കൊല്‍ക്കത്ത: സ്ലോവേനിയന്‍ മുന്നേറ്റതാരം ലൂക്ക മജ്സെന്നിന്റെ ഹാട്രിക്കില്‍ ഗോകുലം കേരള എഫ്സിക്ക്് കിടിലന്‍ വിജയം. ഐ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം ഈ സീസണിലെ നാലാം മത്സരത്തില്‍ കെങ്കറെ എഫ്സിയെ രണ്ടിനെതിരെ ആറു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഈ വിജയത്തോടെ ഗോകുലത്തിന് നാലു മത്സരങ്ങളില്‍ പത്തുപോയിന്റായി.
ലൂക്ക മജ്സെന്നാണ് ഗോളടി തുടങ്ങിയത്. മൂന്നാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടി. പിന്നീട് 47, 84 മിനിറ്റുകളിലും ഗോള്‍ നേടി മജ്സെന് ഹാട്രിക്ക് തികച്ചു. എം.എസ്് ജിതിന്, താഹിര്‍ സമാന്, മുഹമ്മദ് ഉവൈസ് എന്നിവര്‍ ഓരോ ഗോള്‍ നേടി. കെങ്കറെയ്ക്കായി അകെരാജ് മാര്‍ട്ടിന്‍സും ലെസ്റ്റര്‍ ഫെര്‍ണാണ്ടസുമാണ് സ്കോര്‍ ചെയ്തത്.
ചാമ്പ്യന്മാരുടെ കളി പുറത്തെടുത്ത ഗോകുലം മത്സരത്തിലുടനീളം ആധിപത്യം സ്ഥാപിച്ചു. മൂന്നാം മിനിറ്റില്‍ മാജ്സെന്നിന്റെ ഗോളില്‍ മുന്നിലെത്തിയ ഗോകുലം ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി നേടി. പതിനാറാം മിനിറ്റില്‍ ജിതിനും പതിനെട്ടാം മിനിറ്റില്‍ താഹിര്‍ സമാനുമാണ് ലക്ഷ്യം കണ്ടത്. ഇടവേളയ്ക്ക് ഗോകുലം 3- 0 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോകുലം നാലാം ഗോള്‍ നേടി. മാജ്സെന്നാണ് സ്കോര്‍ ചെയ്തത്. 73-ാം മിനിറ്റില്‍ കെങ്കറെ ഒരു ഗോള്‍ മടക്കി. മാര്‍ട്ടിന്‍സാണ് ഗോള്‍ അടിച്ചത്. 84-ാം മിനിറ്റില്‍ മജ്സെന് തന്റെ മൂന്നാം ഗോളും നേടി ഹാട്രിക്ക് പൂര്‍ത്തിയാക്കി. നിശ്ചിത സമയത്തെ കളിയവസാനിക്കാന്‍ ഒരു മിനിറ്റുള്ളപ്പോള്‍ മുഹമ്മദ് ഉവൈസ്് ഗോകുലത്തിന്റെ ആറാം ഗോള്‍ നേടി. ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റില്‍ കെങ്കറെ ഒരു ഗോള്‍ കൂടി മടക്കി. ഫെര്‍ണാണ്ടസാണ് സ്കോര്‍ ചെയ്തത്.
ഗോകുലം എഫ്സി അടുത്ത മത്സരത്തില്‍ 21 ന് കല്യാണി സ്റ്റേഡിയത്തില്‍ ട്രാവു എഫ്സിയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: