ലഖ്നോ: എക്സിറ്റ് പോളുകള്‍ എല്ലാം ചേര്‍ത്ത് വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ എന്‍ഡിടിവി പുറത്തിറക്കിയ അന്തിമ എക്സിറ്റ് പോളില്‍ യുപിയില്‍ ബിജെപിയുടെ സീറ്റ് 236 ആയി ചുരുങ്ങിയേക്കുമെന്നാണ് പ്രവചിക്കുന്നത്. എങ്കിലും 403 അംഗ യുപി നിയമസഭയില്‍ ഈ കേവലഭൂരിപക്ഷം സുഖമായി ഭരിക്കാന്‍ ധാരാളം. (എന്നാല്‍ കൂടുതല്‍ വിശ്വാസ്യതയുള്ള ഇന്ത്യ ടുഡേ എക്സിറ്റ് പോള്‍ ബിജെപിയ്ക്ക് പ്രവചിച്ചത് 300ല്‍ പരം സീറ്റുകളാണ്. )
അഞ്ച് വര്‍ഷം യുപി ഭരിച്ച യോഗിയെ വീണ്ടും ജനങ്ങള്‍ നെഞ്ചേറ്റാന്‍ എന്താണ് കാരണം? ഈ ചോദ്യത്തിനാണ് എല്ലാ രാഷ്ട്രീയ പണ്ഡിതന്മാരും ഇപ്പോള്‍ ഉത്തരം തേടുന്നത്. തേടിക്കൊണ്ടിരിക്കുന്നത്. ദല്‍ഹിയില്‍ നിന്നും യുപിയില്‍ തെരഞ്ഞെടുപ്പ് കവര്‍ ചെയ്യാന്‍ വന്ന ജേണലിസ്റ്റുകള്‍ പറഞ്ഞത് യുപിയില്‍ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നുവെന്നാണ്. കാരണം യുപിക്കാര്‍ അങ്ങിനെയാണ്. അവരോട് ചോദ്യങ്ങള്‍ ചോദിച്ചാല്‍ സങ്കടങ്ങളാണ് ആദ്യം പറയുക. അവര്‍ പറയും: ‘കാര്യങ്ങള്‍ മോശമാണ്. ഞങ്ങളുടെ കുടുംബവരുമാനം കഴിഞ്ഞ രണ്ടു വര്‍ഷമായി കുറയുകയാണ്. വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് ജോലിയില്ല. ഞങ്ങളില്‍ പലര്‍ക്കും ജോലി നഷ്ടമായി. കുട്ടികള്‍ക്ക് കോവിഡ് മഹാമാരിയില്‍ പഠിക്കാന്‍ കഴിയുന്നില്ല. ചികിത്സാസഹായമില്ലാത്തതിനാല്‍ ഗ്രാമത്തില്‍ വയസ്സരില്‍ കുറെ പേര് മരിച്ചു. കാര്‍ഷിക വിളകള്‍ തറവിലയ്ക്ക് പോലും വില്ക്കാന് കഴിഞ്ഞില്ല….’-ഇങ്ങിനെ അവര്‍ പരാതി പറഞ്ഞുകൊണ്ടിരിക്കും. എന്നാല്‍ ഇതിനര്‍ത്ഥം യോഗിക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്നല്ല. കാരണം യോഗി ആദിത്യനാഥിന്റെ ഭരണത്തെക്കുറിച്ച് ചോദിച്ചാല്‍ സാധാരണക്കാര്‍ നല്ലതേ പറഞ്ഞിരുന്നുള്ളൂ. ‘ഇത് ഒരു നല്ല സര്‍ക്കാരാണ്. ഒരു പാട് നല്ല ജോലികള്‍ ചെയ്ത സര്‍ക്കാര്‍.’ ഈ സര്‍ക്കാരിന്റെ രണ്ട് നേട്ടങ്ങളെക്കുറിച്ച് ചോദിച്ച് നോക്കൂ- അവര്‍ പറയും. ‘എല്ലാവര്ക്കും പതിവ് ക്വാട്ടയ്ക്കപ്പുറം അധികമായി ധാന്യങ്ങള്‍ ലഭിച്ചു. എല്ലാവര്ക്കും പാചക എണ്ണയും ചണവും ലഭിച്ചു. ‘ ഇനി സമാജ് വാദി പാര്ട്ടിക്കാര് പോലും സമ്മതിക്കുന്ന ഒരു കാര്യമിതാണ്- യുപിയില്‍ ക്രമസമാധാനം മെച്ചപ്പെട്ടു. ഞങ്ങളുടെ സ്ത്രീകള്‍ സുരക്ഷിതരാണെന്ന് എല്ലാവരും പറയുന്നു.
കടുത്ത മോദി വിരുദ്ധനായ കര്‍ഷകസമരത്തിന്റെ മുന്നണിയിലുണ്ടായ യോഗേന്ദ്ര യാദവ് പോലും പറയുന്നത് യുപിയില്‍ താഴെക്കിടയിലുള്ളവര്‍ക്കിടയില്‍ യോഗിയ്ക്കെതിരെ ഒരു വികാരവും ഇല്ലെന്ന് അവിടം സന്ദര്‍ശിച്ചപ്പോള്‍ മനസ്സിലായെന്നാണ്.
ഇതോടെ കര്‍ഷകസമരം കാരണം പൂര്‍വ്വാഞ്ചല്‍ മേഖല ബിജെപിക്ക് നഷ്ടമാകും. ബിജെപിയില്‍ നിന്നുള്ള ചില മന്ത്രിമാര്‍ സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നതോടെ യോഗി സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ ദുര്‍ബലമായി. കുടിയേറ്റ തൊഴിലാളികള്‍ ആദ്യത്തെ ദേശീയ ലോക്ഡൗണ്‍ നടത്തിയപ്പോള്‍ കിലോമീറ്ററുകളോളം ദുരിതം പേറി നടന്നുപോയ അനുഭവങ്ങള്‍ യോഗിവിരുദ്ധവോട്ടുകളായി മാറും. തുടങ്ങിയ പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതീക്ഷകളെല്ലാം തകര്‍ന്നു. എന്‍ഡിടിവി പോലും പറയുന്നത് അതാണ്- ധാന്യങ്ങളും വീടും ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ കൃത്യമായി നടപ്പാക്കിയതും (മോദി പ്രഖ്യാപിച്ചതുപോലെ ശരിക്കും ഡബിള്‍ എഞ്ചിന് സര്‍ക്കാര്‍) അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും കാശി വിശ്വനാഥ് ഇടനാഴി പദ്ധതി- എന്നിവ ബിജെപിയുടെ അടിത്തറ ഉറപ്പിച്ചു. അതുപോലെ യോഗിയുടെ ഗുണ്ടകള്‍ക്കെതിരായ ബുള്‍ഡോസര്‍ മുദ്രാവാക്യവും പാവപ്പെട്ട ജനങ്ങളെ യോഗിയെ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചു. വന്‍ ഹൈവേകള്‍, എണ്ണമറ്റ മെഡിക്കല്‍ കോളെജുകള്‍ എന്നിങ്ങനെ അടിസ്ഥാനസൗകര്യവികസനത്തിന്റെ കാര്യത്തില്‍ കുതിപ്പുതന്നെയുണ്ടായി.
ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോളിലെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത് ബിജെപിക്ക് സ്ത്രീവോട്ടര്‍മാര്‍്ക്കിടയില്‍ നല്ല പിന്തുണ ലഭിച്ചുവെന്നാണ്. അതുപോലെ താക്കൂറായ യോഗിയുടെ ഭരണത്തില്‍ ബ്രാഹ്മണവോട്ടുകളില്‍ ഒട്ടും ചോര്‍ച്ചയുണ്ടായിട്ടില്ലെന്ന് പറയുന്നു. ഉന്നത ജാതിക്കാര്‍ യോഗിയയോടും ബിജെപിയോടും ഉള്ള അവരുടെ കൂറ് തുടര്‍ന്നുവെന്നാണ് പറയുന്നത്. മറ്റ് പിന്നാക്കവിഭാഗങ്ങളും ബിജെപിക്കൊപ്പം ചേര്‍ന്നിട്ടുണ്ട്. അസംതൃപ്തരായ ബിഎസ്പി വോട്ടര്‍മാര്‍ സമാജ് വാദിയിലേക്കല്ല, മറിച്ച് ബിജെപിയിലേക്കാണ് പോയത്. അതുപോലെ അസംതൃപ്തരായ കോണ്‍ഗ്രസ് വോട്ടര്‍മാരും ബിജെപിയിലേക്കാണ് ചാഞ്ഞത്.- എക്സിറ്റ് പോള്‍ ചൂണ്ടിക്കാട്ടുന്നു.
അഖിലേഷ് യാദവിന്റെ പൊതുയോഗങ്ങളിലെ വര്‍ധിച്ച ആള്‍ക്കൂട്ടമാണ് സമാജ് വാദി ജയം ഉറപ്പാണെന്നതിന് ജേണലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയ അടയാളം. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിഞ്ഞു.
എന്തായാലും 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ മൂന്നാമൂഴത്തിന് വേണ്ടി മോദിക്ക് പ്രവര്‍ത്തനമാരംഭിക്കാന്‍ 80 ലോക്സഭാ സീറ്റുകളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ യുപിയിലെ വിജയം വലിയ പ്രചോദനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: