പാലക്കാട്:പേനാക്കത്തിപോലെ മൂർച്ചയേറിയ ആയുധം കൊണ്ട് ആഴത്തിലുള്ള കുത്തേറ്റതാണ് പാലക്കാട്ടെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അരുണ്‍കുമാറിന്റെ മരണത്തിനിടയാക്കിയതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.
ഹൃദയത്തിനാണ് ആഴത്തിലുള്ള കുത്തേറ്റത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സെപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ശരീരത്തില്‍ നിറയെ മുറിവേറ്റിട്ടുണ്ടെന്നും പറയുന്നു.
തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അരുണിന്റെ പോസ്റ്റ്‌മോർട്ടം നടപടികൾ നടന്നത്. ശേഷം പഴയന്നൂർ പ്ലാഴിയിൽ നിന്നും വിലാപയാത്രയായി മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ട് പോയി. പ്ലാഴിയിൽ എത്തിച്ച ഭൗതികദേഹം കേന്ദ്രമന്ത്രി വി.മുരളീധരനാണ് ഏറ്റുവാങ്ങിയത് . വീട്ടിൽ ഒരു മണിക്കൂറോളം പൊതുദർശനത്തിന്‌വെച്ച ശേഷമായിരുന്നു സംസ്‌കാരം. അരുണിനെ അവസാനമായി ഒന്നു കാണാൻ നിരവധി പേര്‍ വീട്ടിലെത്തി. പിന്നീട് അരുൺ കുമാറിന്റെ മൃതദേഹം സംസ്‌കരിച്ചു.
മാർച്ച് രണ്ടിനാണ് ക്ഷേത്രാത്സവത്തെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ അരുണിന് കുത്തേറ്റത്. കൂർത്ത കമ്പി കൊണ്ടും സോഡാ കുപ്പികൾ കൊണ്ടും കുത്തുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അരുൺ കഴിഞ്ഞ 9 ദിവസമായി നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കൊലപാതകത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ആരോപിച്ച ബിജെപി ആലത്തൂർ താലൂക്കിൽ ഹർത്താൽ ആചരിച്ചിരുന്നു. നിരവധി തവണ അരുണിനേയും കുടുംബത്തെയും സിപിഐഎം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ കൊലപാതകത്തിന് പിന്നില്‍ രാഷ്‌ട്രീയമില്ലെന്നാണ് പൊലീസ് നിലപാട്. കൊലയ്‌ക്ക് കാരണം വ്യക്തിവൈരാഗ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: