പെരുവ: കെ റെയില്‍, മുളക്കുളത്ത് നഷ്ടമാക്കുന്നത് ഒരു കുടുംബത്തിലെ രണ്ട് വീടുകള്‍ ഉള്‍പ്പടെ 34 ഓളം വീടുകളും ഏകദേശം 100 ഏക്കറിലധികം സ്ഥലവും. കഴിഞ്ഞ അഞ്ച് ദിവസമായി നടന്ന കെ.റെയില്‍ കല്ലിടീല്‍ കഴിഞ്ഞ ദിവസം അവസാനിച്ചു.
മുളക്കുളം പഞ്ചായത്തിലെ അറുനൂറ്റിമംഗലത്ത് പുളിക്കല്‍ സുകുമാരന്റെ പുരയിടത്തില്‍ നിന്ന് തുടങ്ങി മുളക്കുളത്ത് മൂവാറ്റുപുഴയാറിന്റെ തീരത്ത് അവസാനിക്കുന്ന കെ.റെയിലിന് അഞ്ച് കിലോമീറ്ററിലധികം ദൂരം വരും. കുന്നപ്പിള്ളി അരീക്കുന്നേല്‍ സ്വകാര്യ ബസ് ഡ്രൈവറായ ശ്യാമിന്റെയും, സഹോദരന് ഹരികൃഷ്ണന്റെ ഒരു വര്‍ഷം മാത്രം പഴക്കമുള്ള രണ്ട് പുതിയ വീടാണ് കെ.റെയില്‍ കവരുന്നത്. സര്‍വേ നമ്പരിലെ പിശക് മൂലം കല്ലിടാതെ പോയ മുളക്കുളം ധീവരക്കോളനിയിലെ ഏകദേശം പത്തോളം വീടുകളും ഉള്‍പ്പെടെ 34 വീടുകളാണ് പൂര്‍ണ്ണമായും ഭാഗികമായും നഷ്ടമാകുന്നതെന്നാണ് പ്രാഥമിക കണക്ക്.
കൂടാതെ സര്‍വേ ലൈന്‍ കടന്നു പോകുന്നതിന് തൊട്ട് സമീപത്ത് നിരവധി വീടുകളുമുണ്ട്. 25, 20, 15 മീറ്റര്‍ വീതിയിലാണ് സ്ഥലം ഏറ്റെടുക്കുന്നത്. ചെരുവും മലയും ഉള്ള പ്രദേശങ്ങളില്‍ 25 മീറ്ററും, നിരപ്പായ സ്ഥലങ്ങളില്‍ 20 മീറ്ററും പാടത്തു കൂടി 15 മീറ്ററും വീതിയിലാണ് സ്ഥലം ഏറ്റെടുത്തത്. പാടത്തു കൂടി റെയില്‍ പാളം കടന്നു പോകുന്നത് തൂണുകളിലൂടെയായിരിക്കും. ഒന്നര കിലോമീറ്ററോളം ദൂരം ലൈന്‍ കടന്നു പോകുന്നത് പാടത്തു കൂടിയായിരിക്കും. പാടത്ത് ക്യഷി ഇറക്കിയത് കൊണ്ട് കൊയ്ത്ത് കഴിഞ്ഞ ശേഷമായിരിക്കും ഇവിടെ കല്ലിടുന്നത്. അഞ്ച് ദിവസമായി മുളക്കുളം പഞ്ചായത്തില്‍ നടന്ന സര്‍വേ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മുളക്കുളം അമ്പലപ്പടിയില്‍ എത്തിയപ്പോഴാണ് ഗസറ്റില്‍ വിജ്ഞാപനം ചെയ്ത നമ്പരും വില്ലേജിലെ സര്‍വേ നമ്പരും തമ്മില്‍ വ്യത്യാസം കണ്ടത്. സമരസമിതി സംസ്ഥാന നേതാവ് എം.ടി.തോമസിന്റെ പുരയിടത്തില്‍ എത്തിയപ്പോഴാണ് അദ്ദേഹം പരാതിയുമായി രംഗത്തെത്തിയത്.
ഇതോടെ കല്ലിടീല്‍ നിര്‍ത്തിവച്ച്. തുടര്‍ന്ന് ആ പ്രദേശങ്ങളില്‍ ഇട്ട കല്ല് ഉദ്യോഗസ്ഥര്‍ പിഴിത് മാറ്റുകയായിരുന്നു. ഇനി സര്‍വേ നമ്പര്‍ തിരുത്തി ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമേ സര്‍വേ നടപടികള്‍ ആരംഭിക്കുകയുള്ളുവെന്ന് അധിക്യതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: