തൃശ്ശൂര്‍: ഇറച്ചിക്കോഴിയുടെ വില കുതിച്ചുയരുന്നു. വില പിടിച്ചു നിര്‍ത്താന്‍ നടപടികളില്ല. കോഴിക്ക് റീട്ടെയില്‍ വില കിലോ ഗ്രാമിന് 160 രൂപ വരെയും മൊത്തവ്യാപാര വില 137 ആയും ഉയര്‍ന്നു. കോഴി ഇറച്ചിക്ക് 250 രൂപയാണ് ഇന്നലത്തെ വില. ഒറ്റയടിക്ക് 50 രൂപയാണ് കോഴിക്ക് കൂടിയത്.
അതേസമയം ജില്ലയിലെ നാടന്‍ ഫാമുകളില്‍ ആവശ്യത്തിന് കോഴികളില്ല. കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇറക്കുമതിയാണ് ഏറെയും. തമിഴ്നാട്ടില്‍ കോഴിക്ക് 140 രൂപയും ഇറച്ചിക്ക് 220 രൂപയുമാണ് വില. മൊത്തവ്യാപാരികള്‍ക്ക് വില വര്‍ധന മൂലം വന്‍ ലാഭമാണ് ഉള്ളതെങ്കിലും വില താങ്ങാന്‍ കഴിയുന്നില്ലെന്നാണ് ചെറുകിട വ്യാപാരികള്‍ പറയുന്നത്.
കോഴി വാങ്ങി ഇത് ഇറച്ചിയാക്കി കൊടുക്കുമ്പോള്‍ തൊഴില്‍ കൂലി കഴിഞ്ഞ് 10 രൂപ മാത്രമേ മാര്‍ജിന്‍ കിട്ടുകയുള്ളുവെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നു. വിലക്കയറ്റം കാരണം ചെറുകിട കോഴിക്കടകളില്‍ വില്പനയും വളരെ കുറഞ്ഞു. ഇന്നലെ ചില മേഖലകളില്‍ 50 മുതല്‍ 60 വരെ കിലോഗ്രാം കോഴിയാണ് വിറ്റുപോയത്. മുന്‍കാലങ്ങളില്‍ മൂന്ന് ക്വിന്റല്‍ വരെ വില്പന നടന്നിരുന്നുവെന്ന് വ്യാപാരികള്‍ പറയുന്നു. ജില്ലയില്‍ കോഴി വിലയും കോഴിത്തീറ്റ വിലയും നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ നടപടികളില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
അതിനിടെ, കോഴിത്തീറ്റ വിലയും കുതിക്കുകയാണ്. 28 മുതല്‍ 45 രൂപ വരെയാണ് കോഴിത്തീറ്റ വില. ചൂട് കൂടിയതോടെ ഫാമുകളില്‍ ഉല്പാദന ചെലവും കൂടുതലാണ്. മുട്ടക്കോഴിക്കൃഷി വ്യാപിപ്പിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി മുട്ടക്കോഴികള്‍ വിതരണം ചെയ്യുമ്പോള്‍ ഇറച്ചിക്കോഴി കൃഷിക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന് ഫാമുടമകള്‍ പറയുന്നു.
മീന്‍ വിലയും കുതിക്കുന്നു
കോഴിയുടെ വിലക്കയറ്റത്തിന് പിന്നാലെ മീനും വിലക്കയറ്റത്തില്‍. മത്തിക്ക് പോലും വന്‍ വിലക്കയറ്റത്തോടെ 220 രൂപ വരെ ആയി. അയല 180, അറയ്ക്ക 500 മുതല്‍ 700 വരെ, ആവോലി 600, കരിമീന്‍ 600, ഞണ്ട് 240, കൂന്തല്‍ 280, ചെമ്മീന്‍ 400 എന്നിങ്ങനെയാണ് വില.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് മീനിന് വലിയ വില. മീന്‍ ദൗര്‍ലഭ്യവും ഉള്ളതിനു വിലക്കയറ്റവും കാരണം ഹോട്ടലുകളിലെ വില്പന വിലയെ ബാധിച്ചിട്ടുണ്ട്. നഗരത്തിലെ ഒരു ഹോട്ടലില്‍ നേരിയ വലുപ്പത്തിലുള്ള അറയ്ക്കയ്ക്ക് 150 രൂപയാണ് ഈടാക്കുന്നത്. മീന്‍ വില കൂടുന്നതിനനുസരിച്ചാണ് ഹോട്ടലില്‍ ഉയര്‍ന്ന വില ഈടാക്കേണ്ടി വരുന്നതെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു. ഇന്ധന വില കൂടുന്നതിനനുസരിച്ച് കോഴി, മീന്‍ തുടങ്ങിയവയ്ക്ക് ഇനിയും വില കുതിച്ചു കയറിയേക്കുമെന്ന് വ്യാപാരികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: