അതിജീവിക്കുക, പോരടിച്ച് വിജയിക്കുക, വെല്ലുവിളി ഏറ്റെടുക്കുക തുടങ്ങിയവയൊക്കെ വികാര സംക്രമണത്തിനുള്ള വാക്പ്രയോഗങ്ങളാണ്. പ്രശ്നങ്ങളുണ്ടാവുകയും അതിന് അനുകൂലമായ പരിഹാരമുണ്ടാവുകയും ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ക്കും പ്രത്യാശ നല്‍കാനുള്ള ചില ഭാഷാപരമായ പൊടിക്കൈകള്‍. അതിനപ്പുറം, പിടിച്ചുനിന്നവന്, രക്ഷപ്പെട്ടവന് മാത്രമേ അറിയൂ അനുഭവിച്ചതിന്റെ ആഴവും ആഘാതവും. 2019 മുതല്‍ മൂന്നു മൂന്നര വര്‍ഷം കേരളം അനുഭവിച്ച വെല്ലുവിളികള്‍ ഒരു സംസ്ഥാനത്തിന് താങ്ങാനാവാത്തതാണ്. തുടര്‍ച്ചയായി വന്ന ദുരന്തങ്ങള്‍. അതില്‍ കൊവിഡ് എന്ന ദുരന്തം ലോകമാകെ ബാധിച്ചതായിരുന്നു.
സ്കൂള്‍-കോളജ് കാമ്പസുകളില്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍ പണ്ട് വിളിക്കുമായിരുന്ന മുദ്രാവാക്യമുണ്ട്, ഏറെ ആവേശം ജനിപ്പിക്കുന്നതായിരുന്നു അത്. അവയുടെ രചയിതാക്കള്ക്കുണ്ടായിരുന്ന കല്പനാശേഷിയെ പ്രശംസിക്കണം. ചില സാമ്പിള്‍: ”ചോരച്ചാലുകള്‍ നീന്തിക്കയറിയ, മരണത്തിന്റെ മുഖത്ത് ചവുട്ടിയ…” കക്ഷിഭേദമില്ലാതെ ഇവ പ്രകടനങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ടെന്നു തോന്നുന്നു. അങ്ങനെ മരണത്തെ മുഖത്ത് ചവുട്ടി, അതിന്റെ രൂപം വികലമാക്കി, ഇനി പരസ്യമായി എങ്ങും വരാന്‍ മടിക്കുന്ന പരുവത്തിലാക്കിയതിന്റെ വീരത്വമാണത്. അതാണ് പൊതുവേ നമ്മുടെ പ്രതിരോധക്കരുത്ത്. ഏത് അന്തരാള ഘട്ടത്തെയും നാമിങ്ങനെ അതിജീവിക്കും. നാം എന്നു പറയുമ്പോള്‍ കേരളമോ, ‘നമ്പര്‍ വണ്‍ കേരളമെന്നോ’ ഒന്നുമല്ല അവകാശവാദം. മനുഷ്യരുടെ പൊതുസ്വഭാവമങ്ങനെയാണ്. അതുകൊണ്ടാണല്ലോ കവി സുഗതകുമാരി എഴുതിയത്- ”പാഴ്ച്ചിരി കണ്ടമ്മൃതിയെ മറന്നു മറന്നേ പോകും പാവം മാനവ ഹൃദയം” എന്ന്.
പഴയവീട് പൊളിച്ച് പുതിയ വീടു വയ്ക്കണം, അതുവരെ വാടകവീട്ടിലേക്ക് മാറണം. അപ്പോഴാണ് പഴയ വീട്ടില്‍ സംഭരിച്ചിരിക്കുന്ന വസ്തുക്കള്‍ പലതും അനാവശ്യമാണെന്ന് തിരിച്ചറിയുന്നത്. പിന്നെ, പുതിയ വീട്ടിലേക്ക് കയറുമ്പോള്‍ വാടകവീട്ടില്‍ സൂക്ഷിച്ചിരുന്നവ പലതും അനാവശ്യമെന്ന് മനസ്സിലാക്കുന്നു. പഴയവീടും വാടകവീടും പുതിയ വീടുമൊഴിഞ്ഞു പോകുന്ന വേളയില്‍ ആരുടേയും ആവശ്യങ്ങള്‍ വളരെ കുറവായിരിക്കും ആര്‍ക്കും. പക്ഷേ, ”മരണം വരുമിനിയെന്നു നിനച്ചിഹ മരുവുക സതതം” എന്നുപാടുന്നവരില് പലര്‍ക്കും പോലും അതിന്റെ അര്‍ത്ഥം ശരിയായി അറിയില്ല. ”ചത്തുപോം നേരം വസ്ത്രം അതുപോലും ഒത്തിടാകൊണ്ടുപോകാനൊരുത്തര്ക്കും” എന്ന് ഹരിനാമകീര്‍ത്തനം ഓര്‍മിപ്പിച്ചാലും ഓര്‍മിക്കില്ല. എന്നല്ല, അത് നിരാശ പരത്തുന്ന തത്വശാസ്ത്രമാണെന്ന് പ്രത്യയശാസ്ത്രംകൊണ്ട് എതിര്‍ക്കുകയും ചെയ്യും. എന്നാല്‍, മൂലധനത്തേയും മുതലാളിത്തത്തേയും നിരാകരിച്ചതാണ് ആ തത്വമെന്ന് പ്രതിപാദിച്ചാല്‍, അത് ഇംഗ്ലീഷിലല്ലാത്തതിനാലും വിദേശി പറഞ്ഞതല്ലാത്തതിനാലും അംഗീകരിക്കുകയുമില്ല. പാവം മാനവഹൃദയത്തെക്കുറിച്ച് പറഞ്ഞുവന്നതാണ്.
കാലം മോശമാകുന്നുവെന്നും കെട്ടകാലമെന്നും മഹാദുരിതകാലമെന്നുമൊക്കെ ഓരോരോ കാരണങ്ങളുടെ പേരില്‍ ഓരോരോ അവസരങ്ങളില്‍ ഉത്കണ്ഠപ്പെടുകയും നമ്മുടെ ശീലമാണ്. അന്തരിച്ച പ്രൊഫ. തുറവൂര്‍ വിശ്വംഭരന് സാര്‍, അദ്ദേഹത്തിന്റെ അഗാധവും പരപ്പേറിയതുമായ വിജ്ഞാനബോധത്തില്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: ”നിങ്ങള്‍ ഇന്നത്തെ കാലം മോശമാണെന്നും മഹാമോശമാണെന്നും പ്രസ്താവിച്ച് സമയം കളയേണ്ടതില്ല. മോശമാക്കാതിരിക്കാന്‍ നിങ്ങളാല്‍ എന്തു ചെയ്യാനാവുമോ അത് ചെയ്തുകൊണ്ടേയിരിക്കുക. കാലം നമ്മുടെ സങ്കല്പ പരിധിയിലുള്ള ഒരു നൂറ്റാണ്ടിനു മുമ്പ് തുടങ്ങിയതല്ല. ഇരുണ്ടകാലം എന്നൊക്കെ വിശേഷിപ്പിച്ചിട്ടുള്ള കാലമുണ്ടായിരുന്നു. മനുഷ്യന് മൃഗമായിത്തന്നെ ജീവിച്ചകാലം. അത് കടന്നാണ് ഇന്നത്തെ സ്ഥിതിയില്‍ വന്നത്. പ്രകൃതിക്കറിയാം-പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്താണെന്ന്. എന്നു കരുതി ഇച്ഛാനുസരണമുള്ള ജീവിതാസ്വാദനം ആവാമെന്നല്ല അതിനര്‍ത്ഥം. കൂടുതല്‍ മോശമാക്കാതെ ജീവിക്കുക.” വിശദീകരണം ഏറെ സ്പഷ്ടമായി. അതിനൊപ്പം, ”ആവുമെങ്കില്‍ കുറ്റമകറ്റാനും ശ്രമിക്കുക” എന്നു കൂടി ചേര്‍ത്തപ്പോള്‍ സമഗ്രമായി. പക്ഷേ, പാവം മാനവഹൃദയങ്ങള്‍ മൃതിയെ മറന്ന് അഭിരമിക്കുമ്പോള്‍ അറിയുന്നില്ലല്ലോ, അറിവുള്ളവരെ കേള്‍ക്കുന്നുമില്ലല്ലോ എന്നോര്‍ത്ത് സങ്കടപ്പെടാനേ കഴിയൂ.
ആദ്യം പറഞ്ഞ, മൂന്നു മൂന്നര വര്‍ഷത്തെ കെടുതിക്കാലത്തുനിന്ന് കരകയറുന്നതിന്റെ പ്രകടനങ്ങള്‍ ചുറ്റും കാണുന്നു. യുദ്ധത്തിനെതിരെ വിദ്യാര്‍ഥികള്‍ പ്രകടനം നടത്തുന്നു, രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രക്ഷോഭങ്ങളിലേക്ക് കടക്കുന്നു, സ്കൂള്‍, കോളജ്, ഓഫീസുകള്‍ സാധാരണ മട്ടിലാകുന്നു, വിപണികളും ചന്തകളും തിരക്കുള്ളതാകുന്നു. നിരത്തില്‍ വാഹനങ്ങള്‍ യാത്രക്കുരുക്കില്‍ പെടുന്നു. ട്രെയിനുകള്‍ ലേറ്റാകുന്നു. ഒക്കെയും പഴയ മട്ടിലേക്ക്, പുതിയ പ്രതിസന്ധികള്‍ ‘അതിജീവിച്ച്’, പഴയ പ്രശ്നങ്ങളില്‍ വീണ് അവയ്ക്ക് പരിഹാരം കാണണമെന്ന് ഓര്‍മിക്കാതെ, പുതിയ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയിരിക്കുന്നു. പൊതു പ്രകടനങ്ങളില്‍ ഏറ്റവും ആഹ്ലാദവും ആവേശവും ആനന്ദവും ആള്‍ക്കൂട്ടവും കാണുന്നത് ഉത്സവങ്ങളിലാണ്. ഉത്സവമെന്നാല്‍ ക്ഷേത്രോത്സവമെന്നു പറയണം. ആഘോഷങ്ങള്‍ അതിരില്ലാതെ എന്നാണ് വിശേഷിപ്പിക്കേണ്ടത്. ‘ഉത്സവം’ എന്ന വാക്കും അങ്ങനെയാണല്ലോ അര്‍ത്ഥം ദ്യോതിപ്പിക്കുന്നത്. കവിഞ്ഞൊഴുക്ക്, കൃത്യമായി പറഞ്ഞാല്‍ മുകളിലേക്കുള്ള കവിഞ്ഞൊഴുക്ക്. ആ ഒഴുക്കിന് പ്രത്യേകതയുണ്ട്. ഒഴുകുന്നത് നദികളാണ് എന്നാണ് വയ്പ്പ്. മുകളിലേക്ക് ഒഴുകുന്ന നദി, ശാസ്ത്രീയമായി അസാധ്യമാണ്; ഭൂഗുരുത്വ പ്രതിഭാസം ഉള്ളിടത്തോളം. അതിനാല്‍ മുകളിലേക്ക് ഒഴുകുന്നത് നിറഞ്ഞു തുളുമ്പലാണെന്ന് ഉറപ്പ്. മനസ്സിന്റെ നിറഞ്ഞുതുളുമ്പലാകണം ഉത്സവം. അതിന് ആഹ്ലാദം തന്നെയാവണം അടിസ്ഥാനം. അതുകൊണ്ടുതന്നെ ഉത്സവങ്ങള്‍ പലതരത്തില്‍ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. പക്ഷേ, കവിഞ്ഞൊഴുകുന്നത് പാഴായിപ്പോകാതെ നോക്കേണ്ടതുണ്ട്.
ഉത്സവം, നാടിന്റെ ഒത്തുചേരല്‍ കേന്ദ്രത്തില്‍ നടക്കുന്ന ആഘോഷമാണ്. ചരിത്രപരമായി നോക്കുമ്പോള്‍ ക്ഷേത്രങ്ങളാണ് ആദ്യകാലത്തെ ഒത്തുചേരല്‍ സ്ഥലം. ക്ഷേത്ര കേന്ദ്രിതമായി വളര്‍ന്ന സംസ്കാരവും കലയും വിദ്യാഭ്യാസവും ആരോഗ്യ സംരക്ഷണവും ആത്മീയാനുഭൂതിയുമൊക്കെ വ്യക്തിക്കും സമൂഹത്തിനും ഏറെ ഗുണപ്രദമായിരുന്നുവെന്നതിന് ചരിത്രപരമായ തെളിവുണ്ട്. ഏതോ കാലത്ത് പൗരോഹിത്യത്തിന്റെ അധീശത്വം നേടിയ ആധിപത്യത്തില്‍ പുഴുക്കുത്തുകളോ അപ്രഭ്രംശങ്ങളോ സംഭവിച്ചു. പക്ഷേ, അതിനു മുമ്പുണ്ടായിരുന്ന നന്മ കാണാതിരുന്നുകൂടല്ലോ. സംസ്കാരത്തിന്റെ പ്രഭവവും പ്രസാരണവും ക്ഷേത്രപരിസരത്തു നിന്നായിരുന്നു. കലകള്‍ അറുപത്തിനാലും അങ്ങനെ വളര്‍ന്നു. ഇന്നും ക്ഷേത്ര ശില്പകലകള് ലോകത്ത് മറ്റൊരിടത്തുമില്ലാത്ത തരത്തില്‍ നമ്മുടെ സമ്പത്താണ്. അത് വിശാലമായ മറ്റൊരു ചര്‍ച്ചാ വിഷയമാണ്. ഒട്ടേറെ പണ്ഡിതര്‍ അതിനെക്കുറിച്ച് ചര്‍ച്ചയും ചെയ്തിരിക്കുന്നു. പക്ഷേ ആ ചര്‍ച്ചകള്‍ വേണ്ടവിധം ചര്‍ച്ചയാകുന്നില്ല എന്നു മാത്രം. ഒരുകാലത്ത് പൗരോഹിത്യ ദുഷിപ്പായിരുന്നു തടസമെങ്കില്‍ ഇക്കാലത്ത് രാഷ്ട്രീയ തത്വശാസ്ത്രങ്ങളില്‍ ചിലതിന്റെ വിലക്കുകളാണ് വെല്ലുവിളിക്കുന്നത് എന്നുമാത്രം.
ക്ഷേത്രങ്ങള്‍ ആരു ഭരിക്കണമെന്ന വിഷയവും തര്‍ക്കത്തിലാണ്. ആരു ഭരിച്ചാലും ക്ഷേത്രാനുബന്ധിയായി സമാജവികസനം ഉണ്ടാകുന്നുണ്ടോ എന്നതാണ് വിഷയം. ദേവസ്വം ബോര്‍ഡു വഴി സര്‍ക്കാര്‍ നിയന്ത്രിച്ചാലും, നാട്ടുകാര്‍ നിയന്ത്രിക്കുന്നതിനെ സര്‍ക്കാര്‍ പിടിച്ചെടുത്താലും ആര്‍ക്കുവേണ്ടി എന്ന ചോദ്യത്തിനുത്തരത്തിലാണ് പ്രസക്തി. ക്ഷേത്രങ്ങള്‍ വിശ്വാസികളുടെ മാത്രമല്ല, ജനങ്ങളുടെയാകെ അഭയകേന്ദ്രമാകണം; ആദായ കേന്ദ്രമല്ല. ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ തികച്ചും മതസംസ്കാരാചാരപ്രകാരം തന്നെയാകണം. തന്ത്രിയാണല്ലോ ക്ഷേത്രത്തിന്റെ പരമാധികാരി അക്കാര്യത്തില്‍. അത് ക്ഷേത്രത്തിലെ മൂര്‍ത്തിയുടെ കാര്യം. എന്നാല്‍, ക്ഷേത്രങ്ങള്‍ നല്കുന്ന സേവനങ്ങള്‍ ആര്‍ക്കും വിനിയോഗിക്കാന്‍ കഴിയുന്ന സംവിധാനത്തിന് എന്താണ് തടസ്സം. മതേതരമെന്ന പ്രയോഗത്തില്‍ അര്‍ഥം മാറിപ്പോയ വാക്കുപയോഗിക്കാത്തത് മനപ്പൂര്‍വമാണ്.
ഉത്സവത്തിന്റെ നടത്തിപ്പിന് നിയോഗിക്കപ്പെടുന്ന സമിതികള്‍, ക്ഷേത്ര കേന്ദ്രിതമായി, പ്രാദേശിക സാമൂഹ്യ സേവന സംവിധാനം ക്രമപ്പെടുത്തിയാല്‍ അത് പ്രാദേശികമായ വികസനത്തിന് സഹായകമാകില്ലേ. എന്തുകൊണ്ട് നടപ്പിലാക്കിക്കൂടാ. ആലോചിച്ച് സമയം കളയേണ്ടതല്ല വിഷയം. ആലോചന ഏറെ നാളായി പലരും നടത്തുന്നു. വിദ്യാഭ്യാസം, ചികിത്സ, തൊഴില്‍, വിതരണം, വിപണനം അടക്കം സേവനങ്ങള്‍ക്ക് എന്തുകൊണ്ട് സംവിധാനം ക്രമപ്പെടുത്തിക്കൂടാ. ആവുന്നതേയുള്ളൂ. പക്ഷേ, അത് കൂറ്റന്‍ സ്ഥാപനവത്കരണത്തിന്റെ തോതിലേക്ക് വളരരുത്, അതിന് ചിന്തിക്കുക പോലും അരുത്. അങ്ങനെ വന്നാല്‍ എതിര്‍ക്കാന്‍ മൂന്നുകൂട്ടര് സന്നദ്ധരാകും. ഒന്ന്: ക്ഷേത്ര കേന്ദ്രിത സംഘടിത സമാജം എന്ന സങ്കല്പം പ്രാവര്‍ത്തികമായാല്‍ ‘കടയടയ്ക്കേണ്ടി വരു’മെന്ന് ഭയക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍. രണ്ട്: വിവിധ മേഖലയിലെ കോര്‍പ്പറേറ്റ് ഭീമന്മാര്. മൂന്ന്: ഇടനിലക്കാര്‍. ഇവരുടെ തടസ്സങ്ങളെ ‘അതിജീവിക്കാന്‍’ പ്രാദേശികമായ സംവിധാനങ്ങള്‍ ഒരുക്കി പ്രതിരോധിക്കണം. ഇത് പുതിയ ചിന്തയൊന്നുമല്ല, നിര്‍ദേശവും. പക്ഷേ, പലകാലമായി പ്രാവര്‍ത്തികമാകാതെ കിടക്കുന്ന ആശയമാണ്. പോയകാലത്തെ ‘വെല്ലുവിളികള്‍’ ഇനിയുമുണ്ടാകില്ലെന്നുറപ്പില്ല. അപ്പോള്‍ കരുതലായി മാറാം ഈ സങ്കല്പം.
പിന്കുറിപ്പ്:
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പലതരത്തില്‍ വിശകലനം ചെയ്യപ്പെടുന്നു. എന്നാല്‍, പാരമ്പര്യ രാഷ്ട്രീയ വിശ്വാസങ്ങള്‍ തെറ്റെന്ന് തെളിയിച്ച് ഒരു പാര്‍ട്ടി തുടര്‍ച്ചയായി നേട്ടം ഉണ്ടാക്കുന്നത് എന്തുകൊണ്ടെന്ന് പഠിക്കാന്‍ ആരും മെനക്കെടുന്നില്ല. ആ പാര്‍ട്ടിയുടെ, ബിജെപിയുടെ, ഉത്ഭവം, വളര്‍ച്ച, അവരെ പിന്നില്‍ നിന്ന് സഹായിക്കുന്നവര്‍, പദ്ധതി, രീതി, നയം എന്നിവയെക്കുറിച്ച് ഗൗരവമായി പഠിക്കാന്‍ പലരും എന്തുകൊണ്ട് തയാറാകുന്നില്ല എന്ന് അതിശയിച്ചു പോകും. ടൈംസ് ഓഫ് ഇന്ത്യ പോലൊരു പത്രത്തിന്റെ സാമ്പത്തികനയ നിലപാടുകള്‍ സ്വരൂപിക്കുന്ന സ്വാമിനാഥന്.എസ്.അയ്യര്‍ (സ്വാമിണോമിക്സ്) പോലുള്ളവരും-ഉപരിപ്ലവമായി, കവല പ്രസംഗങ്ങളിലെ രാഷ്ട്രീയ കൂലിപ്പണിക്കാരുടെ തലത്തിലാണ് ചിന്തിക്കുന്നതും എഴുതുന്നതും. വിഭീഷണന് രാമായണത്തില്‍ പറയുന്ന വാക്യമാണ് ചേര്‍ച്ച. ”അല്ലാ…..എന്തറിയുന്നു വിഭോ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: