മൊഹാലി: വിരാട് കോഹ്ലിയുടെ നൂറാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്ങ്സില്‍ ഋഷഭ് പന്ത് താരമായി. ശ്രീലങ്കന്‍ ബൗളര്‍മാരെ അടിച്ചുപരത്തി സെഞ്ച്വറിക്കടുത്ത പ്രകടനം കാഴ്ചവച്ച പന്തിന്റെ മികവില്‍ ഇന്ത്യ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സ് എടുത്തു. അര്‍ധ സെഞ്ച്വറിയിലേക്ക്് നീങ്ങുന്ന രവീന്ദ്ര ജഡേജ 45 റണ്‍സുമായി പുറത്താകാതെ നില്ക്കുന്നു.
സെഞ്ച്വറി ടെസ്റ്റില്‍ കോഹ്ലി സെഞ്ച്വറിയടിക്കുന്നത് കാണാനെത്തിയ അയ്യായിരത്തോളം കാണികളെ നിരാശരാക്കി കോഹ്ലി 45 റണ്‍സിന് കീഴടങ്ങി. എന്നാല്‍ യുവ വിക്കറ്റ് കീപ്പര്‍ ബാ്റ്റ്സ്മാന്‍ ഋഷഭ് പന്ത് തകര്‍ത്തുമുന്നേറി. ഒടുവില്‍ സെഞ്ച്വറിക്ക്് നാലു റണ്‍സ് അരികില്‍ ബാറ്റ് താഴ്ത്തി മടങ്ങി. അടിച്ചുതകര്‍ത്ത ഋഷഭ് പന്ത്് 97 പന്തില്‍ ഒമ്പത് ഫോറും നാലു സിക്സറും പൊക്കി 96 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിട്ടു. ലക്മലാണ് പന്തിനെ പുറത്താക്കിയത്.
76 പന്തില്‍ അഞ്ചു ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 45 റണ്‍സ് എടുത്ത വിരാട് കോഹ്ലി എംബുല്‍ദേനിയയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. മധ്യനിരയിലെ കരുത്തനായ ഹനുമ വിഹാരി അര്‍ധ സെഞ്ച്വറി കുറിച്ചു. 128 പന്തില്‍ 58 റണ്‍സ് നേടി. അഞ്ചു ബൗണ്ടറി ഉള്‍പ്പെട്ട ഇന്നിങ്സ്.
ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തുടക്കം മോശമായില്ല. ആദ്യ വിക്കറ്റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഓപ്പണര്‍ മായങ്ക് അഗര്‍വാളും 52 റണ്‍സ് നേടി. രോഹിതാണ് ആദ്യം വീണത്. 29 റണ്‍സ് നേടിയ രോഹിതിനെ കുമാര പുറത്താക്കി. പിന്നാലെ മായങ്ക് അഗര്‍വാളും മടങ്ങി. അഗര്‍വാള്‍ 49 പന്തില്‍ അഞ്ചു ബൗണ്ടറികളുടെ മികവില്‍ 33 റണ്‍സ് എടുത്തു. തുടര്‍ന്നെത്തിയ വിരാട് കോഹ് ലിയും ഹനുമ വിഹാരിയും മൂന്നാം വിക്കറ്റില്‍ 90 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. കോഹ്ലി പുറത്തായതോടെയാണ് ഈ പാര്‍ട്ട്നര്‍ഷിപ്പ് തകര്‍ന്നത്. പിന്നീട് ഋഷഭ് പന്തും ശ്രേയസ് അയ്യരും അഞ്ചാം വിക്കറ്റില്‍ 53 റണ്‍സ് നേടി. അയ്യര്‍ 48 പന്തില്‍ 27 റണ്‍സുമായി മടങ്ങി.
ശ്രീലങ്കയ്ക്കായി ലസിത് എംബുല്‍ദേനിയ 107 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി. ലക്മല്‍, ഫെര്‍ണാണ്ടോ, കുമാര, ഡിസില്‍വ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ബാറ്റിങ് തെരഞ്ഞെടുത്തു. നൂറാം ടെസ്റ്റ് കളിക്കാനിറങ്ങിയ കോഹ്ലിയെ അനുമോദിക്കുന്ന ചടങ്ങിനുശേഷമാണ് മത്സരം തുടങ്ങിയത്. നൂറാം ടെസ്റ്റ് കളിക്കുന്ന കോഹ്ലിക്ക് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡ് നൂറാം ടെസ്റ്റ് ക്യാപ്പ്് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: