തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ആദ്യ ബജറ്റില്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും പൂര്‍ണ്ണമായും ധനമന്ത്രി അവഗണിച്ചുവെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എം. ശിവദാസും ജനറല്‍ സെക്രട്ടറി എസ്.കെ. ജയകുമാറും ആരോപിച്ചു. പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുന്ന കാര്യത്തില്‍ അനുകൂല നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ജീവനക്കാര്‍ വളരെ പ്രതീക്ഷയോടെ കരുതിയിരുന്നതാണ്. എന്നാല്‍ പുനഃപ്പരിശോധന സമിതി റിപ്പോര്‍ട്ട് പോലും പുറത്ത് വിടാതെ തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ജീവനക്കാരുടെ ക്ഷാമബത്ത മൂന്ന് ഗഡു കുടിശ്ശികയായിട്ടും ബജറ്റില്‍ യാതൊരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. കൊവിഡിന്റെ മറവില്‍ മരവിപ്പിച്ച ലീവ് സറണ്ടറിന്റെ കാര്യത്തിലും ബജറ്റ് മൗനം പാലിക്കുകയാണ്. പെന്ഷന് പരിഷ്ക്കരണത്തിന്റെ ഭാഗമായി ലഭിക്കേണ്ട പെന്ഷന് കുടിശ്ശിക അനുവദിക്കാന്‍ പോലും ധനമന്ത്രി തയ്യാറായില്ല. മെഡിസെപ്പില്‍ സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടുത്തുമെന്ന പ്രതീക്ഷയും ധനമന്ത്രി ഇല്ലാതാക്കിയെന്ന് ഫെറ്റോ നേതാക്കള്‍ പറഞ്ഞു. സര്‍ക്കാരിന്റെ വഞ്ചനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്നും നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: