ന്യൂദല്‍ഹി: ഇന്ത്യയുടെ രക്ഷാദൗത്യം ഓപ്പറേഷന് ഗംഗയ്ക്ക് വിജയകരമായ പര്യവസാനം. സുമിയില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യന്‍ സംഘം ഇന്ന് പുലര്‍ച്ചയോടെ ദല്‍ഹിയിലെത്തി. പാള്ട്ടോവയില് നിന്ന് തീവണ്ടി മാര്‍ഗ്ഗം ലിവിവിലും അവിടെ നിന്ന് പോളണ്ടിലും എത്തിയ സംഘമാണ് വിമാനത്തില്‍ ദല്‍ഹിയില്‍ എത്തിയത്.
പോളണ്ടിലെത്തിയ വിദ്യാര്‍ഥി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും നന്ദി അറിയിച്ച് വീഡിയോ സന്ദേശം പങ്കുവെച്ചിരുന്നു. ‘ഞങ്ങള്‍ സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളാണ്. ഞങ്ങള്‍ പോളണ്ടില്‍ എത്തി. ഇന്ത്യന്‍ സര്‍ക്കാരിനും ഉക്രൈന് സര്‍ക്കാരിനും ഞങ്ങള്‍ നന്ദി പറയുന്നു. ഓപ്പറേഷന് ഗംഗ വിജയിപ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറയുന്നു, വിദ്യാര്‍ഥികള്‍ വീഡിയോയില്‍ പറഞ്ഞു.
ആക്രമണം ശക്തമായ സുമിയില്‍ ഇരുനൂറോളം മലയാളികള്‍ അടക്കം 694 വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്, ടുണീഷ്യ എന്നിവിടങ്ങളിലെ പൗരന്മാരും ഇക്കൂട്ടത്തിലുണ്ട്. ഇവരെ 12 ബസുകളിലായി ഇന്ത്യന്‍ എംബസിയുടെയും റെഡ്ക്രോസിന്റെയും വാഹനങ്ങളുടെ അകമ്പടിയോടെ മണിക്കൂറുകളെടുത്താണ് പാള്ട്ടോവയില് എത്തിച്ചത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഹംേഗറിയന് പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനുമായി കഴിഞ്ഞദിവസം ഫോണില്‍ സംസാരിച്ചു. ഉക്രൈനിലെ നിലവിലെ സ്ഥിതിഗതികള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. അടിയന്തര വെടിനിര്‍ത്തല്‍ ഉറപ്പാക്കി നയതന്ത്രത്തിലേക്കും സംഭാഷണത്തിലേക്കും മടങ്ങേണ്ടതിന്റെ ആവശ്യകതയില്‍ ഇരുവരും യോജിപ്പ് പ്രകടിപ്പിച്ചു. ഉക്രൈന് -ഹംഗറി അതിര്‍ത്തിയിലൂടെ ആറായിരത്തിലധികം ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ സഹായിച്ചതിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ഉക്രൈനില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രധാനമന്ത്രി ഓര്ബന് ആശംസകള്‍ നേര്‍ന്നു. അവര്‍ക്ക് വേണമെങ്കില്‍ ഹംഗറിയില്‍ പഠനം തുടരാമെന്ന് അദ്ദേഹം പറഞ്ഞു. ഈ വാഗ്ദാനത്തിന് പ്രധാനമന്ത്രി അദ്ദേഹത്തെ അഭിനന്ദിച്ചു. ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ സംബന്ധിച്ച് സമ്പര്‍ക്കം പുലര്‍ത്താനും
സംഘര്‍ഷം അവസാനിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരാനും നേതാക്കള്‍ സമ്മതിച്ചു. 27 വിദേശ പൗരന്മാരുള്പ്പെടെ 146 പേരുമായി വ്യോമസേനയുടെ 17-ാമത്തെ സി 17 വിമാനം ഇന്നലെ രാവിലെ ദല്‍ഹിയില്‍ ഇറങ്ങി. കേന്ദ്രമന്ത്രി ആര്.ആര്. സിങ്ങിന്റെ നേതൃത്വത്തില്‍ യാത്രക്കാരെ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: