കര്‍ണാവതി: സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവാഘോഷം സമാജത്തില്‍ സ്വത്വബോധമുണര്‍ത്തുന്നതിനും രാഷ്‌ട്ര ഭാവനയെ സുദൃഢമാക്കുന്നതിനും ഉതകുന്നതാകണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബളെ പറഞ്ഞു. കര്‍ണാവതിയില്‍ നടക്കുന്നആര്‍ എസ് എസ് അഖില ഭാരതീയ പ്രതിനിധി സഭയോടനുബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇത് വ്യക്തമാക്കിയത്. വിദ്യാഭ്യാസം ഭാരത കേന്ദ്രീകൃതമാകണം. അതിലൂടെ വിദ്വാര്‍ത്ഥി സമൂഹത്തിലും യുവാക്കളിലും വികസിത ഭാരതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഉണ്ടാകണം.
സ്വത്വത്തിലൂന്നിയ ജീവിതവീക്ഷണം രാഷ്‌ട്രത്തിന്റെ ഭാവിയെ സുരക്ഷിതമാക്കും. ഭാരതത്തിന്റെ ഏകതയെയും മാതൃഭൂമി എന്ന ഭാവനയേയും ആധ്യാത്മിക ധാരകളെയും ദുര്‍ബലമാക്കാനാണ് ബ്രിട്ടീഷുകാര്‍ ശ്രമിച്ചത്. സ്വദേശീയമായ നമ്മുടെ വിദ്യാഭ്യാസ-രാജനൈതിക സാമ്പത്തിക സങ്കല്പങ്ങളെ അവര്‍ തകര്‍ക്കാന്‍ പരിശ്രമിച്ചു. നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന നമ്മുടെ സ്വാതന്ത്ര്യ സമരം സാര്‍വത്രികവും സര്‍വ്വ മേഖലകളിലും സ്വത്വബോധമുണര്‍ത്താനുള്ള നിരന്തരപരിശ്രമമായിരുന്നു. അത് കേവലം രാഷ്‌ട്രീയമായിരുന്നില്ല.
സ്വാമി ദയാനന്ദ സരസ്വതി, സ്വാമി വിവേകാനന്ദന്‍, മഹര്‍ഷി അരബിന്ദോ. ലാല്‍-ബാല്‍-പാല്‍ ത്രയം, മഹാത്മാഗാന്ധി, വീര സവര്‍ക്കര്‍, നേതാജി സുഭാഷ്ചന്ദ്രബോസ്, ചന്ദ്രശേഖര്‍ ആസാദ്, ഭഗത്സിംഗ്, വേലു നാച്ചിയാര്‍, റാണി ഗൈഡിന്‍ലിയു തുടങ്ങി അറിയപ്പെടുന്നവരും അല്ലാത്തവരുമായ നിരവധി സ്വാതന്ത്ര്യ സമര സേനാനികള്‍ നമ്മുടെ രാഷ്‌ട്ര ഭാവനയെ പ്രബലമാക്കി. ഉറച്ച ദേശഭക്തനായ ഡോ. ഹെഡ്‌ഗേവാറിന്റെ നേതൃത്വത്തില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘവും അതിന്റെ പങ്ക് വഹിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ പല കാരണങ്ങളാല്‍ സ്വത്വബോധം കുറഞ്ഞതാണ് വിഭജനം പോലുള്ള കാര്യങ്ങളിലേക്ക് നയിച്ചത്. സ്വത്വബോധത്തെ എല്ലാ മേഖലകളിലും ഉണര്‍ത്തിയെടുക്കുകയെന്നതാണ് ഇന്നിന്റെ ആവശ്യം.
ഭാരതത്തെ വിജ്ഞാന സമൂഹമായി വികസിപ്പിച്ച് ലോകനേതൃത്വത്തിന്റെ പങ്ക് വഹിക്കാന്‍ ഭാരതത്തെ പ്രാപ്തരാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിനിധി സഭ ഇന്നവസാനിക്കും. അമ്പത്തിഅയ്യായിരം പ്രവര്‍ത്തന കേന്ദ്രങ്ങളില്‍ നിന്ന് ഒരു ലക്ഷം സ്ഥലങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള കര്‍മ്മപദ്ധതിക്ക് പ്രതിനിധി സഭ അന്തിമരൂപം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: