കണ്ണൂര്‍ : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്കിയപ്പോള് മുതിര്‍ന്ന നേതാവ് പി. ജയരാജനെ ഉള്‍പ്പെടുത്താത്തതില്‍ പാര്‍ട്ടി സോഷ്യല്‍ മീഡിയ പോരാളികള്ക്കുള്ളില് പ്രതിഷേധം. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പി.ജയരാജനെ അനുകൂലിച്ചുകൊണ്ട് റെഡ് ആര്‍മി ഒഫീഷ്യല്‍ എഫ്ബി പേജില്‍ പോസ്റ്റുകളും പങ്കുവെച്ചിട്ടുണ്ട്.
‘പി.ജയരാജന് സെക്രട്ടേറിയറ്റില്‍ ഇല്ല, പക്ഷേ ജനങ്ങളോടൊപ്പം ഉണ്ട്’, ‘സ്ഥാനമാനങ്ങളില്‍ അല്ല, ജനഹൃദയങ്ങളിലാണ് സ്ഥാനം’ എന്നാണ് റെഡ് ആര്‍മി ഒഫീഷ്യല്‍ എഫ് ബി പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകളില്‍ പറയുന്നത്. ‘കണ്ണൂരിന് ചെന്താരകമല്ലോ ജയരാജന്’ എന്ന പാട്ടും പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജയരാജന് അനുകൂല പോസ്റ്റുകള്‍ ഇടുന്നതില്‍ നിന്ന് ഈ ഫേസ്ബുക്ക് പേജിനെ പാര്‍ട്ടി വിലക്കിയിരുന്നു. എന്നാല്‍ ഇപ്പോഴും ഈ പോസ്റ്റുകള്‍ ഫേസ്ബുക്കിലും വാട്സാപ്പിലും പ്രചരിക്കുകയാണ്. സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുക്കാത്തതില്‍ അനുയായികളുടെ വിമര്‍ശനം ഉയരുന്നതിനിടെയാണ് ഇത്. ആരോപണ വിധേയനായ പി.കെ. ശശിയെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും പി. ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്താതിരുന്നതാണ് പാര്‍ട്ടി അനുഭാവികള്‍ക്കിടയില്‍ ഇത്രയും പ്രതിഷേധം ഉടലെടുക്കാന്‍ കാരണം.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് മൂന്ന് വര്‍ഷമായിട്ടും പി.ജയരാജനെ സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചിട്ടില്ല. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനേയും സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കപ്പെട്ടില്ല. അതിനാല്‍ അദ്ദേഹത്തിന് ജില്ലാ സെക്രട്ടറിയായി തുടരാം. ഇത്തവണ സെക്രട്ടേറിയറ്റിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ച പി.ശ്രീരാമകൃഷ്ണനെയും ഉള്‍പ്പെടുത്തിയില്ല. പുതുതായി വനിതകളേയും സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പി.കെ. ശ്രീമതി മാത്രമാണ് സംസ്ഥാന സെക്രട്ടേറിയറ്റിലെ ഏക വനിതാ സാന്നിധ്യം.
അതേസമയം സീനിയര്‍ നേതാക്കളെയെല്ലാം സെക്രട്ടറിയേറ്റിലെടുക്കാനാകില്ല. ഒരേ ജില്ലയില്‍ നിന്നും കൂടുതല്‍ പേര് ഉള്ളതിനാലാണ് പി ജയരാജനെ ഒഴിവാക്കേണ്ടി വന്നത്. എല്ലാജില്ലകളില്‍ നിന്നുള്ളവര്‍ക്കും അവസരം നല്കേണ്ടതുണ്ടെന്നുമാണ് പി. ജയരാജനെ ഒഴിവാക്കിയതില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി വിശദീകരണം നല്‍കിയിരിക്കുന്നത്.
ആരേയും എഴുതിത്തള്ളാന്‍ കഴിയില്ല. ജയരാജനുമായി പ്രശ്നങ്ങളില്ല. പാര്‍ട്ടിയിലെ സീനിയര്‍ മെമ്പറാണെന്ന് കരുതി എല്ലാവരേയും പാര്‍ട്ടി സെക്രട്ടറിയേറ്റിലേക്ക് എടുക്കാന്‍ കഴിയില്ലെന്നും പ്രവര്‍ത്തനത്തിനുള്ള ആളുകളെ നോക്കി കുറച്ച് പേരെ മാത്രം എടുക്കുകയായിരുന്നുവെന്നും കോടിയേരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: