണെന്നും അതല്ല മൂന്നാണെന്നും പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായഭേദമുണ്ട്. എന്നാല്‍, മനുഷ്യന്റെ നിലനില്‍പ്പിനെ സംബന്ധിച്ചുള്ള പുരാതനവും ധിഷണാപരവുമായ അന്വേഷണമാണ് ഉപനിഷദ്ചിന്ത. ഈ ദര്‍ശനം നിത്യസത്യവും നിത്യനൂതനവുമാണ്.
സദാചാരം സ്വാതന്ത്ര്യത്തിലേക്കും ദുരാചാരം ബന്ധനത്തിലേക്കും മനുഷ്യനെ നയിക്കുന്നു. മോക്ഷത്തിലേക്കുള്ള സദാചാരത്തിന്റെ വഴിയാണ് ഉപനിഷത്ത് കാട്ടിത്തരുന്നത്. മനുഷ്യന്‍ ദുരാചാരങ്ങളും ദൗര്‍ബല്യങ്ങളും വെടിഞ്ഞ് കരുത്താര്‍ജിക്കണമെന്നാണ് ഉപനിഷദ്ചിന്ത നമ്മെ ഉദ്‌ബോധിപ്പിക്കുന്നത്. അഴുക്കിനെ അഴുക്കു കൊണ്ട് കഴുകിക്കളയാനാവാത്തതുപോലെ ദൗര്‍ബല്യത്തെ ദൗര്‍ബല്യംകൊണ്ട് നേരിടാനാവില്ലല്ലോ. ദൗര്‍ബല്യത്തെ നേരിടേണ്ടത് കരുത്തുകൊണ്ടാണ്.
അതുപോലെതന്നെ മനുഷ്യര്‍ വര്‍ജിക്കേണ്ടതായ ഒരു സ്വഭാവമാണ് അഹങ്കാരം. പ്രായോഗിക ചിന്തകനായ ബര്‍ട്രന്റ് റസ്സല്‍ പറയുന്നു: ‘അഹങ്കാരികള്‍ സ്വന്തം പോരായ്മകള്‍ അറിയായ്കയാല്‍ അവര്‍ക്ക് പുരോഗതി ഉണ്ടാകുന്നില്ല. അഹന്തയെ വിശകലനം ചെയ്താല്‍ ശൂന്യതയാണ് കിട്ടുക.’ അഹന്ത നശിക്കുന്നിടത്ത് ഈശ്വരന്‍ പ്രത്യക്ഷനാകും എന്ന് നാദബിന്ദൂപനിഷത്ത് ഉദ്‌ബോധിപ്പിക്കുന്നു. ആത്മപൂജോപനിഷത്തില്‍ പറയുന്നത് മൗനി ഈശ്വരധ്യാനിയാണെന്നാണ്. ‘മനുഷ്യനിലുള ഈശ്വരത്വം പെരുകുമ്പോള്‍ മാനുഷികമായ ദൗര്‍ബല്യങ്ങളെല്ലാം താനേ മാഞ്ഞു കൊള്ളും’ എന്ന് ശ്രീരാമകൃഷ്ണ പരമഹംസരും പറഞ്ഞിട്ടുണ്ടല്ലോ.
ദോഷങ്ങളെയും ദുര്‍വാസനകളെയും ഉപേക്ഷിക്കാന്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാണ്. എന്തെന്നാല്‍ സാധാരണക്കാര്‍ അതില്‍ അതിയായി അഭിരമിക്കുന്നു. എന്നാലാകട്ടെ ഭക്തിയും ഈശ്വരത്വവും ഉള്ള മനുഷ്യര്‍ ദുര്‍ഗുണങ്ങളെ ഒഴിവാക്കാന്‍ മടിക്കില്ല.
മനസ്സ് നിര്‍മലവും ഹൃദയം ശുദ്ധവുമാകാന്‍ ഓരോ ദിവസവും നാം ധ്യാനിക്കുകയും പ്രയത്‌നിക്കുകയും വേണമെന്നതാണ് ഉപനിഷദ് സാരാംശം. ഈ സാരാംശം ഉള്‍ക്കൊണ്ട് ജീവിതം നയിക്കുവാന്‍ നമ്മളേവരും പരിശ്രമിക്കണം. മേന്മയുള്ള ഒരു നല്ല സമൂഹത്തിനായി നമുക്ക് കാംക്ഷിക്കാം. നാളെയുടെ പുലരി നല്ലതായിരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: