സനാ(യമന്‍): യമന്‍ പൗരനെ കൊലപ്പെടുത്തിയതിന് മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ശരിവച്ചു. സനായിലെ അപ്പീൽ കോടതിയാണ് വധശിക്ഷ ശരിവച്ചത്. വധശിക്ഷയ്‌ക്കെതിരെ നിമിഷ അപ്പീൽ കോടതിയെ സമീപിച്ചിരുന്നു. ഇനി നിമിഷ പ്രിയക്ക് അപ്പീൽ നൽകാനാവില്ല. അതേസമയം അപ്പീൽ കോടതിയുടെ വിധി സുപ്രീം കോടതിക്ക് പുനപരിശോധിക്കാം.
യമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ 2017ല്‍ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിനിയായ നിമിഷ പ്രിയയെ സനായിലെ കോടതി നേരത്തെ വധശിക്ഷയ്‌ക്ക് വിധിച്ചത്. അപ്പീലിലെ വാദം കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു. ഹര്‍ജിക്കാരിക്ക് പുതുതായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതിനുളള അവസരമാണ് കോടതി നല്‍കിയിരിക്കുന്നത്. 2017ല്‍ യമന്‍ പൗരനെ പാലക്കാട് സ്വദേശിനിയായ നിമിഷ പ്രിയ കൊലപ്പെടുത്തിയെന്നാണ് കേസ്. മനപൂര്‍വമായിരുന്നില്ലെന്നും തടവിലാക്കി മര്‍ദിച്ചഘട്ടത്തില്‍ രക്ഷപെടാനാണ് ശ്രമിച്ചതെന്നുമാണ് നിമിഷ പ്രിയയുടെ വാദം.
യമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷ പ്രിയയുടെ വാദം. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും നാട്ടുകാരും സനായിലെ കോടതിക്ക് മുന്നില്‍ തടിച്ചുകൂടിയിരുന്നു.സ്ത്രിയെന്ന പരിഗണനയ്‌ക്ക് പുറമെ ആറുവയസ്സുള്ള കുട്ടിയും വൃദ്ധയായ മാതാവും ഉള്ള കാര്യം പരിഗണിക്കണമെന്നാണ് നിമിഷയുടെ അഭിഭാഷകന്‍ പ്രധാനമായും അപ്പീല്‍ കോടതിയില്‍ വാദിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: