ബാംബോലിം: ആവേശപ്പോരാട്ടത്തില്‍ എഫ്സി ഗോവയെ സമനിലയില്‍ പിടിച്ചുനിര്‍ത്തി കേരള ബ്ലാസ്റ്റേഴ്സ് എട്ടാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്ലേ ഓഫില്‍ കടന്നു. ബാംബോലിം അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന സൂപ്പര്‍ പോരാട്ടത്തില്‍ ഇരു ടീമുകളും നാല് ഗോള്‍ വീതം നേടി. ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബ്ലാസ്റ്റേഴ്സ് 20 മത്സരങ്ങളില്‍ 34 പോയിന്റോടെ നാലാം സ്ഥാനക്കാരായി സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. ബ്ലാസ്റ്റേഴ്സിനായി ജോര്‍ഗെ പെരേര രണ്ട് ഗോളും വിന്‍സി ബറേറ്റോ, അല്‍വാരോ വാസ്ക്വസ് എന്നിവരും ഓരോ ഗോള്‍ നേടി. എഫ്സി ഗോവയ്ക്കായി ഐറാം കബ്രേര ഹാട്രിക്ക് കുറിച്ചു. ഡോഹ്ലിംഗ് ഒരു ഗോള്‍ നേടി.
കഴിഞ്ഞ ദിവസത്തെ നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റി എഫ്സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഹൈദരാബാദിനോട് തോറ്റതോടെ ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പായി. 2016 നു ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിന്റെ സെമിയിലെത്തുന്നത്. മത്സരത്തിന്റെ പത്താം മിനിറ്റില്‍ തന്നെ ബ്ലാസ്റ്റേഴസ് മുന്നിലെത്തി. ജോര്‍ഗെ പെരേരയാണ് ഗോള്‍ നേടിയത്. മലയാളി താരം സഹല്‍ അബ്ദുള്‍ സമദും ജൊര്‍ഗെ പെരേയും ചേര്‍ന്ന് നടത്തിയ നീക്കമാണ് ഗോളില്‍ കലാശിച്ചത്. സഹല്‍ നീട്ടിക്കൊടുത്ത് പന്ത് പെരേര ഒന്നാന്തമൊരു ഷോട്ടിലൂടെ എഫ്സി ഗോവയുടെ വലയിലേക്ക് തിരിച്ചുവിട്ടു.
പതിനഞ്ച് മിനിറ്റുകള്‍ക്ക് ശേഷം ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോളും നേടി. പെനാല്‍റ്റിയിലൂടെ ജോര്‍ഗെ പെരരയാണ് രണ്ടാം ഗോളും നേടിയത്. പന്തുമായി മുന്നേറിയ ബ്ലാസ്റ്റേഴ്സ് താരം ചെഞ്ചോ ഗെയ്ല്റ്റ്ഷെയെ ഗോവ എഫ്്സി ഗോളി ഹൃത്വിക്് തിവാരി ബോക്സിനുള്ളില്‍ വീഴ്ത്തിയതിനാണ് റഫറി ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചത്. ഇടവേളയ്ക്ക് ബ്ലാസ്റ്റേഴ്സ് 2-0 ന് മുന്നിട്ടുനിന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ എഫ്്സി ഗോവ ഒരു ഗോള്‍ മടക്കി. നാല്‍പ്പത്തിയൊമ്പതാം മിനിറ്റില്‍ ഐറാം കബ്രേരയാണ് സ്്കോര്‍ ചെയ്തത്. എഡു ബേഡിയയാണ് ഗോളിന് അവസരം ഒരുക്കിയത്. അറുപത്തിമൂന്നാം മിനിറ്റില്‍ കബ്രേര തന്റെ രണ്ടാം ഗോളിലൂടെ ഗോവയ്ക്ക് സമനില നേടിക്കൊടുത്തു. പെനാല്‍റ്റിയിലൂടെയാണ് കബ്രേര ലക്ഷ്യം കണ്ടത്. മലയാളി താരം രാഹുല്‍ കെ.പി ഗോവന്‍ താരം ചോത്തേയെ ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി വിധിച്ചത്.
കളിയവസാനിക്കാന്‍ പതിനൊന്ന് മിനിറ്റ് ശേഷിക്കെ എഫ്സി ഗോവ മൂന്നാം ഗോള്‍ നേടി. ഡോഹ്ലിംഗാണ് ഗോള്‍ നേടിയത്. എണ്‍പത്തിരണ്ടാം മിനിറ്റില്‍ ഗോവ നാലാം ഗോളും നേടി. കബ്രേരയാണ് സ്കോര്‍ ചെയ്തത്. അവസാന നിമിഷങ്ങില്‍ വിന്‍സി ബെറേറ്റോയും അല്‍വാരോ വാസ്ക്വസും ഗോള്‍ നേടി ബ്ലാസ്റ്റേഴ്സിന് സമനിലയൊരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: