തിരുവനന്തപുരം : നെല്‍കൃഷി വികസനത്തിനായി 76 കോടിയാണ് സംസ്ഥാന ബജറ്റില്‍ ഇത്തവണ വകയിരുത്തിയിരിക്കുന്നത്. നെല്ലിന്റെ താങ്ങുവിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കാര്‍ഷിക മേഖലയുടെ വികസനത്തിനും ലക്ഷ്യമിടുന്നുണ്ട്. വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന കുട്ടനാടിന് ബജറ്റില്‍ ധനമന്ത്രി പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്കം നേരിടാന്‍ കുട്ടനാടിന് 140 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കുട്ടനാട്ടില്‍ നെല്‍കൃഷി ഉത്പ്പാദനം കൂട്ടാന്‍ 58 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു.
പച്ചക്കറി കൃഷിയുടെ പ്രോത്സാഹനത്തിനായി 25 കോടിയാണ് വകയിരുത്തിയിരിക്കുന്നത്. റബൂട്ടാന്‍, ലിച്ചി, അവക്കാഡോ, മാംഗോസ്റ്റിന് എന്നിവയുടെ കൃഷി വ്യാപിപ്പിക്കുന്നതിനുള്ള നടപടികളും സ്ഥാപിക്കും. പൗള്‍ട്രി വികസനത്തിനായി ഏഴരക്കോടിയും വകയിരുത്തിയിട്ടുണ്ട്. മലയോര മേഖലകളില്‍ കോള്‍ഡ് സ്്റ്റോറേജ് ചെയിന്‍ സ്ഥാപിക്കുന്നതിനായി പത്ത് കോടിയും വകയിരുത്തിയിട്ടുണ്ട്.
മലപ്പുറം മൂര്‍ക്കനാട്ടെ പാല്‍പ്പൊടി നിര്‍മാണ കേന്ദ്രത്തിന്റെ നിര്‍മാണം ഈ വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് പ്രവര്‍ത്തനം തുടങ്ങും. കശുവണ്ടി വികസനത്തിനായി പ്രത്യേക ഫണ്ടും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കശുവണ്ടി വ്യവസായത്തിലെ വിവിധ പദ്ധതികള്‍ക്കായി 30 കോടി നല്‍കും. കാഷ്യൂ ഡെവലപ്മെന്റ് കോര്പ്പറേഷന് ആറ് കോടി. കാപ്പക്സിന് നാല് കോടി, കാഷ്യൂ കള്ട്ടിവേഷന് 7.5 കോടി, കാഷ്യു ബോര്‍ഡിന് 7.8 കോടി എന്നിങ്ങനെയാണ് ഫണ്ട് വകയിരുത്തിയിരിക്കുന്നത്.
വീട്ടമ്മമാര്‍ക്ക് വര്‍ക്ക് നിയര്‍ ഹോം പദ്ധതിക്കായി അമ്പതുകോടി രൂപ നീക്കിവെക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതിലൂടെ അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്ക് തൊഴില്‍ ലഭിക്കും. കോവിഡാനന്തരം വര്‍ക്ക് ഫ്രം ഹോം പോലുള്ള ആശയങ്ങള്‍ വലിയ അളവില്‍ തുടര്‍ന്നു പോകാനാണ് സാധ്യത.
ഗ്രാമങ്ങളും ചെറുപട്ടണങ്ങളും കേന്ദ്രീകരിച്ച് ലോകമെമ്പാടുമുളള കമ്പനികള്‍ക്ക് വേണ്ടി ഓണ്‍ലൈനായി തൊഴിലെടുക്കുക എന്ന സാധ്യത ഉപയോഗപ്പെടുത്തേണ്ടതുണ്ട്. വര്‍ക്ക് ഫ്രം ഹോം പോലെ വര്‍ക്ക് നിയര്‍ ഹോം എന്ന ആശയവും സ്വീകാര്യമാവുകയാണ്. ഐടി അധിഷ്ഠിത സൗകര്യങ്ങളുള്ള തൊഴില്‍ കേന്ദ്രങ്ങള്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തുടങ്ങുന്നതോടെ അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്കുള്‍പ്പടെ തൊഴില്‍ ലഭിക്കും. ഈ പദ്ധതിക്കായി 50 കോടി രൂപ നീക്കിവെക്കും. ധനമന്ത്രി നിയമസഭയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: