കൊച്ചി: ടാറ്റൂ ചെയ്യുന്നതിന്റെ മറവില്‍ യുവതികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ടാറ്റൂ ആര്‍ട്ടിസ്റ്റ് പി.എസ്. സുജേഷിനെതിരേ പരാതിയുമായി വിദേശ വനിതയും. ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗിക അതിക്രമം കാട്ടിയെന്ന് കൊച്ചി കമ്മിഷണര്‍ക്ക് നല്കിയ പരാതിയില്‍ യുവതി പറയുന്നു. കൊച്ചിയിലെ യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിനിയാണ് വിദേശവനിത. ഇതോടെ സുജേഷിനെതിരായ പരാതികള്‍ വര്‍ധിക്കുകയാണ്.
സുജേഷിനെതിരെ ഇതുവരെ ആറ് പേരാണ് പരാതി നല്‍കിയത്. 2017 മുതല്‍ ലൈംഗിക പീഡനമുണ്ടായെന്നാണ് യുവതികളുടെ മൊഴി. കൂടുതല്‍ പേരെ സുജേഷ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നതിലും പോലീസിന് വ്യക്തത ലഭിച്ചിട്ടുണ്ട്. പരാതി ഉയര്‍ന്നതോടെ ഇയാള്‍ ഒളില്‍ പോയി. ഇതുവരെ ആറ് കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്. നാല് കേസുകള്‍ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂര്‍ സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കം അഞ്ചു വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതിയാണ് അവസാനമായി ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ഇമെയില്‍ വഴിയാണ് യുവതി പരാതി നല്‍കിയത്. ടാറ്റൂ ചെയ്യുന്നതിനിടെ സുജീഷ് തന്നോട് അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസമാണ് ഒരു യുവതി തുറന്നുപറഞ്ഞത്. ഇതിന് പിന്നാലെ തങ്ങള്‍ക്കും സമാനമായ ദുരനുഭവങ്ങളുണ്ടായെന്ന് വ്യക്തമാക്കി കൂടുതല്‍ യുവതികള്‍ രംഗത്തെത്തുകയായിരുന്നു.
സമൂഹിക മാധ്യമങ്ങളിലൂടെയാണ് ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ ആദ്യം യുവതി ആരോപണം ഉന്നയിച്ചത്. ടാറ്റൂ ചെയ്യുമ്പോള്‍ സൂചി മുനയില്‍ നിര്‍ത്തി വസ്ത്രങ്ങള്‍ മാറ്റി ബലാത്സംഗം ചെയ്തെന്നായിരുന്നു ആരോപണം. പിന്നാലെ കൂടുതല്‍ പേര് സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് എത്തുകയായിരുന്നു. എന്നാല്‍ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ മീ ടു ആരോപിച്ച ഒരു യുവതി പരാതിയില്ലെന്ന് മാതാപിതാക്കളോടൊപ്പം എത്തി അറിയിച്ചെന്നാണ് വിവരം. വിഷയത്തില്‍ നിയമ നടപടികളുമായി മുന്നോട്ട് പോവാന്‍ കമ്മീഷണര്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും നടപടികളുമായി മുന്നോട്ട് പോവാനാണ് തീരുമാനം എന്നും മറ്റ് യുവതികള്‍ വ്യക്തമാക്കുന്നു. പരാതിയില്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചതായും യുവതികള്‍ പറഞ്ഞു.
വിഷയത്തില്‍ മാസ് പെറ്റീഷനായി മുന്നോട്ട് പോകുമെന്നും കൂടുതല്‍ പേര് നിയമ പരാതിയുമായി രംഗത്ത് എത്തുമെന്നും യുവതികള്‍ വ്യക്തമാക്കുന്നു. പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി ‘വയാ കൊച്ചി’ എന്ന കൂട്ടായ്മയും രംഗത്തുണ്ട്. നിയമനടപടികളിലും മറ്റും യുവതികളോടൊപ്പം ഉണ്ടാകുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: