കുറവിലങ്ങാട്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോട്ടയം ജില്ലയിലെ മലയോര മേഖല വെന്തുരുകുകയാണ്. രാജ്യത്ത് ഏറ്റവും ചൂട് കൂടുതലുള്ള നഗരങ്ങളില്‍ ഒന്നാം സ്ഥാനം വിയര്‍ത്ത് കുളിച്ചു സ്വന്തമാക്കിയിരിക്കുകയാണ് നമ്മുടെ കോട്ടയം. 37 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് പകല്‍ സമയത്തെ കോട്ടയത്തെ ഇപ്പോഴത്തെ താപനില.
ചൂട് കൂടുതലുള്ള പാലക്കാടിനെ കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി കോട്ടയം പിന്നിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കോട്ടയത്തെ താപനില 37.3 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി രാത്രി തണുത്ത് വിറച്ചും പകല്‍ വിയര്‍ത്ത് കുളിച്ചുമാണ് ജില്ല കഴിയുന്നത്.
രണ്ടുദിവസമായി രാത്രിയില്‍ തണുപ്പ് കൂടുതലായി അനുഭവപ്പെട്ടിരുന്നു. രാത്രിയില്‍ തണുപ്പ് കൂടുന്നതോടെ പകല്‍ വീണ്ടും ചൂടിന് കാഠിന്യമേറുമെന്നാണ് പഴമക്കാരുടെ ഭാഷ്യം. 2020 ഫെബ്രുവരിയില്‍ തന്നെ കോട്ടയത്തെ താപനില 38.5 ഡിഗ്രി ആയിരുന്നു.
കോട്ടയത്ത് രേഖപ്പെടുത്തിയ റെക്കോര്‍ഡ് താപനിലയായ 38.5 ഡിഗ്രി മുന്‍പും വിവിധ വര്‍ഷങ്ങളില്‍ കോട്ടയത്തെ പൊള്ളിച്ചിട്ടുണ്ട്. അവയെല്ലാം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായിരുന്നു.
നഗരത്തില്‍ ചൂട് കൂടുന്നതോടെ ഇനി വരുന്ന ന്യൂനമര്ദ്ദത്തിലാണ് എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍ ന്യൂനമര്ദ്ദമെത്തിയാലും ചൂട് കുറയാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. മാത്രമല്ല കോട്ടയം ഉള്‍പ്പടെ മറ്റു ജില്ലകളിലും വരും ദിവസങ്ങളില്‍ ചൂട് ഇനിയും ഉയരാനാണ് സാധ്യത. താരതമ്യേന ചൂട് കുറവായിരുന്നു കോട്ടയത്ത് അനുഭവപ്പെട്ടിരുന്നത്.
പകല്‍ പുറത്തേക്കിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍. ദിവസേന ശരാശരി താപനിലയില്‍ രണ്ട് ഡിഗ്രി വരെയാണ് വര്‍ധന ഉണ്ടാകുന്നത്. ഏറ്റവും ചൂട് കൂടുതലായിരുന്ന പാലക്കാടിനെ നമുടെ കോട്ടയം പിന്നിലാക്കിയിരിക്കുകയാണ്.
വേനല്‍ മഴയിലെ ലഭ്യത കുറവാണ് ചൂട് കൂടാന്‍ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം പറയുന്നത്. ഇനിയും വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ ചൂട് കൂടാനും കടുത്ത വരള്‍ച്ച ഉണ്ടാകാനുമുള്ള സാധ്യത തള്ളിക്കളയാനാകില്ല. ജനുവരി പകുതിയോടെ തന്നെ ജില്ലയിലെ ജലാശയങ്ങള്‍ വരള്‍ച്ചയുടെ പിടിയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: