കൊച്ചി: വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന-ജനസേവന കേന്ദ്രങ്ങളുടെ ഉദ്ഘാടനം ചലച്ചിത്രതാരം ഉണ്ണി മുകുന്ദന് നിര്‍വഹിക്കുമെന്ന് വിഎച്ച്പി സംസ്ഥാന പ്രചാര്‍ പ്രമുഖ് എസ്. സഞ്ജയന് അറിയിച്ചു. പുല്ലാടുള്ള ശിവപാര്‍വതി ബാലിക സദനത്തോടനുബന്ധിച്ചുള്ള കമ്പ്യൂട്ടര്‍-തയ്യല്‍ പരിശീലന കേന്ദ്രം, ആലപ്പുഴ മണ്ണഞ്ചേരിയിലെ മത്സ്യസംസ്ക്കരണ പരിശീലന കേന്ദ്രം, പാലക്കാട് ദാക്ഷായണി ബാലാശ്രമത്തോട് ചേര്‍ന്നുള്ള കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രം, ഇ സേവാ കേന്ദ്രം എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനമാണ് നാളെ രാവിലെ 11ന് ക്ക് പത്തനംതിട്ട പുല്ലാട് ശിവപാര്‍വതി ബാലികാസദനത്തില്‍ നടക്കുക. വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി അധ്യക്ഷനാകും.
സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്. രാജശേഖരന്, സംസ്ഥാന ഉപാധ്യക്ഷന്‍ വാസുദേവന്‍ നായര്‍, വിഎച്ച്പിയുടെ മറ്റ് പ്രമുഖ കാര്യകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുക്കും. സംസ്ഥാന വ്യാപകമായി ഇത്തരം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും, പരിശീലനം തികച്ചും സൗജന്യമായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
സ്ത്രീകളെയും സ്വയംപര്യാപ്തരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടു കൂടി അശോക് സിംഘാള്‍ കൗശല്‍ വികാസ കേന്ദ്രം എന്ന പേരിലാകും ഈ സംരംഭങ്ങള്‍ അറിയപ്പെടുക. കമ്പ്യൂട്ടര്‍ ക്ലാസ്സുകള്‍ മുതല്‍ തയ്യല്‍ പരിശീലനം വരെ വിവിധ വിഷയങ്ങളില്‍ യുവതീയുവാക്കള്‍ക്ക് ഈ ക്ലാസ്സുകളിലൂടെ പ്രാവിണ്യം നേടാനാകും. പൊതു-സ്വകാര്യ മേഖലകളില്‍ തൊഴില്‍ നേടാനും സംരഭങ്ങള്‍ ആരംഭിക്കാനും ഈ കോഴ്സുകള്‍ വളരെ ഉപകാരപ്രദമാണ്. ആത്മനിര്‍ഭര്‍ ഭാരത് പോലുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ പ്രയോജനപ്പെടുത്തി സംരഭങ്ങള്‍ ആരംഭിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും വിഎച്ച്പി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: