പി.വി. ശ്രീജിത്ത്
ദാരിദ്യവും അനാഥത്വവും പേറുന്നതിനിടയിലും കലാസപര്യയിലൂടെ ജീവിത താളം കണ്ടെത്തി പുതു തലമുറയ്ക്കു മാതൃകയാവുകയാണ് പരിയാരം കടന്നപ്പള്ളി സ്വദേശി സുധാകര മാരാര്‍. വളരെ ചെറുപ്പത്തില്‍ തന്നെ അമ്മ നഷ്ടപ്പെട്ട സുധാകര മാരാര്‍, ലക്ഷ്മി ദേവിയെ അമ്മയായി ധ്യാനിച്ചാണ് ജീവിതം മുന്നോട്ടു കൊണ്ടുപോവുന്നത്. താള വിസ്മയമായ മട്ടന്നൂര്‍ ശങ്കരന് കുട്ടി മാരാരുടെ ശിഷ്യനാവാന്‍ കഴിഞ്ഞതാണ് കലാ ജീവിതത്തില്‍ വഴിത്തിരിവായത്. മട്ടന്നൂരിനൊപ്പം സുപ്രധാനമായ നിരവധി വേദികള്‍ പങ്കിടാനായത് ജീവിതത്തിലെ ഏറ്റവും വലിയ സുകൃതമായി ഈ യുവ കലാകാരന് കാണുന്നു. ഈ ആത്മാര്‍പ്പണത്തിനുള്ള അംഗീകാരമായി ദില്ലി പഞ്ചവാദ്യട്രസ്റ്റിന്റെ യുവ കലാപുരസ്കാരം ഇദ്ദേഹത്തെത്തേടിയെത്തി.
വടക്കെ മലബാറിലെ കര്‍ഷക ഗ്രാമമായ കടന്നപ്പള്ളിയിലെ കലാകുടുംബത്തിലാണ് സുധാകരന്റെ ജനനം. പിതാവ് വേലായുധ മാരാര്‍, വാദ്യകലാകാരനും മട്ടന്നൂര്‍ ശങ്കരന് കുട്ടിയുടെ പിതാവിന്റെ സുഹൃത്തും സഹപാഠിയുമായിരുന്നു. ദേവസ്വം ബോര്‍ഡില്‍ ക്ലര്‍ക്കായി ജോലി ചെയ്തിരുന്ന ഇദ്ദേഹം കലയുടെ നിത്യോപാസകനായിരുന്നു. സുധാകരന്റെ മാതാവ് ലക്ഷ്മി, അദ്ദേഹത്തിനു 13 വയസ്സുള്ളപ്പോള്‍ ഈ ലോകത്തോട് വിടപറഞ്ഞു. കളിച്ചു നടക്കേണ്ട പ്രായത്തില്‍ അമ്മയെ നഷ്ടപ്പെട്ടതോടെ ജീവിതത്തില്‍ നിരാശയും ദുഖവും നിറഞ്ഞുവെങ്കിലും ഇവയെല്ലാം തരണം ചെയ്യാന്‍ സുധാകരനു കഴിഞ്ഞത് കലയിലെ സമര്‍പ്പണത്തിലൂടെയായിരുന്നു. കുലത്തൊഴിലായ വാദ്യ പഠനമായിരുന്നു മനസ്സിന്റെ വേദനകള്‍ മറയ്ക്കാനുള്ള വഴി. പുലര്‍ച്ചെ എഴുന്നേറ്റ് ദിനചര്യകള്‍ പൂര്‍ത്തിയാക്കി കടന്നപ്പള്ളി വെള്ളാളത്ത് ക്ഷേത്രത്തില്‍ പോയി കൊട്ട് കഴിഞ്ഞ് തിരികെ വീട്ടിലെത്തി കിലോമീറ്ററുകള്‍ നടന്ന് സ്കൂളില്‍ ചെല്ലുമ്പോഴേക്കും ആദ്യപിരീഡ് കഴിഞ്ഞിട്ടുണ്ടാവും. പലപ്പോഴും വഴക്കു കേള്‍ക്കേണ്ടി വരും. എങ്കിലും ഈ അധ്യാപകരുടെ സ്നേഹ വാത്സല്യങ്ങളും അനുഗ്രഹവും തനിക്കു എക്കാലവും ലഭിച്ചുവെന്ന് ഈ യുവാവ് സാക്ഷ്യപ്പെടുത്തുന്നു. വൈകുന്നേരം സ്കൂള്‍ വിട്ടു വന്ന് എല്ലാ കുട്ടികളും കളിക്കാന്‍ പോകുമ്പോള്‍ സുധാകരന് നേരെയെത്തുക അമ്പലത്തിലെ കൊട്ടിനായിരുന്നു. രാത്രിയോടെ വീട്ടിലെത്തി പഠിക്കും. അക്കാലത്ത് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കാന് ആരുമുണ്ടായിരുന്നില്ല. മാത്രമല്ല, മാതാപിതാക്കളുടെ സാന്നിധ്യമില്ലാത്തതിനാല്‍ കടുത്ത മാനസിക അരക്ഷിതാവസ്ഥയിലുമായിരുന്നു.
ചെറുകുന്ന് ആസ്തികാലയത്തിലായിരുന്നു ചെണ്ട പഠനം. അവിടെ ക്ലാസെടുക്കാന്‍ മട്ടന്നൂര്‍ ശങ്കരന് കുട്ടി മാരാര്‍ എത്തുമായിരുന്നു. അവിടെ വെച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ആസ്തികാലയത്തില്‍ ചെറുതാഴം ചന്ദ്രനായിരുന്നു ആദ്യ ഗുരു. പരിയാരം സ്കൂളിലെ പഠനത്തിനു ശേഷം പാലക്കാട് പോയി ചെണ്ട അഭ്യസിച്ചു. പിന്നീട് മട്ടന്നൂര്‍ പഞ്ചവാദ്യ സംഘത്തിനൊപ്പം പത്തു വര്‍ഷത്തോളം പഠനവും പരിശീലനവും. അവിടെ സദനം രാമചന്ദ്രന്, മട്ടന്നൂര്‍ ശങ്കരന് കുട്ടി മാരാരുടെ സഹോദരന് ശിവരാമന് എന്നിവരുടെ കീഴിലായിരുന്നു പഠനം. പിന്നീട് മട്ടന്നൂരിന്റെ പഞ്ചവാദ്യ സംഘത്തില്‍ അംഗമായി. ശിഷ്യന് എന്നതിലുപരി സഹോദരന് എന്ന നിലയിലാണ് മട്ടന്നൂര്‍ എക്കാലവും സുധാകരനോട് ഇടപെഴകിയിരുന്നത്. മട്ടന്നൂരിന്റെ മക്കളായ ശ്രീകാന്ത്, ശ്രീരാജ് എന്നിവരുമായി സുധാകരന് ഈ അടുപ്പവും സ്നേഹവും തിരികെ കാത്തു സൂക്ഷിക്കുന്നു. ഈ കുടുംബത്തിലെ ഒരാളായാണ് തന്നെ പരിഗണിക്കുന്നതെന്നത് സുധാകരനു നല്കുന്ന സന്തോഷവും അഭിമാനവും ചെറുതല്ല. ഇതിനകം മട്ടന്നൂരിനൊപ്പം മുംബൈ, ദില്ലി, ഗുജറാത്ത്, ചെന്നൈ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും കേരളത്തിലെ എണ്ണിയാലൊടുങ്ങാത്ത വേദികളിലും സുധാകരന് പരിപാടിയില്‍ പങ്കുചേര്‍ന്നു. ഓരോ പഞ്ചവാദ്യവും പുതിയ പാഠങ്ങളാണ് തനിക്കു സമ്മാനിക്കുന്നതെന്ന് സുധാകരന് പറയുന്നു. എക്കാലവും കലയെ മാത്രം ഉപാസിച്ചതിനാല്, ദുശീലങ്ങള്‍ കീഴടക്കാത്തതിനു പിന്നില്‍ നല്ല ഗുരുക്കന്മാരുടെ മാതൃകകളും അനുഗ്രഹവും ഉണ്ടെന്നും ഇദ്ദേഹം വിശ്വസിക്കുന്നു.
ഇതിനിടയില്‍ ബല്‍ഗാം ഡിഫന്‍സ് കോളനി, ബംഗളൂരു, ബറോഡ, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ സ്വന്തം നിലയില്‍ പരിപാടികള്‍ അവതരിപ്പിച്ചു. മലയാളി അസോസിയേഷനുകളുടെ ക്ഷണപ്രകാരമാണ് പരിപാടികള്‍ അവതരിപ്പിച്ചത്. കലയില്‍ നിന്നും തുച്ഛമായ വരുമാനം കിട്ടിയിരുന്ന കാലങ്ങളില്‍ താല്‍പ്പര്യമില്ലാതിരുന്നിട്ടും വാഹന ഇടപാടുകള്‍ നടത്തുന്ന കേന്ദ്രം തുറന്നു. ഇതില്‍ നിന്നുള്ള വരുമാനമായിരുന്നു കുറച്ചു കാലം ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. ഇതിനിടയില്‍ ജീവിതത്തില്‍ മറക്കാനാവാത്ത ഒട്ടനവധി സൗഹൃദങ്ങളും കടന്നു വന്നു. കവി കുഞ്ഞുണ്ണി മാഷുമായുള്ള സൗഹൃദമാണ് ഏറ്റവും വിലപ്പെട്ടതായി കരുതുന്നത്. മാഷുടെ മരണം വരെ ഈ അടുപ്പം കാത്തു സൂക്ഷിച്ചു. മാഷ് വടക്കന്‍ ജില്ലകളിലെത്തിയാല്‍ തിരിച്ചുപോകുന്നതുവരെ കൂടെ സുധാകരനും കാണും. ഇടക്ക് തൃശ്ശൂരില്‍ ചെന്നും മാഷെ കാണാറുണ്ടായിരുന്നു. അദ്ദേഹം പകര്‍ന്നു തന്ന അറിവുകള്‍ അമൂല്യമായ നിധിയായി ഈ യുവാവ് ഇപ്പോഴും ഉള്ളില്‍ കാത്തുസൂക്ഷിക്കുന്നു.
കലയെ വില്‍പ്പന ചരക്കാക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നു പറയുന്ന ഈ യുവാവിനു, തെരുവില്‍ ചെണ്ട കൊട്ടുന്നതിനോട് താല്‍പ്പര്യമില്ല. കലയെ കലയായി കാണുന്നവരുടെ മുന്നില്‍ അവതരിപ്പിക്കുമ്പോഴാണ് ഏത് കലയും അംഗീകരിക്കപ്പെടുന്നതെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. ഈ മഹാമാരിക്കാലം ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയെങ്കിലും, ഈ കാലവും കടന്നു പോകുമെന്നും പുതിയ വഴികള്‍ തെളിയുമെന്നും ഇദ്ദേഹം വിശ്വസിക്കുന്നു. ഏതാനും വര്‍ഷം മുമ്പ് പിതാവു കൂടി വിട്ടുപിരിഞ്ഞതോടെ ഇദ്ദേഹം തീര്‍ത്തും ഏകനായി.
കടന്നപ്പള്ളിയില്‍ സ്വപ്രയത്നത്താല്‍ ഒരു വീടുണ്ടാക്കിക്കഴിഞ്ഞു. ഇനി കുടുംബജീവിതത്തിലേക്കു കടക്കാനുള്ള ശ്രമത്തിലാണ്. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായതിനാല്‍, പലപ്പോഴും രാഷ്ട്രീയ വിരോധത്താല്‍ അംഗീകാരങ്ങള്‍ പലതും ലഭിക്കാതെ പോയി. ഇതില്‍ തെല്ലും പരിഭവമില്ല ഈ യുവാവിന്. ആത്മാര്‍ഥമായി കലയെ ഉപാസിക്കുന്നവര്‍ക്കു ജീവിത വിജയമുണ്ടാകുമെന്നാണ് ഇദ്ദേഹം വിശ്വസിക്കുന്നത്. ജീവിതത്തിന്റെ ഉയരങ്ങളിലേക്കു കുതിക്കുമ്പോഴും വിനയവും സഹജീവി സ്നേഹവും കൈവിടാത്ത ഈ യുവാവ് പുതു തലമുറക്കു മാതൃകയാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: