ഇന്ന് പലയിടങ്ങളില്‍ ആളിപ്പടര്‍ന്ന ഹിജാബ് വിഷയം ഒരു രാഷ്ട്രീയ മുതലെടുപ്പും ചില മതനേതാക്കളുടെ സങ്കുചിത താല്‍പ്പര്യവുമാണ്. നൂറ് നാട്ടില്‍ നൂറ് ഭാഷ എന്ന് പറയുന്നതുപോലെ ലോകത്ത് മുസ്ലിം രാഷ്ട്രങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഒരേ രീതിയില്‍ അല്ല. കേരളത്തില്‍ തന്നെ തിരുവനന്തപുരത്തും കൊല്ലത്തും മുസ്ലിം വിഭാഗം പിന്തുടരുന്ന ചില രീതികള്‍ കണ്ണൂര്‍ ജില്ലയിലും കോഴിക്കോട് ജില്ലയിലും തീര്‍ത്തും അപരിചിതമാണ്. മരുമക്കത്തായ രീതി നായര്‍ സമുദായത്തില്‍ വളരെ സാധാരണമായിരുന്നു മലബാറില്‍. കല്യാണം കഴിച്ചാല്‍ ഭര്‍ത്താവ് ഭാര്യ വീട്ടില്‍ തങ്ങുന്ന രീതി കേരളത്തില്‍ കണ്ണൂര്‍ ജില്ലയിലെ പല ഭാഗങ്ങളിലും കാണാം. ജില്ല മുഴുവന്‍ ഈ രീതിയില്ല. കോഴിക്കോട് ജില്ലയിലെ പൊന്നാനിയില്‍ ഈ രീതിയുണ്ട്. നായര്‍ സമുദായം മലബാറില്‍ ഈ രീതി ഉപേക്ഷിച്ചു. പക്ഷേ മുസ്ലിം സമുദായം ഉപേക്ഷിക്കാന്‍ തയ്യാറല്ല. ഇതിന് ഇസ്ലാം മതവിശ്വാസവുമായി യാതൊരു ബന്ധവുമില്ല. ലോക മുസ്ലിം ജനവിഭാഗത്തെ ആകെയെടുത്താല്‍ ഈ രീതി ലക്ഷദ്വീപിലും കാണാം. ഖുറാനിലും ഹദീസ്സിലും (നബിചര്യ) ഈ രീതി അന്വേഷിച്ചിട്ട് കാര്യമില്ല.
അറബിപ്പേരുകള്‍
ലോകത്ത് അറബിപ്പേരുകള്‍ ഉപയോഗിക്കാത്ത മുസ്ലിം രാഷ്ട്രങ്ങള്‍ ഉണ്ട് എന്ന് കേരളത്തിലെ മുസ്ലിം ജനവിഭാഗത്തില്‍ പലര്‍ക്കും അറിയില്ല. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം വിശ്വാസികള്‍ ഉള്ള ഇന്തോനേഷ്യയില്‍ തൊണ്ണൂറ് ശതമാനം മുസ്ലിം വിശ്വാസികള്‍ ഹൈന്ദവ പേരുകള്‍ പിന്തുടരുന്നു. അന്തരിച്ച പ്രശസ്ത കഥാകൃത്ത് യു.എ. ഖാദര്‍ ഒരിക്കല്‍ പറഞ്ഞതിങ്ങനെയാണ് ”എന്നെ അദ്ഭുതപ്പെടുത്തിയത് ഇന്തോനേഷ്യയിലെ അറിയപ്പെടുന്ന ഒരു സുന്നി പണ്ഡിതന്റെ പേര് ദ്രോണാചാര്യര്‍ എന്നാണ് എന്നുള്ളത.് സത്യമാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് സാവിത്രി.” കേരളത്തിലെ സാഹചര്യത്തില്‍ മലബാറില്‍ 95 ശതമാനം ഇസ്ലാം ജീവിത രീതി പിന്തുടരുന്നവര് അറബി പേരുകളില്‍ അറിയപ്പെടുന്നു. പക്കി, കുട്ടി, സുജാത തുടങ്ങിയ പേരുകള്‍ മലബാറില്‍ അപൂര്‍വമായി കാണാം. തുര്‍ക്കിയിലും ഇസ്ലാം മതവിശ്വാസികല്‍ അറബി പേര് ഇടാറില്ല. നൊബേല്‍ സമ്മാനം കിട്ടിയ തുര്‍ക്കി എഴുത്തുകാരന് പാമുക്ക് തന്നെ ഇതിന് ഉദാഹരണം. അദ്ദേഹം ഷിയാ വിഭാഗക്കാരനാണ്. ഇസ്ലാമില്‍ അറബിപ്പേര് തന്നെ വേണമെന്ന് നിര്‍ബന്ധമില്ല. പക്ഷേ അല്പ്പജ്ഞാനികള് അറബിപ്പേരുകള്‍ അന്വേഷിച്ച് നടക്കുന്നത് കാണാം.
ചേലാകര്‍മം
പെണ്‍കുട്ടികളുടെ ചേലാകര്‍മം ആഫ്രിക്കന്‍ രാഷ്ട്രങ്ങളില്‍ മുസ്ലിം സമുദായത്തിലും, ക്രിസ്ത്യന്‍ സമുദായത്തിലും സാധാരണയായിരുന്നു. കഴിഞ്ഞ 25 വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ മിക്ക മുസ്ലിം രാഷ്ട്രങ്ങളിലും ചേലാകര്‍മം നിരോധിച്ചു കഴിഞ്ഞു. കേരളത്തിലെ സുന്നി വിഭാഗം ഇതിനെ അടുത്തകാലം വരെ പിന്തുണച്ചിരുന്നു. പുരുഷന്റെ ലിംഗത്തിന്റെ അഗ്രത്തിലുള്ള തൊലി നീക്കുന്നത് ഒരുകാലത്ത് നല്ലതായിരുന്നു. പക്ഷേ ഇന്ന് പുരുഷന്റെ ലിംഗാഗ്രം കഴുകാനും വൃത്തിയാക്കാനും മറ്റ് വഴികള്‍ ഉള്ളപ്പോള്‍ എന്തിനാണീ ഏര്‍പ്പാട് എന്ന് പ്രശസ്ത എഴുത്തുകാരി ഡോക്ടര്‍ ഖദീജാ മുംതാസ് ചോദിച്ചിരുന്നു. ബര്‍സ എന്ന നോവലില്‍ ഡോക്ടര്‍ സ്ത്രീകളുടെ ചേലാകര്‍മത്തെക്കുറിച്ച് പറയുന്നുണ്ട്. മുംതാസ് ഏറെക്കാലം സൗദിയിലെ മദീനയില്‍ ഗൈനക്കോളജിസ്റ്റ് ആയിരുന്നു.
മുസ്ലിം സ്ത്രീകളുടെ വസ്ത്രം
ലോകത്തിലെ 150 ല്‍ കൂടുതല്‍ മുസ്ലിം രാഷ്ട്രങ്ങളില്‍ ഏകീകൃതമായ ഒരു വസ്ത്രധാരണ രീതിയില്ല. ഇസ്ലാം നിര്‍ദേശിക്കുന്നത് ശരീരഭാഗങ്ങള്‍ നല്ല നിലയില്‍ കവര്‍ ചെയ്യുന്ന വസ്ത്രം എന്നാണ്. സാരിയും ജീന്‍സും ചുരിദാറും പര്‍ദ്ദയും മാത്രമല്ല പുരുഷന്റെ ഷര്‍ട്ടും പാന്റ്സും ധരിക്കുന്ന മുസ്ലിം രാഷ്ട്രങ്ങള്‍ ലോകത്തുണ്ട്. ഇന്ന് ഏഷ്യന്‍ രാജ്യങ്ങളില്‍ എല്ലാ മതവിഭാഗങ്ങളില്‍ പെട്ട സ്ത്രീകളും ചുരിദാര്‍ ഉപയോഗിക്കുന്നു. പാക്കിസ്ഥാന്, ബംഗ്ലാദേശ്, സിലോണ്‍, ഇന്ത്യ, ഇന്തോനേഷ്യ, നേപ്പാള്‍, ഭൂട്ടാന് തുടങ്ങിയ രാജ്യങ്ങളിലെല്ലാം മുസ്ലിം സ്ത്രീകളും, മറ്റ് സമുദായത്തില്‍പ്പെട്ട സ്ത്രീകളില്‍ വലിയ ഒരു ഭാഗവും ചുരിദാര്‍ അല്ലെങ്കില്‍ സല്‍വാര്‍ കമ്മീസ് പിന്തുടരുന്നു. ഇതിനൊന്നും മതത്തിന്റെ പരിവേഷം ചാര്‍ത്തേണ്ട കാര്യമില്ല.
മുഖം മുഴുവന്‍ മറയ്ക്കുന്നത് ലോകത്തിലെ മുസ്ലിം സ്ത്രീകളില്‍ അഞ്ച് ശതമാനം മാത്രമാണ്. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനായ മൗദൂതി സ്ത്രീകള്‍ മുഖം മുഴുവനായി മറയ്ക്കാന്‍ ആഹ്വാനം ചെയ്തിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഭാര്യ കോണ്‍വെന്റില്‍ പഠിച്ച ഹബീബ മുഖം മറയ്ക്കാറില്ല. ഇന്ന് ജമാഅത്തെ ഇസ്ലാമി തന്നെ മുഖം മറയ്ക്കുന്നത് അഭികാമ്യമല്ല എന്ന നിലപാടിലെത്തി. ഇന്ത്യയിലെ പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ 80 ശതമാനം മുസ്ലിം സ്ത്രീകളും വയലിലും മറ്റും കൂലിപ്പണിയെടുത്താണ് ജീവിക്കുന്നത്. യുപിയിലെ മുസ്ലിം സ്ത്രീകളുടെ സാക്ഷരത ഇന്നും 22 ശതമാനമാണ്. മധ്യപ്രദേശില്‍ 31 ഉം ഝാര്‍ഖണ്ഡില്‍ 18 ഉം രാജസ്ഥാനില്‍ 26 ശതമാനവുമാണ് മുസ്ലിം സ്ത്രീകളുടെ സാക്ഷരത എന്നറിയുമ്പോള്‍ തലമറയ്ക്കണമെന്ന് വാദിക്കുന്നവര്‍ക്ക് ഷോക്കേല്‍ക്കും. ഉത്തരേ ന്ത്യയിലെത്തിയാല് ഹിന്ദു സ്ത്രീകളും സാരിത്തലപ്പുകൊണ്ട് മുടി മറയ്ക്കും. പക്ഷേ അവര്‍ സ്കൂള്‍, കോളജുകളില്‍ എത്തിയാല്‍ അത് ചെയ്യാറില്ല. ഓരോ സ്കൂളും കോളജും അനുശാസിക്കുന്ന യൂണിഫോം വിദ്യാര്‍ത്ഥികള്‍ പിന്തുടരണം. കന്യാസ്ത്രീകള്‍ പിജി ചെയ്യാന്‍ എന്റെ ക്ലാസ്സില്‍ ഉണ്ടായിരുന്നു. അവര്‍ കന്യാസ്ത്രീ വസ്ത്രമാണ് ധരിച്ചിരുന്നത്. പക്ഷേ അത് ഗവണ്മെന്റ് കോളജ് ആയിരുന്നു. ഒരു പ്രൈവറ്റ് കോളജില്‍ അത് അനുവദിക്കണമെന്ന് അവര്‍ വാശിപിടിച്ചാല്‍ അവിടെ ചേരാതിരിക്കുക. ചേര്‍ന്നതിനുശേഷം പ്രശ്നമുണ്ടാകുന്നതില് അര്‍ത്ഥമില്ല.
സിറിയ, ജോര്‍ദാന്‍ തുടങ്ങിയ മുസ്ലിം രാജ്യങ്ങളില്‍ പബ്ലിക് സ്ഥലങ്ങളില്‍ പര്‍ദ്ദ നിരോധിരിക്കുന്നു. സൗദി അറേബ്യയിലെ ജിദ്ദയില്‍ ഇന്ത്യന്‍ എംബസി സ്കൂളില്‍ ഇതെഴുതുന്ന ലേഖകന്‍ ജോലി ചെയ്തിരുന്നു. അവിടെ പ്രൈവറ്റ് സ്കൂളുകളില്‍ മാനേജ്മെന്റ് നിശ്ചയിക്കുന്ന യൂണിഫോം ധരിക്കണം. ഹിജാബ് നിര്‍ബന്ധമില്ല. ഗവണ്മെന്റ് അറബി സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് വെളുത്ത ചുരിദാറും ശിരോവസ്ത്രവും ധരിക്കാം. പര്‍ദ്ദ ക്ലാസ്മുറിയില്‍ പാടില്ല.
കേരളത്തില്‍ അര നൂറ്റാണ്ട് മുന്‍പ് മുസ്ലിം സ്ത്രീകളില്‍ വലിയൊരു ഭാഗം കൂലിവേല ചെയ്ത് ജീവിച്ചവരാണ്. ഇന്നും കാസര്‍ഗോഡ് തൊട്ട് തിരുവനന്തപുരം വരെ കടലോരത്ത് കഴിയുന്ന മുസ്ലിം സ്ത്രീകളും ഹെഡ് സ്കാര്‍ഫ് ഉപയോഗിക്കാറില്ല. നിത്യജീവിതത്തിന്റെ എരിതീയില്‍ വെന്തുരുകുന്ന പാവം സ്ത്രീകള്‍ക്ക് വയറിന്റെ വിളി അഥവാ വിശപ്പാണ് പ്രശ്നം. അല്ലാതെ പര്‍ദ്ദയും ഹിജാബുമല്ല. തണലോ അഭയമോ നല്‍കാത്ത മണല്‍പ്പരപ്പിന്റെയും, സ്ഥിരതയില്ലാത്ത മണല്കുന്നുകളുടെയും നാടാണ് അറേബ്യ. സ്വപ്നം പോലെ വിലപ്പെട്ട ശുദ്ധജലത്തിന് പൊരുതുന്ന ഗോത്രവിഭാഗം അറബികള്‍ സ്ത്രീയും പുരുഷനും മുഖംമൂടി ഉപയോഗിച്ചിരുന്നു.
ദുബൈ ഭരണാധികാരി റാഷിദും പത്നിയും കഴിഞ്ഞവര്‍ഷം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ഹിജാബ് ധരിക്കാതെ ഒരു ഷാള്‍ കഴുത്തില്‍ ചുറ്റിയാണ് ബോംബെയിലും ദല്‍ഹിയിലും കറങ്ങിയത്. മുസ്ലിം സ്ത്രീകള്‍ ഓഫീസുകളിലും സ്കൂളുകളിലും ജോലി ചെയ്യുന്നത് വിലക്കിയ ഇസ്ലാമിക പണ്ഡിതന്മാര് കേരളത്തിലുണ്ടായിരുന്നു. അതിനെ എതിര്‍ത്ത ഒരു വിഭാഗവും കേരളത്തിലുണ്ടായിരുന്നു. ശൈശവ വിവാഹത്തിലും തലാഖിലും ഒന്നാം സ്ഥാനത്ത് 1990 വരെ മലപ്പുറമായിരുന്നു. ഏറ്റവും കുറവ് കൊല്ലം ജില്ലയും. ഇന്ന് അന്തരീക്ഷം മാറി. പ്രശസ്ത നാടകനടി നിലമ്പൂര്‍ ആയിഷ പല അഭിമുഖങ്ങളിലും പറഞ്ഞ ഒരു കാര്യമിതാ: ”ഞാന്‍ അര നൂറ്റാണ്ട് മുന്‍പ് വിശപ്പിന്റെ കാഠിന്യംകൊണ്ട് നാടകരംഗത്ത് വന്നപ്പോള്‍ മുസ്ലിം സമുദായം മലബാറില്‍ അതിനെതിരായിരുന്നു. ഞാന്‍ നാടകത്തില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ ഭീഷണിക്കത്തുകള്‍ വന്നു. ഒടുവില്‍ സ്റ്റേജില്‍ എന്റെ തലക്ക് നേരെ ഒരാള്‍ വെടിയുതിര്‍ത്തു. പക്ഷേ ഒരു മുടിനാരിഴക്ക് ഞാന്‍ രക്ഷപ്പെട്ടു.”
എട്ടു വയസാകുന്നതിന് മുന്‍പ് കല്യാണം കഴിക്കുന്ന മുസ്ലിം പെണ്‍കുട്ടികള്‍ സര്‍വ്വസാധാരണയായി മുസ്ലിം സമുദായത്തില്‍ മാത്രമേ കേരളത്തില്‍ കണ്ടിരുന്നുള്ളൂ. ഇന്ന് ഈ അവസ്ഥ മാറാന്‍ കാരണം വിദ്യാഭ്യാസം സാര്‍വ്വത്രികമായതും, ഇസ്ലാം മതത്തില്‍തന്നെ പുരോഗമന വിഭാഗം രംഗത്തുവന്നതുമാണ്.
അഹമ്മദ് ഖാന്
വിശ്വവിഖ്യാതമായ അലിഗഢ് യൂണിവേഴ്സിറ്റിയുടെ സ്ഥാപകന്‍ അഹമ്മദ് ഖാനെ കേരളത്തില്‍ സുന്നി വിഭാഗം 1950ല്‍ ‘കാഫിര്‍’ എന്ന് പ്രഖ്യാപിച്ച് മാറ്റിനിര്‍ത്തിയിരുന്നു. മുസ്ലിം സ്ത്രീകളുടെ വിദ്യാഭ്യാസത്തെ അദ്ദേഹം ഏറെ ഗൗരവമായി എടുത്തു. ശൈശവ വിവാഹം നിര്‍ത്തണമെന്ന് ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. മുസ്ലിം സ്ത്രീകള്‍ സാമൂഹ്യരംഗത്ത് വരണമെന്ന അദ്ദേഹത്തിന്റെ വാദം പാരമ്പര്യ സുന്നി വിഭാഗത്തെ ചൊടിപ്പിച്ചു. ഡോ. പി.കെ. അബ്ദുല്‍ ഗഫൂര്‍ എംഇഎസ്സിന്റെ സ്ഥാപക നേതാവാണ്. ”ഇസ്ലാമിന്റെ പേരില്‍ പറയപ്പെടുന്ന സ്ത്രീകള്‍ക്കെതിരായ ശരീ അത്ത് നിയമങ്ങള്‍ വ്യാജമാണ്” എന്ന് അദ്ദേഹം വാദിച്ചു. അദ്ദേഹം മരിച്ചപ്പോള്‍ സുന്നി വിഭാഗം പള്ളികളില്‍ മയ്യത്ത് നമസ്ക്കാരം നടത്തിയില്ല. അദ്ദേഹത്തെ ‘കാഫര്‍’ എന്ന് മുദ്രകുത്തി. ഇന്ന് എം.എം. അക്ബര്‍, മുജാഹിദ് ബാലുശ്ശേരി തുടങ്ങിയ മുജാഹിദ് പണ്ഡിതന്മാര് എന്നറിയപ്പെടുന്നവര്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളെ എതിര്‍ത്തപ്പോള്‍ അവര്‍ തിരിച്ച് പണികൊടുത്തു. ഖുര്‍ ആനിലെ അശാസ്ത്രീയത സെബാസ്റ്റിയന് പുന്നക്കലും മറ്റും വിളിച്ചുപറയാന്‍ തുടങ്ങി. പൊതുപരിപാടികളില്‍ നിലവിളക്ക് കത്തിക്കുന്നത് സി.എച്ച്. മുഹമ്മദ് കോയ, പ്രേംനസീര്‍, മമ്മൂട്ടി, ബഷീര്‍, ഇ. അഹമ്മദ് തുടങ്ങിയവരൊന്നും എതിര്‍ത്തില്ല. പക്ഷേ മുജാഹിദിലെ ഒരു വിഭാഗം രംഗത്തുവന്നു. ഇവിടെ ശിരോവസ്ത്രവും, ഒരു വിഭാഗം വര്‍ഗ്ഗീയത ആളിക്കത്തിക്കാന്‍ ഇന്ധനമായി ഉപയോഗിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: