പാലക്കാട്:സംസ്ഥാനത്തുടനീളം രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തുന്ന സിപിഎം, ബജറ്റില്‍ രണ്ട് കോടി രൂപ ലോക സമാധാനത്തിനു വേണ്ടി മാറ്റിവയ്ക്കുന്നതു പോലുള്ള പൊറാട്ട് നാടകങ്ങള്‍ അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്.
യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍ കുമാറിന്റെ കൊലപാതകം വെളിവാക്കുന്നത് കേരളത്തില്‍ ക്രമസമാധാനം പാടെ തകര്‍ന്നു എന്നാണ്. തുടര്‍ഭരണം എന്നാല്‍ തുടര്‍ച്ചയായി കൊലപാതകങ്ങള്‍ നടത്താനുള്ള ലൈസന്‍സ് ആയി സിപിഎം ധരിക്കരുത് എന്നും കേന്ദ്രമന്ത്രി ഓര്‍മ്മിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനും കെ.എന്‍ ബാലഗോപാലിനും അല്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകനെ കൊന്നൊടുക്കിയ ദിവസം തന്നെ ലോക സമാധാനത്തിന് രണ്ടുകോടി രൂപ മാറ്റിവയ്ക്കുന്നു പ്രഖ്യാപനം നടത്തുമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ആദ്യം കേരളത്തിലാണ് പിണറായി സമാധാനം ഉണ്ടാക്കേണ്ടത്.
ബിജെപിക്കാരനായതിനാലാണ് തരൂരിലെ അരുണ്‍കുമാറിനെ സിപിഎം കൊല ചെയ്തത്. ഈ സിപിഎം നിലപാടിനെ കുറിച്ചാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. അതിനെതിരെ ഏറ്റവും കലിതുള്ളിയത്
പ്രതിപക്ഷനേതാവ് വി ഡി സതീശന് ആണെന്ന് വി.മുരളീധരന് വിമര്‍ശിച്ചു. ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി കെ പി സി സി പ്രസിഡന്റിനെതിരെ കൊലവിളി നടത്തി. ഇപ്പോഴും വി.ഡി സതീശന് പിണറായി ഭരണത്തില്‍ കേരളം മാതൃകയാണെന്ന അഭിപ്രായമുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: