തൃശ്ശൂര്‍: കേരളത്തെ കേരസമൃദ്ധമാക്കാന്‍ പൊള്ളാച്ചിയില്‍ നിന്നെത്തിച്ച് പാകിയ വിത്തുതേങ്ങ മുളച്ചില്ല. കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ‘കേര കേരളം-സമൃദ്ധകേരളം’ പദ്ധതിയിലേക്ക് തെങ്ങിന് തൈ ഉത്പാദിപ്പിക്കാനാണ് പിലിക്കോട് ഉത്തരമേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലേക്ക് പൊള്ളാച്ചിയിലെ സ്വകാര്യ ഫാമില്‍ നിന്നുള്‍പ്പെടെ വിത്തുതേങ്ങ സംഭരിച്ചത്. എന്നാല്‍ ഇവയില്‍ ഭൂരിഭാഗവും മുളച്ചില്ല.
വെള്ളാനിക്കര ഐഎഫിലും എത്തിച്ച തേങ്ങയും മുളച്ചില്ല. പൊള്ളാച്ചി സ്വദേശി തിരുമൂര്‍ത്തിക്കായിരുന്നു ഇതിനായുള്ള ക്വട്ടേഷന്‍ നല്‍കിയിരുന്നത്. ലക്ഷങ്ങളാണ് ഇതിനായി ചെലവഴിച്ചത്. പണം മുഴുവന്‍ ഇയാള്‍ക്ക് നല്‍കുകയും ചെയ്തു. അഞ്ചുവര്‍ഷ കാലയളവില്‍ 15 ലക്ഷം തെങ്ങിന് തൈ നട്ടുവളര്‍ത്താനായിരുന്നു കൃഷിവകുപ്പ് പദ്ധതിയിട്ടത്. അന്നത്തെ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറിന്റെ സ്വപ്നപദ്ധതി കൂടിയായിരുന്ന ഇത്. എന്നാല്‍ കാര്‍ഷിക സര്‍വകലാശാല, സിപിസിആര്‍ഐ, നാളികേര വികസന ബോര്‍ഡ്, കൃഷിവകുപ്പിനു കീഴിലെ തെങ്ങിന് തോട്ടങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ തെങ്ങിന്‍തൈ ഉത്പാദിപ്പിക്കാനാണ് പദ്ധതിയിട്ടത്.
അഞ്ചുവര്‍ഷ കാലയളവില്‍ അഞ്ചുലക്ഷം തൈ കാര്‍ഷിക സര്‍വകലാശാല നല്‍കണം. 2020-21 വര്‍ഷം 20,000 തെങ്ങിന് തൈ പിലിക്കോട് കേന്ദ്രത്തില്‍ ഉത്പാദിപ്പിക്കാന്‍ അന്നത്തെ സ്ഥാപനമേധാവിയും ഫാം ജീവനക്കരും പദ്ധതിയൊരുക്കി. എന്നാല്‍ പൊള്ളാച്ചിയില്‍നിന്ന് ഗുണനിലവാരമില്ലാത്ത വിത്തുതേങ്ങകളാണെത്തിച്ചതെന്ന് അന്നുതന്നെ ആക്ഷേപമുണ്ടായിരുന്നു. അതിനിടെ സര്‍ക്കാര്‍ സീഡ് ഫാമില്‍ നിന്ന് കൃഷി വകുപ്പ് വിതരണം ചെയ്ത പച്ചക്കറി ഗ്രോബാഗിന് ഗുണനിലവാരമില്ലെന്ന് വ്യാപക പരാതിയും ഉയരുന്നുണ്ട്. പച്ചക്കറി പദ്ധതിയുടെ ഭാഗമായി വീട്ടുകാര്‍ക്ക് 200 രൂപ നിരക്കില്‍ 10 പച്ചക്കറി ഗ്രോ ബാഗുകളാണ് വിതരണം ചെയ്യുന്നത്. ജൈവ വളം നിറച്ച ഗ്രോബാഗും തൈകളും പ്രത്യേകമായാണ് നല്‍കുന്നത്. എന്നാല്‍ ഗ്രോബാഗുകളില്‍ മണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് നാട്ടുകാര്‍ പറയുന്നു.
വെള്ളം ഒഴിച്ചു നാട്ടുകാര്‍ പരിശോധന നടത്തുകയും ചെയ്തു. കൃഷി വകുപ്പ് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഗുണനിലവാരം ഉറപ്പാക്കി വിതരണം ചെയ്യുമെന്ന് അറിയിച്ചതായി നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: