കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന് തിരിച്ചടി. തുടരന്വേഷണം റദ്ദാക്കണമെന്ന നടന് ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി അനുമതി നല്കി. അടുത്ത മാസം 15നകം തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചു. സിംഗിള്‍ ബെഞ്ചിന്റേതാണു നടപടി.
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണ്ടി വരുമെന്ന് ക്രൈംബ്രാഞ്ച് നേരത്തേ കോടതിയെ അറിയിച്ചിരുന്നു. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കവേയാണ് ഇക്കാര്യം കോടതിയില്‍ അറിയിച്ചത്. സിനിമാ മേഖലയില്‍ നിന്നുള്‍പ്പടെ നിരവധി പേരെ ചോദ്യം ചെയ്യേണ്ടതുണ്ട്. അതിനാല്‍ മൂന്ന് മാസം അധിക സമയം അനുവദിച്ച് നല്‍കണമെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം ആരംഭിച്ചത്. തുടരന്വേഷണത്തിനായി കോടതി പ്രത്യേക സംഘത്തിന് നല്കിയ ഒരുമാസത്തെ സമയപരിധി അവസാനിച്ചപ്പോഴാണ് അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും മൂന്ന് മാസം കൂടുതല്‍ ആവശ്യപ്പെട്ടത്.അതേസമയം, തുടരന്വേഷണം അനുവദിക്കരുതെന്നും അന്വേഷണത്തിലെ പാളിച്ചകള്‍ മറച്ച് വെക്കാനാണ് ഇപ്പോഴത്തെ തുടരന്വേഷണമെന്നും പോലീസ് തനിക്കെതിരെ വ്യാജ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നുമായിരുന്നു ദിലീപ് നേരത്തെ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: