ന്യൂദല്‍ഹി : ഉക്രൈന് നേരെയുള്ള റഷ്യന്‍ ആക്രമണം താത്കാലികമായി നിര്‍ത്തിവെച്ചതിന് പിന്നില്‍ ഇന്ത്യയെന്ന് വിദേശകാര്യ വിദഗ്ധന്‍ ടി.പി. ശ്രീനിവാസന്‍. ഇന്ത്യ സമാധാനത്തോടെയും ശാന്തവുമായാണ് കാര്യങ്ങളെ സമീപിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇന്ത്യക്ക് അനുകൂലമായ കാര്യങ്ങള്‍ സംഭവിക്കുന്നത്. സ്വകാര്യ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രക്ഷാദൗത്യങ്ങള്‍ക്ക് യുദ്ധം തുടരുന്നത് പ്രതികൂലമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ റഷ്യയെ ബന്ധപ്പെടുന്നത്. യുദ്ധം നിര്‍ത്തണമെന്ന് ഇന്ത്യ റഷ്യയോട് ആവശ്യപ്പെടുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. ഉക്രൈനില്‍ നിലവില്‍ അവശേഷിക്കുന്ന വിദേശികളില്‍ ഭൂരിഭാഗവും ഇന്ത്യന്‍ പൗരന്മാരാണ്. അവരെ തിരികകെയെത്തിക്കാന്‍ തന്നെയാണ് ഈ വെടിനിര്‍ത്തല്‍ പ്രഖ്യാപനം.
ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. യുദ്ധഭൂമിയിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നതിനിടയിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഏറെ ആശ്വാസം നല്‍കുന്നതാണ്.
റഷ്യയും ഉക്രൈനും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചപ്പോള്‍ ആദ്യം വിദ്യാര്‍ത്ഥികളാണ് യുദ്ധമില്ല, വരുന്നില്ല എന്ന് പറഞ്ഞത്. അതേ കുട്ടികള്‍ തന്നെയാണ് ഇപ്പോള്‍ ഇന്ത്യയുടെ രക്ഷാദൗത്യം വൈകുന്നു എന്ന് ആരോപണമുന്നയിക്കുന്നത്. ഇപ്പോ ഇവരെ തിരിച്ചെത്തിക്കുന്നതിനാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ജീവന്‍ നഷ്ടപ്പെടാതെ നമ്മുടെ കുട്ടികളെ തിരിച്ചെത്തിക്കാനായത് പ്രധാനമന്ത്രിയുടെ വിജയമാണ്.
മാനുഷിക ഇടനാഴിക്ക് വേണ്ടിയാണ് താത്ക്കാലികമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതെന്ന് റഷ്യന്‍ മാധ്യമമായ ടാസ് റിപ്പോര്‍ട്ട് ചെയ്തു. മാനുഷിക ഇടനാഴിയിലൂടെ റഷ്യയിലേക്കും അയല്‍രാജ്യങ്ങളിലേക്കും വിദേശികള്‍ക്ക് നീങ്ങാം. ഉക്രൈനിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ഈ അവസരം ഉപയോഗിക്കാമെന്നും റഷ്യ അറിയിച്ചു.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതിനായി റഷ്യയ്‌ക്ക് മേല്‍ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് യുദ്ധം താത്കാലികമായി നിര്‍ത്തിവെയ്‌ക്കുകയാണെന്ന് റഷ്യ പ്രഖ്യാപനം നടത്തിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ എത്രയും പെട്ടന്ന് സുരക്ഷിത താവളങ്ങളിലേക്ക് മാറ്റി ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനുള്ള നടപികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചു.
യുദ്ധം തുടങ്ങി പത്താം ദിവസമാണ് റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യന്‍ സമയം രാവിലെ 12. 30 മുതല്‍ അഞ്ചര മണിക്കൂര്‍ നേരത്തേക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ സുമിയില്‍ കുടുങ്ങിയ മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതില്‍ പ്രതിസന്ധി താത്ക്കാലികമായി ഒഴിഞ്ഞിരിക്കുകയാണ്. ഇവരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചശേഷം വ്യോമസേനാ വിമാനംവഴി ഇന്ത്യയിലെത്തിക്കും. വ്യോമസേന പ്രത്യേക സംഘം ഇതിന് പൂര്‍ണ്ണ സജ്ജരായി ഇരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: