ഹാമില്ട്ടണ്: ഓപ്പണര്‍ സ്മൃതി മന്ദാനയുടെയും വൈസ് ക്യാപറ്റന് ഹര്‍മന്‍പ്രീത് കൗറിന്റെയും സെഞ്ച്വറികളുടെ മികവില്‍ ഇന്ത്യക്ക് ഉശിരന്‍ വിജയം. ഐസിസി വനിതാ ഏകദിന ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ 155 റണ്‍സിന് വിന്‍ഡീസിനെ തോല്‍പ്പിച്ചു. ഈ വിജയത്തോടെ ഇന്ത്യയുടെ സെമി സാധ്യത സജീവമായി.
ടോസ് നേടിയ ബാറ്റു ചെയ്ത ഇന്ത്യ സ്മൃതി മന്ദാന (123), ഹര്‍മന്‍പ്രീത് കൗര്‍ (109 ) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങില്‍ നിശ്ചിത അമ്പത് ഓവറില്‍ എട്ട് വിക്കറ്റിന് 317 റണ്‍സ് കുറിച്ചു. 318 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിനെ ഇന്ത്യ 40.3 ഓവറില്‍ 162 റണ്‍സിന് ഓള് ഔട്ടാക്കി. മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയുടെ രണ്ടാം വിജയമാണിത്. ഇതോടെ നാലു പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി.
സ്മൃതി മന്ദാന 119 പന്തില്‍ 13 ഫോറും രണ്ട് സിക്സറും പൊക്കിയാണ് 123 റണ്‍സ് എടുത്തത്. മന്ദാനയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ഹര്‍മന്‍പ്രീത് കൗര്‍ 107 പന്തില്‍ 109 റണ്‍സ് നേടി. പത്ത് ഫോറും രണ്ട് സിക്സറും ഉള്‍പ്പെട്ട ഇന്നിങ്സ്. യാസ്തിക ഭാട്ടിയ 31 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ മിതാലി രാജ് അഞ്ചു റണ്‍സിന് പുറത്തായി. തുടര്‍ന്ന് വിജയം ലക്ഷ്യമിട്ട് ക്രീസിലെത്തിയ വിന്‍ഡീസിനെ ഇന്ത്യ അനായാസം ചരുട്ടിക്കെട്ടി. സ്നേഹ റാണ 9.3 ഓവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മേഘനാ സിങ് ആറു ഓവറില്‍ 27 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു. ജൂലന്‍ ഗോസ്വാമി, പൂജാ വസ്ത്രാര്‍ക്കര്‍, രാജേശ്വരി ഗെയ്ക്കുവാദ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
വിന്‍ഡീസിനായി ഓപ്പണര്‍മാരായ ഡി. ഡോട്ടിനും ഹെയ്ലി മാത്യുസും മികവ് കാട്ടി. ഡോട്ടിന് 46 പന്തില്‍ പത്ത് ഫോറും ഒരു സിക്സറും സഹിതം 62 റണ്‍സ് അടിച്ചെടുത്തു. ഹെയ്ലി മാത്യുസ് 36 പന്തില്‍ 43 റണ്‍സ് നേടി. രണ്ടാമത്തെ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ ഇന്ത്യ വിന്‍ഡീസിനെതിരെ ശക്തമായ തരിച്ചുവരവാണ് നടത്തിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: