ലഖ്നോ: ഉത്തര്‍പ്രദേശില്‍ യോഗി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും എന്‍ജിഒകളും ലിബറലുകള്‍ ചേര്‍ന്ന് സൃഷ്ടിച്ച പ്രതിസന്ധികള്‍ പലതായിരുന്നു- എന്നാല്‍ എല്ലാം മറികടന്ന് ബിജെപിക്ക് ലഭിച്ചത് 2017നെ അപേക്ഷിച്ച് 2.7 ശതമാനം കൂടുതല്‍ വോട്ടുകള്‍. ആകെ ബിജെപി ഉത്തര്‍പ്രദേശില്‍ നേടിയത് 44 ശതമാനം വോട്ടുകളാണ്.
ലഖിംപൂര്‍ഖേരി, ഹത്രാസ്, സ്വാമി പ്രസാദ് മൗര്യ, കോവിഡ് പ്രതിരോധവീഴ്ച..ഇത്രയധികം കൊട്ടിഘോഷിച്ച പ്രതിസന്ധികള്‍ മറികടന്ന് വോട്ട് ശതമാനം ഉയര്‍ത്താന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. അതുപോലെ അഞ്ച് വര്‍ഷം തുടര്‍ച്ചായായി ഭരിച്ചതിനെതിരെയുള്ള ഭരണവിരുദ്ധവികാരത്തെ ഭരണ അനുകൂല വികാരമാക്കി മാറ്റാനും ബിജെപിക്ക് കഴിഞ്ഞു.
തൊട്ടടുത്ത എതിരാളികളായ സമാജ് വാദി പാര്‍ട്ടി 2017നെ അപേക്ഷിച്ച് 12.2 ശതമാനം കൂടുതല്‍ വോട്ടുകള്‍ നേടി. സമാജ് വാദി പാര്‍ട്ടി ആകെ നേടിയത് 36.5 ശതമാനം വോട്ടുകളാണ്. നഗരപ്രദേശങ്ങളിലാണ് ബിജെപി കൂടുതല്‍ വോട്ടുകള്‍ നേടിയത്. ഇവിടെ ബിജെപി 53.5 ശതമാനം വോട്ടുകള്‍ നേടി.
മുസ്ലിം വോട്ടര്‍മാര്‍ കൂടുതലുള്ള പ്രദേശത്ത് പോലും ബിജെപി വോട്ടുശതമാനം വര്‍ധിപ്പിച്ചു. ഇവിടെ 2017നെ അപേക്ഷിച്ച് ബിജെപിയുടെ വോട്ടുകള്‍ 1.9 ശതമാനത്തോളം വര്‍ധിച്ചു. ദളിത് വോട്ടുകളില്‍ ബിജെപിക്ക് 3.6 ശതമാനം വര്‍ധനയുണ്ടായി. പാവപ്പെട്ടവര്‍ കൂടുതലായുള്ള പ്രദേശങ്ങളിലും ബിജെപിയുടെ വോട്ട് ശതമാനം 2.6 ശതമാനം വര്‍ധിച്ചു.
ഇനി യുപിയിലെ വിവിധ മേഖലകള്‍ പരിശോധിക്കാം.
അവധ് മേഖല:
ബിജെപിയുടെ കോട്ടയായ അവധ് മേഖലയില്‍ ബിജെപിയുടെ വോട്ട് ശതമാനത്തില്‍ നാല് ശതമാനം വര്‍ധനയുണ്ടായി. ഇവിടെ ആകെയുള്ള 73 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ 53 ഇടങ്ങളില്‍ വിജയിച്ചു. പക്ഷെ ബിജെപിയുടെ 12 സിറ്റിംഗ് സീറ്റുകള്‍ നഷ്ടമായി. പകരം സമാജ് വാദി പാര്‍ട്ടിയുടെ മൂന്നും ബിഎസ്പിയുടെ രണ്ടും കോണ്‍ഗ്രസിന്റെ ഒന്നും സിറ്റിംഗ് സീറ്റുകള്‍ പുതുതായി ബിജെപി പിടിച്ചെടുത്തു.
പടിഞ്ഞാറന്‍ യുപി:
കര്‍ഷകസമരത്തിന്റെ ചൂടുള്ള പടിഞ്ഞാറന്‍ യുപിയിലെ അര്‍ധ-നഗരങ്ങളിലും നഗരങ്ങളിലും ബിജെപി മുന്നേറ്റം നടത്തി. ഇവിടെ ആകെയുള്ള 44 സീറ്റുകളില്‍ 30ഉം ബിജെപി പിടിച്ചു. ബിഎസ്പിയുടെ ഒരു സിറ്റിംഗ് സീറ്റും പിടിച്ചു.
റുഹേല്‍ഖണ്ഡ്:
മുസ്ലിം ഭൂരിപക്ഷപ്രദേശമായിട്ടും ഇവിടെ ബിജെപിക്ക് 52ല്‍ 29 സീറ്റുകളില്‍ വിജയിക്കാനായി. ഇവിടെ ബിജെപിയുടെ വോട്ട് ശതമാനം 2.4 ശതമാനം വര്‍ധിച്ചു.
ദോആബ്:
ബിജെപി ഇവിടെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. വോട്ട് ശതമാനം 46.5 ആയി ഇവിടെ ഉയര്‍ന്നു. ആകെയുള്ള 73 സീറ്റുകളില്‍ 56ലും ബിജെപി ജയിച്ചു. സമാജ് വാദിയില്‍ നിന്നും രണ്ട് സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്തു.
വടക്കുകിഴക്കന്‍ യുപി
യോഗി ആദിത്യനാഥ് മത്സരിച്ച ഗോരഖ് പൂര് ഉള്‍പ്പെടുന്ന പ്രദേശം. ഇവിടെ ബിജെപി വര്‍ധിത വീര്യത്തോടെ ഉണര്‍ന്ന പ്രദേശമാണ്. ആകെയുള്ള 61 സീറ്റുകളില്‍ 51എണ്ണം ബിജെപി പിടിച്ചു. ഇവിടെ ബിജെപിയുടെ വോട്ട് 4.5 ശതമാനത്തോളം വര്‍ധിച്ച് 46.3 ശതമാനമായി.
കിഴക്കന്‍ യുപി
പൂര്‍വ്വാഞ്ചല്‍ ഉള്‍പ്പെടുന്ന മേഖല. കൗശാംബി, മാവു, അസംഗര്‍, ഗാസിപൂര്‍ എന്നീ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു. ഇവിടെ സമാജ് വാദി ആകെയുള്ള 81 സീറ്റുകളില്‍ 44 സീറ്റുകള്‍ പിടിച്ചു. ബിജെപി 36 സീറ്റുകള്‍ പിടിച്ചു. എങ്കിലും പ്രതിപക്ഷവും മോദി വിരുദ്ധ പത്രമാധ്യമങ്ങളും പാടിയതുപോലെ ബിജെപി തകര്‍ന്നുപോയില്ല. ബിജെപിയുടെ വോട്ട് ശതമാനം അത്ഭുതകരമെന്ന് പറയട്ടെ 1.4 ശതമാനം വര്‍ധിച്ച് 38.4 ശതമാനം രേഖപ്പെടുത്തി.
ബുന്ദേല്‍ഖണ്ഡ്
2017ല്‍ ബിജെപി തൂത്തുവാരിയ മേഖലയായിരുന്നു ഇത്. പക്ഷെ ഇവിടെ മാത്രം ബിജെപിയുടെ വോട്ട് ശതമാനം 0.6 ശതമാനം കുറഞ്ഞ് 45.7 ശതമാനത്തിലെത്തി. ബിജെപിയ്ക്ക് ഇക്കുറി ഇവിടെ ആകെയുള്ള 19ല്‍ 17സീറ്റുകള്‍ നേടാനേ കഴിഞ്ഞുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: