കൊല്ലം: ‘….മരണം തൊട്ടടുത്ത് കണ്ട നിമിഷങ്ങളായിരുന്നു. വെള്ളമില്ല, ആഹാരമില്ല, 300 കിലോമീറ്ററുകളോളം നടത്തം, അതിനിടയില്‍ കാലിന് പരിക്ക്. പരിക്കേറ്റ് ഇരുന്നിടത്ത് കുറച്ചകലെയായി ഷെല്‍ വീണപ്പോള്‍ മരണം ഉറപ്പിച്ചതാണ്. നാട്ടിലേക്ക് വിളിച്ചപ്പോള്‍ അച്ഛന് തന്ന ആത്മധൈര്യം മാത്രമായിരുന്നു കരുത്ത്. എങ്ങനെയും നാട്ടിലെത്തണം, അച്ഛന്റെ അടുത്ത്. ഹംഗറിയിലും ബുദാപസ്റ്റിലും എങ്ങനെയൊക്കെയോ എത്തി. അവിടെ എംബസി ഉദ്യോഗസ്ഥരുടെ സഹായവും ആത്മാര്‍ഥമായ പരിചരണവും ഒരിക്കലും മറക്കില്ല. അവര്‍ക്കെല്ലാം നന്ദിയുണ്ട്, കേന്ദ്രത്തിലെ മോദിസര്‍ക്കാരിനും. ഉണ്ടായ അനുഭവങ്ങള്‍ എഴുതിയാല്‍ ഒരു പുസ്തകമിറക്കാം, അല്ലെങ്കില്‍ സിനിമ പിടിക്കാം. അത്രയ്ക്കുണ്ട്…’ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയായ വാളത്തുംഗല്‍ പനമൂട്ടില്‍ ആദിത്യരാജ് (19) ഉക്രൈനിലെ അനുഭവം വിവരിച്ചു.
കര്‍ക്കീവിലെ ഫ്ളാറ്റില്‍ താമസിച്ചിരുന്നതില്‍ 30 കുട്ടികള്‍ കൊല്ലം, കൊട്ടാരക്കര സ്വദേശികളാണ്. ബങ്കര്‍ ഇല്ലായിരുന്നു. ഫ്ളാറ്റിന്റെ പാര്‍ക്കിംഗ് അണ്ടര്‍ ഗ്രൗണ്ടിലാണ് കഴിഞ്ഞത്. ഭക്ഷണവും വെള്ളവുമെല്ലാം വളരെ പെട്ടെന്നാണ് തീര്‍ന്നത്. എങ്ങനെയും കിഴക്കോട്ട് യാത്ര ചെയ്ത് ഹംഗറിയിലെത്തി ഇന്ത്യയിലെത്തുകയാണ് പരിഹാരം. യുദ്ധത്തിനിടയില്‍ പലരും കൂട്ടംതെറ്റി പോയി. റെയില്‍വെ സ്റ്റേഷനിലൊക്കെ ഉക്രൈനികള്‍ക്കായിരുന്നു പരിഗണന. ബാക്കിയുള്ളവരോടൊക്കെ അവഗണനയായിരുന്നു. അവിടെയെല്ലാം ബഹളം വച്ചും കേണപേക്ഷിച്ചുമാണ് പരിഹാരം കണ്ടത്.
പെണ്‍കുട്ടികളായിരുന്നു ഏറെയും കഷ്ടപ്പെട്ടത്. എന്തായാലും നാട്ടില്‍ എത്തിയതില്‍ വളരെ സന്തോഷം…. തന്നെ വന്നുകണ്ട ബിജെപി സംസ്ഥാനസമിതിയംഗം എ.ജി. ശ്രീകുമാറിനോടും ആദിത്യരാജ് അനുഭവങ്ങള്‍ പറഞ്ഞു. അമ്മയെ നഷ്ടപ്പെട്ട ആദിത്യരാജ് ഉക്രൈനില്‍ കുടുങ്ങിയതോടെ അച്ഛന് രാജു നാട്ടില്‍ വിഷമിക്കുന്ന വിവരം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: