ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്ടര്‍ തകര്‍ന്നുവീണു. വടക്കന്‍ കശ്മീരിലെ ബന്ദിപ്പോറ ഗുരേസ് സെക്ടറിലാണ് അപകടം.
അസുഖബാധിതരായ അതിര്‍ത്തി സുരക്ഷാസേനാംഗങ്ങളെ കൊണ്ടുവരുന്നതിനായാണ് ഹെലികോപ്ടര്‍ പോയത്. അപകട കാരണം വ്യക്തമല്ല. ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോശം കാലാവസ്ഥയെത്തുടര്‍ന്ന് വഴിമാറുകയായിരുന്നു എന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയെന്നു സേനാവൃത്തങ്ങള്‍ അറിയിച്ചു. പൈലറ്റും സഹപൈലറ്റുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. പ്രദേശം മുഴുവന്‍ മഞ്ഞുമൂടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടശേഷം ഇരുവരെയും കാണ്മാനില്ല. ഇവര്‍ക്കായി സുരക്ഷാ സേന തിരച്ചില്‍ തുടരുകയാണ്. അപകടം സംഭവിക്കുമെന്ന് ഉറപ്പായതോടെ ഇരുവരും ഹെലികോപ്റ്ററില്‍ നിന്നും രക്ഷപ്പെട്ടിരിക്കാമെന്നാണ് കരുതുന്നത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: