കീവ് : റഷ്യന്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ഇടപെട്ട് യുദ്ധം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥനയുമായി ഉക്രൈന്‍. ഇന്ത്യയും റഷ്യയും തമ്മില്‍ മികച്ച നയതന്ത്ര ബന്ധമാണ് ഉള്ളത്. കൂടാതെ യുദ്ധത്തെ തുടര്‍ന്ന് ഉക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് റഷ്യ വഴി ഒഴിപ്പിക്കുന്നതിന് ബസ്സുകള്‍ വിട്ട് നല്‍കുകയും ജനങ്ങള്‍ക്ക് സുരക്ഷിത സ്ഥാനത്തേയ്‌ക്ക് നീങ്ങുന്നതിനായി താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഉക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയാണ് യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
ശനിയാഴ്ച ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിലാണ് യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയെ പ്രത്യേകം പരാമര്‍ശിച്ചു കൊണ്ടായിരുന്നു ദിമിത്രോയുടെ പരാമര്‍ശം. യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടലുകള്‍ നടത്തണം.
ഇന്ത്യ, ചൈന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി സംസാരിച്ചു. വെടിനിര്‍ത്തലിനും തുടര്‍ന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനും റഷ്യയ്‌ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ഈ രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യയുമായി അടുത്ത ബന്ധമുള്ള ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിനു കാര്യങ്ങള്‍ ബോധ്യപ്പെടുത്തി നല്‍കാന്‍ സാധിക്കും. റഷ്യ ആക്രമിച്ചതുകൊണ്ടു മാത്രമാണ് ഉക്രൈന്‍ പോരാടുന്നത്. ഞങ്ങള്‍ക്ക് നാടിനായി പ്രതിരോധിക്കണം. നിലനില്‍പ്പിനായുള്ള ഞങ്ങളുടെ അവകാശത്തെ പുട്ടിന്‍ അംഗീകരിക്കുന്നില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
യുദ്ധം അവസാനിക്കുന്നത് എല്ലാ രാജ്യങ്ങള്‍ക്കും ഗുണകരമാകും. ഉക്രൈന്‍ കാര്‍ഷിക ഉല്‍പന്നങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവാണ് ഇന്ത്യ. യുദ്ധം തുടര്‍ന്നാല്‍ രാജ്യത്തെ കാര്‍ഷിക മേഖല താറുമാറാകും. അതുകൊണ്ടു തന്നെ ആഗോള ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിലും ആശങ്കയുണ്ടാകും. യുദ്ധം എല്ലാവരുടെയും താല്‍പ്പര്യത്തിന് എതിരാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ ബോധ്യപ്പെടുത്താന്‍ ഇന്ത്യ ഉള്‍പ്പെടെ, റഷ്യയുമായി പ്രത്യേക ബന്ധം സൂക്ഷിക്കുന്ന എല്ലാ രാജ്യങ്ങളും തയ്യാറാകണം. യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ഉക്രൈന്‍ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം റഷ്യ- ഉക്രൈന്‍ യുദ്ധം പതിനൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ശനിയാഴ്ച വെടി നിര്‍ത്തല്‍ നടപ്പാക്കി സാധാരണക്കാരായ ജനങ്ങള്‍ക്ക് രക്ഷപ്പെടാന്‍ സമയം നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ 11 മുതല്‍ നാലുവരെ ആക്രമണം നിര്‍ത്താനായിരുന്നു ധാരണ. എന്നാല്‍ നാലുമണിക്കുമുമ്പുതന്നെ റഷ്യ ഷെല്ലാക്രമണം പുനഃരാരംഭിച്ചു. ഇതോടെ തുറമുഖനഗരമായ മരിയോപോളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് നിര്‍ത്തിയതായി ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം യുദ്ധക്കെടുതിയില്‍ പെട്ട സാധാരണക്കാരായ ജനങ്ങളെ സഹായിക്കാന്‍ വേണ്ടി അമേരിക്ക 3000പേരെ ഉക്രൈനിലേക്ക് അയക്കുമെന്ന് വാഷിങ് ടണിലെ ഉക്രൈന്‍ എംബസി പറഞ്ഞു. നിലവില്‍ റഷ്യന്‍ സൈന്യം കീവിലെ ഹൈഡ്രോഇലക്ട്രിക് വൈദ്യുത നിലയം ലക്ഷ്യം വെച്ച് നീങ്ങുകയാണെന്ന് ഉക്രൈന്‍ പറഞ്ഞു. യുക്രൈനിന്റെ സഹായത്തിന് പോളണ്ടും രംഗത്തെത്തി പോളണ്ടിന്റെ പക്കലുള്ള, മിഗ് – 29 യുദ്ധ വിമാനവും എസ് യു – 25 പ്രതിരോധ വിമാനവും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: