തൃശ്ശൂര്‍: വേനല്‍ച്ചൂടില്‍ വൈദ്യുതി ഉപയോഗം വര്‍ധിച്ചു. ചൂടില്‍ നിന്നു രക്ഷ നേടാനായി എയര്‍ കണ്ടിഷണറിന്റെയും ഫാനിന്റെയും ഉപയോഗം വര്‍ധിച്ചതാണ് വൈദ്യുതി ഉപയോഗം കൂടാന്‍ കാരണം. കഴിഞ്ഞ മാസം വരെ സംസ്ഥാനത്ത് പ്രതിദിനം ശരാശരി 79 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗമെങ്കില്‍ ഇപ്പോള്‍ 82.57 ദശലക്ഷം യൂണിറ്റായി വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നിട്ടുണ്ട്. വേനല്‍ ശക്തമാകുന്നതോടെ വൈദ്യുതി ഉപയോഗം ഇനിയും ഉയരുമെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നു.
2021 മാര്‍ച്ച് 19ന് രേഖപ്പെടുത്തിയ 88.42 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗമാണ് കെഎസ്ഇബിയുടെ റെക്കോര്‍ഡ്. ഈ വര്‍ഷം ഈ റെക്കോര്‍ഡ് മറികടക്കുമെന്നാണു വിലയിരുത്തല്‍. സംസ്ഥാനത്തെ വൈദ്യുത വകുപ്പിന്റെ ഡാമുകളില്‍ എല്ലാം കൂടി 2767.93 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ ജലം അവശേഷിക്കുന്നുണ്ട്. ഇത് സംഭരണശേഷിയുടെ 67 ശതമാനമാണ്. ഉപയോഗം വര്‍ധിച്ചതോടെ സംസ്ഥാനത്തെ ആഭ്യന്തര ഉല്‍പാദനവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഉല്‍പാദനം വര്‍ധിപ്പിച്ചതോടെ ഡാമുകളിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങി. ഒക്ടോബറില്‍ മഴ ലഭിച്ചതിനാല്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വെള്ളം സംഭരണികളില്‍ ശേഖരിച്ചിട്ടുണ്ട് എന്നത് ആശ്വാസമാണെന്ന് അധികൃതര്‍ പറയുന്നു.
അതേസമയം ഇപ്രാവശ്യത്തെ വേനല്‍ ചൂട് മുന്‍വര്‍ഷങ്ങളിലെയത്രയുണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ പറയുന്നത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ പ്രീ-മണ്‍സൂണ്‍ സീസണല്‍ പ്രവചനത്തില്‍ മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ ചൂട് സാധാരണയുള്ളതിനേക്കാള്‍ കുറവായിരിക്കുമെന്ന് പറയുന്നു. പ്രവചനത്തിലെ സൂചന പ്രകാരം വലിയ ചൂട് ഉണ്ടാകില്ല എന്നല്ലെന്നും അത്യുഷ്ണം ഭയക്കേണ്ടെന്നുമാണെന്ന് വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ചൂട് പൊതുവേ കുറവായിരുന്നു. നല്ല മഴയും ലഭിച്ചതും ചൂടിന് ആശ്വാസമായി.
മാര്‍ച്ച് മുതല്‍ മേയ് വരെ 361.5 മില്ലീമീറ്റര്‍ മഴയാണു സാധാരണഗതിയില്‍ ലഭിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം 751 മില്ലീ മീറ്റര്‍ മഴ ലഭിച്ചു. സാധാരണയില്‍ നിന്ന് 108 ശതമാനം അധികമാണിത്. ഇത്തവണ അത്രയും പ്രതീക്ഷിക്കേണ്ടെങ്കിലും സാധാരണ ലഭിക്കുന്നതിലും അധികം മഴ ഈ വര്‍ഷം ഉണ്ടാകുമെന്നാണ് സൂചന. വിവിധ കാലാവസ്ഥാ ഏജന്‍സികളുടെ പ്രവചനങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ മിക്കവരും പ്രവചിക്കുന്നതു മുന്‍വര്‍ഷങ്ങളേക്കാള്‍ വേനല്‍മഴയും പതിവില്‍ കുറവ് വേനല്‍ച്ചൂടുമായിരിക്കും ഇത്തവണയെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: