മോസ്‌കോ: സൈന്യത്തെക്കുറിച്ച് നുണ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചാല്‍ പത്രപ്രവര്‍ത്തകരെ പിടിച്ച് ജയിലിലിടുമെന്ന് റഷ്യന്‍പ്രസിഡന്‍റ് പുടിന്‍. ഇതോടെ പല വാര്‍ത്താമാധ്യമങ്ങളും ശിക്ഷ ഭയന്ന് റഷ്യയിലെ പത്രപ്രവര്‍ത്തനം ഉപേക്ഷിച്ച് സ്ഥലംവിടുകയാണ്.
ബ്രിട്ടനിലെ പ്രസിദ്ധ വാര്‍ത്താമാധ്യമമായ ബിബിസി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പറേഷന്‍) റഷ്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. സ്വതന്ത്രപത്രപ്രവര്‍ത്തനപ്രക്രിയ ക്രിമിനല്‍ കുറ്റമായി കാണുന്നുവെന്ന് തോന്നിയതിനാലാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നാണ് ബിബിസിയുടെ വിശദീകരണം.
പക്ഷെ റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തിന്റെ പേരില്‍ അര്‍ധസത്യങ്ങളും നുണകളും പാശ്ചാത്യമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതായി റഷ്യ വിശദീകരിക്കുന്നു. ഉക്രൈനുമായുള്ള സംഘര്‍ഷത്തെ യുദ്ധമെന്ന് വിശേഷിപ്പിക്കുന്നതില്‍ റഷ്യയ്‌ക്ക് തുടക്കം മുതലേ എതിര്‍പ്പുണ്ടായിരുന്നു. ഇത് യുദ്ധമല്ല, പ്രത്യേക സൈനിക ദൗത്യം മാത്രമാണെന്നാണ് റഷ്യയുടെ വിശദീകരണം. റഷ്യയില്‍ നിരന്തരം സമരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്ക് പങ്കുണ്ടെന്നാണ് റഷ്യയുടെ വിശദീകരണം. റഷ്യന്‍ പൗരന്മാരെ അധിക്ഷേപിക്കല്‍, തീവ്രവാദം ഉണര്‍ത്തല്‍, പൊതുസമൂഹത്തിന്റെ ശാന്തതയും സുരക്ഷയ്‌ക്കും വ്യാപകമായി നശിപ്പിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കല്‍ -എന്നിവയുടെ പേരില്‍ പാശ്ചാത്യരാജ്യങ്ങളിലെ പത്രപ്രവര്‍ത്തകരെ റഷ്യ വിമര്‍ശിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് കടുത്ത തീരുമാനങ്ങള്‍ പുടിന്‍ പ്രഖ്യാപിച്ചത്.
റഷ്യയിലെ പ്രസിദ്ധ ചാനലായ ടിവി റെയിന്‍ അവരുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.റേഡിയോ സ്‌റ്റേഷന്‍ എക്കോ ഓഫ് മോസ്‌കോയും പ്രവര്‍ത്തനം നിര്‍ത്തി. യുദ്ധത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയതായി നൊവായ ഗസെറ്റ എന്ന പത്രം അറിയിച്ചു.
ഉക്രൈനിലും പാശ്ചാത്യമാധ്യമങ്ങള്‍ റഷ്യന്‍പട്ടാളക്കാരെ ക്രൂരന്മാരായി ചിത്രീകരിക്കാന്‍ ഗൂഢാലോചന നടത്തുന്നതായി റഷ്യ വെള്ളിയാഴ്ച ആരോപിച്ചു.മനുഷ്യാവകാശപ്രവര്‍ത്തകരും റഷ്യന്‍പട്ടാളക്കാരെ പ്രകോപിപ്പിച്ച ശേഷം ദൃശ്യങ്ങള്‍പകര്‍ത്തി അത്റഷ്യയ്‌ക്കെതിരായഅന്താരാഷ്‌ട്ര രോഷമുണര്‍ത്താന്‍ ശ്രമിക്കുന്നതായും റഷ്യആരോപിക്കുന്നു. ഖാര്‍ക്കീവില്‍ റസിഡന്‍ഷ്യല്‍ ഏരിയയില്‍ നിന്നും റഷ്യന്‍പട്ടാളക്കാരെ ആക്രമിച്ച ശേഷം അവരില്‍ നിന്നും മനപൂര്‍വ്വം പ്രത്യാക്രമണം ക്ഷണിച്ചുവരുത്തുകയും അത് സാധാരണവീട്ടുകാരെ റഷ്യന്‍ പട്ടാളക്കാര്‍ ആക്രമിക്കുന്നതായി ചിത്രീകരിക്കാന്‍ വേണ്ടി ക്യാമറാമാന്‍മാരെ ഒളിപ്പിച്ച്നിര്‍ത്തിയതായും റഷ്യയുടെ പ്രതിരോധവക്താവ് ഇഗൊര്‍ കോനഷെങ്കോവ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: