വിനി മഹാജൻ
ജലശക്തി മന്ത്രാലയം സെക്രട്ടറി
“സ്ത്രീകളുടെ സ്ഥിതി മെച്ചപ്പെടാതെ ലോകക്ഷേമം പൂർണ്ണമാകില്ല” – സ്വാമി വിവേകാനന്ദ
രാജ്യത്തെ വെളിയിട വിസർജ്ജന മുക്തമാക്കുകയും, ശുചിത്വ-മാലിന്യ സംസ്കരണ മേഖലയിലെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്ത്, ഗ്രാമീണ ജനതയുടെ ആരോഗ്യത്തിലേക്കും ക്ഷേമത്തിലേക്കും നയിക്കും വിധം ശുചിത്വം ദൃഷ്ടിഗോചരമാക്കുകയും ആയിരുന്നു, 2014-ൽ ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച സ്വച്ഛ് ഭാരത് ദൗത്യം-ഗ്രാമീൺ (SBM-G) പ്രചാരണത്തിന്റെ പ്രാഥമിക ലക്ഷ്യം. ഗ്രാമീണ ജനതയുടെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് സംഭാവന ചെയ്യുകയെന്നതും ദൗത്യത്തിന്റെ ലക്ഷ്യമായിരുന്നു.
ഈ ദിശയിൽ നോക്കുമ്പോൾ പ്രചാരണം പ്രതീക്ഷകൾതീതമായി, അഭൂതപൂർവ്വമായ വിജയം നേടിയെന്ന് മാത്രമല്ല, ജനസമൂഹങ്ങൾക്കിടയിൽ പൗരബോധം വളർത്തിയെടുക്കാനും സഹായിച്ചു: പെരുമാറ്റരീതികളിൽ ഭാവാത്മകമായ പരിവർത്തനത്തിനുതകുന്ന ചര്യാ നവീകരണം; വൈദഗ്ധ്യമുള്ള യുവ പ്രൊഫഷണലുകളുടെ ഒരു നിര സൃഷ്ടിക്കൽ – അവരെ പരിവർത്തനത്തിന്റെയും ബഹുജന പ്രസ്ഥാനത്തിന്റെയും പതാകവാഹകരാക്കി മാറ്റുക തുടങ്ങിയ കാര്യങ്ങളിൽ SBM-G ഗണ്യമായ സംഭാവന നൽകി.
സ്ത്രീ ശാക്തീകരണത്തിന് പ്രോത്സാഹനമേകിയെന്നതാണ് ദൗത്യത്തിന്റെ ഏറ്റവും പ്രധാന ഗുണവശം – സ്ത്രീ സുരക്ഷ മെച്ചപ്പെടുത്തുക, സ്ത്രീകളുടെ അന്തസ്സ് പുനഃസ്ഥാപിക്കുക, ശുചിത്വ വിഷയങ്ങളിൽ സ്ത്രീകളെ ബോധവൽക്കരിക്കുക, ശുചിത്വ-മാലിന്യ സംസ്കരണ മേഖലകളിൽ സ്ത്രീകളുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുക എന്നിങ്ങനെ ബഹുമുഖമായ ഒട്ടേറെ ഗുണഫലങ്ങൾ ഉണ്ടായി. ഈ പ്രയാണത്തിൽ, SBM-G സ്ത്രീകളുടെ അത്മവിശ്വാസം ഉയർത്തുകയും ഏത് സാഹചര്യത്തിലും വിജയിക്കാനുള്ള ശേഷി പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
പ്രചാരണത്തിലുടനീളം ഈ മുന്നേറ്റം ദൃശ്യമായിരുന്നു. സ്ത്രീകൾ ഈ പ്രചാരണത്തെ മുന്നിൽ നിന്ന് നയിച്ചു, പെരുമാറ്റ രീതികളിലെ മാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇൻഫർമേഷൻ, എജ്യുക്കേഷൻ, കമ്മ്യൂണിക്കേഷൻ (IEC) പ്രവർത്തനങ്ങളിൽ അവർ പങ്കാളികളായി; റാണി മിസ്‌ത്രിമാരെപ്പോലെ അവർ ശൗചാലയ നിർമ്മാണത്തിൽ ഏർപ്പെട്ടു; സ്വന്തം കുടുംബങ്ങൾക്ക് ശൗചാലയം ആവശ്യപ്പെട്ട് അവർ സധൈര്യം മുന്നോട്ട് വന്നു; ഗാർഹിക മാലിന്യങ്ങൾ ശേഖരിക്കുന്നതിലും വേർതിരിക്കുന്നതിലും സജീവമായി ഇടപെട്ടു; ആവശ്യം വരുന്ന ഘട്ടങ്ങളിലെല്ലാം സംരംഭകരുടെ കര്‍ത്തവ്യം ഏറ്റെടുത്ത് അവരുടെ കുടുംബങ്ങളുടെ വരുമാനം വർധിപ്പിക്കുകയും ഗ്രാമങ്ങളുടെ പുരോഗതി സാധ്യമാക്കുകായും ചെയ്തു. ഈ മുന്നേറ്റത്തിൽ സ്ത്രീകളെ ബോധവൽക്കരിക്കുന്നതിലും, കൂട്ടായ തീരുമാനങ്ങളെടുക്കുന്നതിന് പ്രോത്സാഹനമേകുന്നതിലും, ആത്മവിശ്വാസവും നൈപുണ്യവും വളർത്തുന്നതിലും വനിതാ സ്വയം സഹായ സംഘങ്ങൾ വഹിച്ച പങ്ക് ഊന്നിപ്പറയേണ്ടതാണ്.
2022 മാർച്ച് 8 ന് ആചരിക്കുന്ന അന്താരാഷ്‌ട്ര വനിതാ ദിനത്തിന്റെ ഈ വർഷത്തെ പ്രമേയം ‘സുസ്ഥിര നാളെയ്‌ക്കായി ഇന്ന് ലിംഗസമത്വം’ എന്നതാണ്. ഈ അന്താരാഷ്‌ട്ര വനിതാ ദിനത്തിൽ, SBM-G ന്റെ വഴിവിളക്കുകളായി തുടർച്ചയായി പ്രവർത്തിച്ചു പോരുന്ന ധീരരായ വനിതകളെ ഞാൻ അഭിനന്ദിക്കുന്നു. ശാക്തീകരണവും ലിംഗസമത്വവും സ്വന്തം കുടുംബത്തിനും അവരുൾപ്പെടുന്ന ജനസമൂഹത്തിനും രാജ്യത്തിനും ഗുണം ചെയ്യുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു.
SBM-G ദൗത്യവും ആർത്തവ ശുചിത്വ മാനേജ്മെന്റും (MHM):
SBM-G ദൗത്യത്തിന്റെ ഒരു പ്രധാന ശ്രദ്ധാ കേന്ദ്രമാണ് ആർത്തവ ശുചിത്വ മാനേജ്‌മെന്റ്. പ്രത്യുത്പാദന പ്രായത്തിൽ (12 മുതൽ 49 വരെ) ലോകജനസംഖ്യയുടെ പകുതിയോളം പേരെ ബാധിക്കുന്ന ഒരു സ്വാഭാവിക ജൈവ പ്രക്രിയയാണ് ആർത്തവം. എന്നാലിന്നും നാണക്കേടും സങ്കോചം ഉണ്ടാക്കുന്ന ഒരു പ്രക്രിയയായി അത് തുടരുകയാണ്. ആർത്തവ അശുദ്ധിയെക്കുറിച്ചുള്ള ആഴത്തിലുള്ള കളങ്കബോധവും ലിംഗ സമത്വത്തിന് തടസ്സം സൃഷ്ടിക്കുന്നു.
ഇന്ത്യയിൽ, ഓരോ വർഷവും വിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞുപോകുന്ന പെൺകുട്ടികളുടെ എണ്ണം ഭീതിജനകമാം വിധം കൂടുതലാണ്. ഈ പെൺകുട്ടികൾ അനുചിതമായ ആർത്തവ ശുചിത്വം കാരണം ആർത്തവാരംഭത്തിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നു. കുടുംബങ്ങളിൽ തലമുറകളായി നിലനിന്നുപോരുന്ന പുരാതന ആചാരങ്ങൾ സാധാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് പെൺകുട്ടികളെ വിലക്കുന്നു. സാനിറ്ററി നാപ്കിനുകളുടെ അഭാവത്തിൽ, പെൺകുട്ടികളും മുതിർന്ന സ്ത്രീകളും, കൂടുതൽ അണുബാധയ്‌ക്ക് കാരണമാകാവുന്ന തരത്തിൽ, ഉപയോഗിച്ച തുണികൾ വീണ്ടും ഉപയോഗിക്കുന്നു.
സ്ത്രീകൾ നേരിടുന്ന ഇത്തരം വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ, ആർത്തവ ശുചിത്വ മാനേജ്മെന്റ് എന്നത് കേവലം ശുചിത്വം മാത്രമല്ല എന്ന യാഥാർത്ഥ്യത്തിലേക്ക് നാം ഉണരേണ്ട സമയമാണിത്. സ്ത്രീകളെ സംരക്ഷിക്കുന്നതിനൊപ്പം അവരുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനും തുല്യ അവസരങ്ങളുള്ള ഒരു ജീവിതം തുറന്ന് നൽകുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്‌പ്പാണിത്.
കൗമാരക്കാരായ പെൺകുട്ടികളെയും സ്ത്രീകളെയും പിന്തുണയ്‌ക്കുന്നതിനായി കുടിവെള്ള, ശുചിത്വ വകുപ്പ് (DDWS) പുറപ്പെടുവിച്ച MHM മാർഗ്ഗനിർദ്ദേശങ്ങളിൽ, സംസ്ഥാന സർക്കാരുകൾ, ജില്ലാ ഭരണകൂടങ്ങൾ, എഞ്ചിനീയർമാർ, ബന്ധപ്പെട്ട വകുപ്പുകളിലെ സാങ്കേതിക വിദഗ്ധർ, വിദ്യാലയ മേധാവിമാർ, അധ്യാപകർ തുടങ്ങിയവർ നിർവ്വഹിക്കേണ്ട പ്രവർത്തനങ്ങൾ വിശദീകരിക്കുന്നു. വീടുകളിലും സ്‌കൂളുകളിലും ശൗചാലയങ്ങൾ നിർമ്മിക്കുന്നതിന് പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത SBM-G അടിവരയിടുന്നു. ഇതിലൂടെ സമഗ്രവും സുരക്ഷിതമായ ആർത്തവ ശുചിത്വ രീതികൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. സ്‌കൂളുകളിലും പൊതു ശൗചാലയങ്ങളിലും നൈപുണ്യ വികസനത്തിനും, സാനിറ്ററി നാപ്കിൻ ഡിസ്പെൻസറുകളും ഇൻസിനറേറ്ററുകളും സ്ഥാപിക്കാനും SBM-G നിർദ്ദേശിക്കുന്നു.
കൂടാതെ, മറ്റ് സർക്കാർ പദ്ധതികളുമായി സംയോജിപ്പിക്കേണ്ട MHM ന്റെ അവശ്യ ഘടകൾ ഏതൊക്കെയെന്ന് MHM ചട്ടക്കൂട് ചൂണ്ടിക്കാട്ടുന്നു. ഇതിൽ – ആർത്തവം സംബന്ധിച്ച ശരിയായ അറിവും വിവരങ്ങളും ലഭ്യമാക്കുക ഉൾപ്പെടുന്നു. സുരക്ഷിതമായ ആർത്തവ ആഗിരണം; വെള്ളവും ശുചിത്വവും, ശുചിത്വ അടിസ്ഥാന സൗകര്യങ്ങൾ, ആർത്തവ ആഗിരണ വസ്തുക്കളുടെ സുരക്ഷിതമായ സംസ്ക്കരണം എന്നിവയും ഉൾപ്പെടുന്നു. കൗമാരക്കാരായ പെൺകുട്ടികൾക്കും സ്ത്രീകൾക്കും മാന്യത നൽകുന്നതിനൊപ്പം കൗമാരപ്രായക്കാരായ പെൺകുട്ടികൾ ആർത്തവസമയത്തും വിദ്യാലയങ്ങളിൽ തുടരാനുള്ള സാധ്യതയും ഈ നടപടികളിലൂടെ വർദ്ധിക്കും.
ഒറ്റത്തവണ ഉപയോഗിക്കാനാവുന്ന സാനിറ്ററി നാപ്കിനുകളിലെ ഘടകമായ പ്ലാസ്റ്റിക്ക് ജീർണ്ണിക്കാത്തതിനാൽ മാലിന്യ നിർമാർജനം ഒരു വെല്ലുവിളിയായി തുടരുന്നു. ഇത് ആരോഗ്യപരമായ വെല്ലുവിളികളുയർത്തുകയും പാരിസ്ഥിതിക പ്രത്യഘാതങ്ങൾക്ക് ഇടയാക്കുകയും ചെയ്യും. ഖരമാലിന്യ സംസ്‌കരണ തന്ത്രത്തിന്റെ ഭാഗമായും പരിസ്ഥിതി സംരക്ഷണത്തിനായും അത്തരം മാലിന്യങ്ങളുടെ ശേഖരണവും നിർമാർജനവും ഗതാഗതവും സംസ്ഥാനങ്ങൾ കാര്യക്ഷമമാക്കേണ്ടതുണ്ട്. ഈ ദിശയിൽ ചില സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും, സ്ഥായിയായതും സുരക്ഷിതവും ഉചിതവുമായ മാലിന്യ സംസ്കരണ പരിഹാരങ്ങൾ കണ്ടെത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ആർത്തവ ശുചിത്വ മാനേജ്‌മെന്റിനെക്കുറിച്ചുള്ള അവബോധവും നൈപുണ്യവും വർദ്ധിപ്പിക്കുന്നതിന് SBM-G ന്റെ IEC യ്‌ക്ക് കീഴിൽ ഫണ്ട് ലഭ്യമാണ്. ഇത്തരം ഉദ്യമങ്ങളുടെ പ്രചരണത്തിന് സ്വയം സഹായ സംഘങ്ങൾ സഹായകമാണ്. ആർത്തവത്തെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകളും വിലക്കുകളും ഇല്ലാതാക്കുന്നതിനും, ആർത്തവത്തെപ്പറ്റി സംസാരിക്കാനും സംശയനിവാരണത്തിനും പെൺകുട്ടികളെയും സ്ത്രീകളെയും പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാനങ്ങൾ വിവിധ പദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.
SBM-G-ന് കീഴിലുള്ള MHM പ്രവർത്തനങ്ങളുടെ സ്വാധീനം:
വിവിധ സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങൾ പരിശോധിച്ചാൽ, മുൻകാലങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിൽ ആർത്തവ സംബന്ധമായ വിഷയങ്ങൾ കൂടുതൽ തുറന്ന് സംസാരിക്കപ്പെടുന്നു. സ്ത്രീകളും പെൺകുട്ടികളും ആർത്തവ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവതികളാണ്. അവർ ലഭ്യതയനുസരിച്ച് സാനിറ്ററി പാഡുകളോ വൃത്തിയുള്ള തുണികളോ ഉപയോഗിക്കുന്നു. മൂന്നാം ദിവസം വരെ കുളിക്കരുതെന്നും, ക്ഷേത്രത്തിലോ അടുക്കളയിലോ പ്രവേശിക്കരുതെന്നും, അച്ചാർ തൊടരുതെന്നുമൊക്കെയുള്ള പുരാതന ആചാരങ്ങളെ അവർ ചോദ്യം ചെയ്യുന്നു. ചില വിദ്യാലയങ്ങളിൽ ഇപ്പോൾ ഇൻസിനറേറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇത് രാജ്യത്തെ എല്ലാ വീടുകളിലേക്കും സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. ഫലപ്രദമായ MHM ഉറപ്പാക്കി, പൂർണ്ണമായ ശേഷി പ്രയോജനപ്പെടുത്താനാവും വിധം സ്ത്രീകളെയും പെൺകുട്ടികളെയും ശാക്തീകരിക്കുന്നതിന് കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമാണ്.
സ്ത്രീ ശാക്തീകരണത്തിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്താനും തുല്യ അവസരങ്ങൾ വാഗ്ദാനം ചെയ്യാനും ജില്ല ഭരണകൂടങ്ങളോട് ഞാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: