തിരുവനന്തപുരം : പദ്ധതിയുടെ നടത്തിപ്പ് തന്നെ ചോദ്യ ചിഹ്നമായി നില്ക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് 2000 കോടി. കേന്ദ്ര അനുമതി ഇനിയും ലഭിക്കാത്ത പദ്ധതിക്കായുള്ള സ്ഥലം ഏറ്റെടുക്കലിനെതിരെ എല്ലാ ജില്ലകളില്‍ നിന്നും വന്‍ പ്രതിഷേധം ഉയരുമ്പോള്‍ സ്ഥലം ഏറ്റെടുക്കലിനായാണ് ഈ തുക വകയിരുത്തിയിരിക്കുന്നത്. 63,941 കോടിയാണ് പദ്ധതിയുടെ മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്.
കെ റെയില്‍ സംസ്ഥാനത്ത് വലിയ മാറ്റം ഉണ്ടാക്കുമെന്നും ഭൂമിയേറ്റെടുക്കലിനായി അനുവദിക്കുന്ന 2000 കോടി കിഫ്ബി വഴി ആദ്യ ഘട്ടത്തില്‍ നല്‍കും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ പാതക്ക് കേന്ദ്ര അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയില്‍ അറിയിച്ചു.
പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ 1000 കോടി വകയിരുത്തി. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനത്തിനും വികസനത്തിനുമായും 2000 കോടിയാണ് കോര്പറേഷന് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതില്‍ പകുതി അനുവദിക്കുകയായിരുന്നു. മുന്‍വര്‍ഷവും ആയിരം കോടി രൂപയാണ് നീക്കിവെച്ചത്. കെഎസ്ആര്‍ടിസിക്ക് കീഴില്‍ പുതുതായി 50 പെട്രോള്‍ പമ്പുകള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു. ജീവനക്കാരുടെ ശമ്പളം പോലും കൃത്യമായി നല്കാന് പണമില്ലാത്ത സ്ഥിതിയിലിരിക്കേയാണ് കെഎസ്ആര്‍ടിസിയെ സംസ്ഥാ സര്‍ക്കാര്‍ ഇത്തവണയും തഴഞ്ഞത്.
സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സംസ്ഥാനത്ത് രണ്ടായിരം വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി അറിയിച്ചു. കെ ഫോണ്‍ നെറ്റ് വര്‍ക്കിലൂടെ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കുക, വൈഫൈ കവറേജ് വര്‍ധിപ്പിക്കുക, തീരദേശമത്സ്യബന്ധന ഗ്രാമങ്ങളിലും പിന്നോക്ക ആദിവാസി മേഖലകളിലും വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
നിലവില്‍ സംസ്ഥാനത്ത് ഉടനീളം 2023 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി നാല്‍പ്പത്തിനാലായിരം ഗുണഭോക്താക്കള്‍ക്ക് പ്രതിദിനം എട്ട് ടെറാബൈറ്റ് ഡാറ്റാ ഉപയോഗിക്കാനാകും. പദ്ധതിക്കായി നടപ്പുവര്‍ഷം 16 കോടി രൂപയാണ് മാറ്റിവെയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: