മോസ്കോ : റഷ്യ- ഉക്രൈന് സംഘര്‍ഷത്തിനിടെ സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള എതിര്‍പ്പ് ശക്തമായതോടെ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് എന്നിവയ്ക്ക് റഷ്യ വിലക്ക് ഏര്‍പ്പെടുത്തി. യുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ റഷ്യന്‍ സര്‍ക്കാര്‍ വിലക്ക് ഏര്പ്പടുത്തിയിട്ടുമുണ്ട്. ജനങ്ങളില്‍ നിന്നും സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധം ഉടലെടുത്ത സാഹചര്യത്തിലാണ് ഈ നടപടി.
അതിനിടെ ബിബിസിയും സിഎന്‍എന്‍ വാര്‍ത്താ ചാനലുകള്‍ റഷ്യയില്‍ സംപ്രേഷണം നിര്‍ത്തി. യുദ്ധവാര്‍ത്തകള്‍ക്ക് കടുത്ത നിയന്ത്രണം വന്നതിന് പിന്നാലെയാണ് നടപടി. ബ്ലൂംബെര്‍ഗ് ന്യൂസും റഷ്യയില്‍ താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. റഷ്യയെ മോശമാക്കുന്ന വാര്‍ത്തകളോട് പുടിന് താല്പര്യമില്ല, അത് പരക്കുന്നത് തടയുന്നതിനാണ് രാജ്യത്ത് സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
ട്വിറ്ററിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടാണ് പുടിന് സര്‍ക്കാര്‍ ആദ്യം നടപടികള്‍ ആരംഭിച്ചത്. പിന്നീട് വിലക്ക് ഫേസ്ബുക്കും മറ്റ് സമൂഹ മാധ്യമങ്ങളിലേക്കും നീളുകയായിരുന്നു. റഷ്യന്‍ സേനയ്ക്കെതിരെ ‘വ്യാജ’ വാര്‍ത്ത നല്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നടപടിയെടുത്താണ് പുടിന് ഇതിന് മറുപടി നല്‍കിയിരിക്കുന്നത്. ബിബിസി റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ ഈ ഉത്തരവിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരിക്കുകയാണ്. യുദ്ധത്തെ ന്യായീകരിച്ചുള്ള വാര്‍ത്തകളെ ചെറുക്കാന്‍ റഷ്യയില്‍ നിന്നുള്ള മാധ്യമങ്ങളെ പാശ്ചാത്യ രാജ്യങ്ങളും വിലക്കി.
യുദ്ധത്തില്‍ നിന്നും പിന്മാറാന് തയ്യാറല്ലെന്ന് അറിയിച്ചതോടെ റഷ്യയെ പാശ്ചാത്യ രാജ്യങ്ങള്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്റര്‍നെറ്റില്‍ നിന്ന് തന്നെ റഷ്യയെ പുറത്താക്കണമെന്ന് യുക്രെയ്ന് ഇതിനിടെ ട്വിറ്ററിലൂടെ ഇന്റര്‍നെറ്റ് കോര്പ്പറേഷന് ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്സിനോട് ആവശ്യപ്പെട്ട് കളഞ്ഞു.എന്നാല്‍ ഇത്തരം വിഷയങ്ങളില്‍ ഇടപെടാനാകില്ലന്നുമാണ് ഇതിന് ഐകാന് നല്കിയ മറുപടി. ഇത് കൂടാതെ റഷ്യന്‍ വെബ് സൈറ്റുകള്‍ക്കെതിരായ ഹാക്കര്‍മാരുടെ യുദ്ധവും ഒരു വശത്ത് തുടരുന്നു. അനോണിമസ് അടക്കമുള്ള സംഘടനകള്‍ റഷ്യന്‍ ഉപഗ്രഹങ്ങളെ വരെ ഉന്നം വയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: